നഴ്സുമാര്‍ സമരം ആരംഭിച്ചു
Published : Saturday,
February 25,
2012
തിരുവനന്തപുരം
വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളെജിലെ നഴ്സുമാര്‍ ഇന്നലെ മുതല്‍ സമരം തുടങ്ങി. നഴ്സുമാര്‍ക്ക് ഇപ്പോഴും 5500 രൂപമാത്രമാണു ശമ്പളം നല്‍കുന്നതെന്നും അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായും സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ആരോപിക്കുന്നു.
ശമ്പളവര്‍ധന നടപ്പാക്കുക, പിരിച്ചുവിട്ട മൂന്നു നഴ്സുമാരെ തിരിച്ചെടുക്കുക, ഡ്യൂട്ടി സമയം നിജപ്പെടുത്തുക, ഓവര്‍ടൈമിനു അധിക വേതനം നല്‍കുക, മാനെജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനം അവസാനിപ്പിക്കുക, ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുക, ഐസിയുവില്‍ രോഗി നഴ്സ് അനുപാതം 1:1 ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സമരം.
സമരത്തില്‍ 250ഓളം ജീവനക്കാര്‍ പങ്കെടുത്തു. സമരം ബിജു വേങ്ങര ഉദ്ഘാടനം ചെയ്തു യൂനിറ്റ് സെക്രട്ടറി മണികണ്ഠന്‍, രമ്യ, ശോഭ എന്നിവര്‍ സംസാരിച്ചു.
ശ്രീഗോകുലം മെഡിക്കല്‍കോളെജില്‍ നഴ്സുമാര്‍ക്ക് ഈമാസം മുതല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതനം നടപ്പാക്കിയതായി മാനെജ്മെന്‍റ് അറിയിച്ചു. കൂടാതെ എട്ടുമണിക്കൂര്‍ ഡ്യൂട്ടിയും നടപ്പാക്കിയിട്ടുണ്ട്.
ഗ്രാമപ്രദേശത്തു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളെജില്‍ ഭൂരിഭാഗവും സാധാരണ രോഗികളാണ് ചികിത്സ തേടുന്നത്. നഴ്സുമാരുടെ വേതനം വര്‍ധിപ്പിക്കുന്നതു വഴി രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് മാനെജ്മെന്‍റ് ആഗ്രഹിക്കുന്നത്. നഴ്സുമാര്‍ക്കു സര്‍ക്കാര്‍ ശമ്പളവര്‍ധനവു നിര്‍ദേശിക്കുന്നതിനു മുമ്പുതന്നെ യോഗ്യതാ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളവര്‍ധനവു നടപ്പാക്കിയിരുന്നു.
മെഡിക്കല്‍കോളെജിന്‍റെ അഡ്മിഷന്‍ കാര്യങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന്‍റെ നിര്‍ദേശം അപ്പാടെ ഗോകുലം മെഡിക്കല്‍കോളെജില്‍ അംഗീകരിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നും ഡയറക്റ്റര്‍ ഡോ. കെ.കെ. മനോജന്‍ വ്യക്തമാക്കി
Close...
Maximum Character Allowed -
4000