വിശദീകരണത്തിനു സമയം വേണം
Published : Sunday,
February 26,
2012
തിരുവനന്തപുരം
അരവിന്ദ്
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാറിനെതിരേയുള്ള നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ പുതിയ നീക്കം. പിറവം ഉപതെരഞ്ഞെടുപ്പിനു മുന്‍പ് റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുന്നതിനാണു ശ്രമം.
ഇതിന്‍റെ ഭാഗമായി ഇന്നലെ ആരോപണ വിധേയനായ അരുണ്‍കുമാര്‍ നിയമസഭാ സമിതിക്കു കത്തു നല്‍കി. മൊഴി നല്‍കിയപ്പോള്‍ ഉന്നയിക്കാത്ത ആവശ്യങ്ങള്‍ അടങ്ങിയതാണു കത്ത്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് തനിക്കു വിശദീകരണം നല്‍കാന്‍ അവസരം തരണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ സാക്ഷികളുടെ മൊഴിപ്പകര്‍പ്പും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമിതി അന്വേഷണത്തില്‍ തനിക്കെതിരേ പലരും മൊഴി നല്‍കിയിട്ടുണ്ടെന്നു മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കേണ്ടതുണ്ട്. ഇതിനായി മൊഴികളുടെ പകര്‍പ്പ് നല്‍കണം. ഒപ്പം റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പായി തന്‍റെ ഭാഗം കേള്‍ക്കണം- നിയമസഭാ സമിതി ചെയര്‍മാന്‍ വി.ഡി. സതീശനു നല്‍കിയ കത്തില്‍ പറയുന്നു.
നിയമസഭാ സമിതിക്കു മുന്നില്‍ 15ാമതായാണ് അരുണ്‍കുമാര്‍ മൊഴി നല്‍കിയത്. ഇതിനുശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുമാണു മൊഴി നല്‍കിയിട്ടുള്ളത്. അരുണ്‍കുമാറിനു മറ്റു സാക്ഷികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യമായിരുന്നുവെങ്കില്‍ നിയമസഭാ സമിതിക്കു മുന്നില്‍ മൊഴി നല്‍കുന്നതിനു മുന്‍പ് ചോദിച്ചു വാങ്ങാമായിരുന്നു. ആരോപണ വിധേയനായ വ്യക്തി മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നിയമസഭാ സമിതി നല്‍കും. ഇതു പഠിച്ച ശേഷം മൊഴി നല്‍കുന്ന സമയത്തു വിശദീകരിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍, അന്ന് ഇക്കാര്യം ഉന്നയിച്ചിരുന്നില്ല.
ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാര്‍ ഹാജരായപ്പോള്‍ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അപ്പോഴും മൊഴികളുടെ പകര്‍പ്പ് അരുണ്‍കുമാര്‍ തേടിയില്ല. റിപ്പോര്‍ട്ട് നല്‍കുന്നതു വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ്.
അരുണ്‍കുമാറിന്‍റെ കത്തു ലഭിച്ചിട്ടുണ്ടെന്നു നിയമസഭാ സമിതി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കത്തിലെ അവ്യക്തത അടക്കം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച അരുണ്‍കുമാറിനു നിയമസഭാ സമിതി മറുപടി നല്‍കും.
Close...
Maximum Character Allowed -
4000