യുഡിഎഫിന്‍റേത് പ്രലോഭനം
Published : Sunday,
February 26,
2012
കൊച്ചി
അനൂപ് ജേക്കബിനു മന്ത്രിസ്ഥാനം നല്‍കുമെന്ന പ്രഖ്യാപനം പിറവം ഉപതെരഞ്ഞെടുപ്പെന്ന പാലം കടക്കാനുള്ള നീക്കം മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ തങ്ങളുടേതാണെന്നു വരുത്തിത്തീര്‍ത്തു യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലെനിന്‍ സെന്‍ററില്‍ ഇടതു മുന്നണി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.
അനൂപിനെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം ജനത്തെ പ്രലോഭിപ്പിക്കാന്‍ മാത്രമാണ്. ഇത് ഉപയോഗിച്ചു പിറവത്തെ പാലം കടക്കാമെന്നത് എളുപ്പത്തില്‍ നടക്കില്ല. പ്രചാരണത്തിനു മറ്റൊന്നും ഇല്ലാതെവരുമ്പോഴാണ് ഇത്തരം ശൈലികള്‍ സ്വീകരിക്കുന്നത്. യുഡിഎഫ് സര്‍ക്കാറിന്‍റെ ഒമ്പതു മാസത്തെ ഭരണത്തിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ അവതരിപ്പിക്കും. ആമ്പല്ലൂരിലെ ഇലക്ട്രോണിക് പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം തുടങ്ങി എല്‍ഡിഎഫ് കൊണ്ടുവന്ന വികസന പദ്ധതികള്‍ ഈ സര്‍ക്കാര്‍ അവരുടേതാക്കിയിരിക്കുകയാണ്. മന്ത്രിസഭയിലെ ആറോ ഏഴോ മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. മന്ത്രിമാരുടെ ഓഫിസുകള്‍ അഴിമതിക്ക് ഇടം നല്‍കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നുവെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.
സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ചു വ്യാപകമായ ചട്ടലംഘനം നടക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. പിറവത്ത് വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നതില്‍ സംശയമില്ല.
സഭാ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ എല്‍ഡിഎഫിന് ഉദ്ദേശ്യമില്ല. തര്‍ക്കം വിശ്വാസികള്‍തന്നെ രമ്യമായി പരിഹരിക്കണം. എന്‍എസ്എസ് എടുത്തിട്ടുള്ള നിലപാടില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. പിറവത്ത് വിജയിക്കുമെന്നതില്‍ എല്‍ഡിഎഫിനു സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പു റാലി മാര്‍ച്ച് മൂന്നിനു പിറവത്തു നടത്താന്‍ യോഗം തീരുമാനിച്ചു. എല്‍ഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കള്‍ റാലിക്കു നേതൃത്വം നല്‍കും. ഇടുക്കി പെരിഞ്ചാംകുടിയില്‍ ആദിവാസിക്കുടിലുകള്‍ തീയിടുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു യോഗം പ്രമേയം പാസാക്കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ.ഇ. ഇസ്മായില്‍, സി.കെ. നാണു, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.എ. അസീസ്, സി. ദിവാകരന്‍, പി.സി. തോമസ്, സുരേന്ദ്രന്‍പിള്ള, ജോര്‍ജ് സെബാസ്റ്റ്യന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000