റെയ്ല്‍വേ: കേരളം പ്രതീക്ഷിക്കുന്നത്
Published : Sunday,
February 26,
2012
ആര്‍.റിന്‍സ്
വിവാദങ്ങളുടെ അകമ്പടിയോടെയെങ്കിലും കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്കു കഴിഞ്ഞദിവസം ആഘോഷമായി തറക്കല്ലിട്ടു. ഫാക്റ്ററി സ്ഥാപിക്കുന്നതു കഞ്ചിക്കോട്ടാണെങ്കിലും തറക്കല്ലിട്ടതു കോട്ട മൈതാനത്തായിരുന്നു.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടത്തുന്നതിലും പദ്ധതി വിഹിതം കുറച്ചതിലും എതിര്‍പ്പു ശക്തമാണ്. പാലക്കാട് കോച്ച് ഫാക്റ്ററിയുടെ കാര്യത്തില്‍ വലിയ അനാസ്ഥയാണു റെയ്ല്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തിനു കോച്ച് ഫാക്റ്ററി പ്രഖ്യാപിച്ച ശേഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലം റായ്ബറേലിയില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്റ്ററി ഇതിനോടകം പ്രവര്‍ത്തന ക്ഷമമായി. മമതാ ബാനര്‍ജിയുടെ ബംഗാളിലെ കോച്ച് ഫാക്റ്ററിയും അധികം വൈകാതെ യാഥാര്‍ഥ്യമാകും.
കോച്ച് ഫാക്റ്ററി വേണമെന്നതു കേരളത്തിന്‍റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. എന്നാല്‍ ഇത് അനുവദിച്ചുകിട്ടുന്നതിനു കേരളത്തിനു വലിയ വില നല്‍കേണ്ടിവന്നു. പാലക്കാട് ഡിവിഷന്‍ വിഭജനത്തിന്‍റെ പേരില്‍ കേരളത്തിനുണ്ടായ നഷ്ടം ഇല്ലാതാക്കാന്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രാലയമാണു കോച്ച് ഫാക്റ്ററിയെന്ന ആശയം മുന്നോട്ടു വച്ചത്. പാലക്കാട് ഡിവിഷന്‍റെ ഭൂരിഭാഗവും സേലം ഡിവിഷനുവേണ്ടി വിഭജിച്ചു നല്‍കിയതോടെ ബജറ്റ് വിഹിതത്തിലുള്‍പ്പെടെ കേരളത്തിനു വലിയ നഷ്ടമുണ്ടായി. അതിനു പകരം വയ്ക്കാവുന്ന ഒന്നല്ല കോച്ച് ഫാക്റ്ററി. 2008ലെ റെയ്ല്‍വേ ബജറ്റിലാണു പാലക്കാട്ട് 5,000കോടി ചെലവു പ്രതീക്ഷിക്കുന്ന കോച്ച് ഫാക്റ്ററി പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ബജറ്റില്‍ കോച്ച് ഫാക്റ്ററിക്കു വേണ്ടി ഒന്നും വകയിരുത്തിയില്ല. ആസൂത്രണ കമ്മീഷന്‍റെ അംഗീകാരം ലഭിക്കാത്തതിനാലാണു തുക അനുവദിക്കാതിരുന്നത് എന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെ നടപടികള്‍ ദ്രുതഗതിയിലായി. ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണു സ്ഥലമേറ്റെടുപ്പു നീങ്ങിയത്. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാത്തതാണു കോച്ച് ഫാക്റ്ററി വൈകാന്‍ കാരണമായതെന്നു കുറ്റപ്പെടുത്തല്‍ ഉയര്‍ന്നതോടെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി.
പൊതുമേഖലയിലാണ് ഫാക്റ്ററി നിര്‍മിക്കുകയെന്ന് ആദ്യം പറഞ്ഞെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടു കൂടി പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രതിവര്‍ഷം 600 കോച്ചുകള്‍ നിര്‍മിക്കുകയാണു ലക്ഷ്യം. കേരളത്തിന്‍റെയും പാലക്കാടിന്‍റെയും വികസനത്തിനു വഴിതെളിക്കും എന്നായിരുന്നു വിലയിരുത്തല്‍. കേരളത്തിന്‍റെ പദ്ധതിക്കു തറക്കല്ലിടാന്‍ ഏറെ വൈകിയെങ്കിലും തറക്കല്ലിട്ടതോടെ സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിക്കു ജീവന്‍ വച്ചെന്നു വേണം കരുതാന്‍.
ഒരു കോച്ച് ഫാക്റ്ററിയില്‍ ഒതുങ്ങുന്നതല്ല കേരളത്തിന്‍റെ റെയ്ല്‍വേ വികസനം. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പുതിയ ട്രെയ്നുകളില്‍ മിക്കതും വാഗ്ദാനം മാത്രമായി ഒതുങ്ങി. പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ല. കേന്ദ്ര റെയ്ല്‍വേ മന്ത്രിമാരും ഉദ്യോഗസ്ഥരും കേരളത്തിലെത്തി റെയ്ല്‍വേ വികസനത്തെക്കുറിച്ചു ചര്‍ച്ച നടത്തിയപ്പോള്‍ സംസ്ഥാനം ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. പറഞ്ഞു പഴകിയ വാക്കുകള്‍ മാത്രമായിരുന്നു കേരളത്തിനു ലഭിച്ചത്. വീണ്ടുമൊരു ബജറ്റു കൂടി വരുന്നു. അടുത്തമാസം റെയ്ല്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. കേരളത്തിന് ഇത്തവണയും പ്രതീക്ഷകളേറെയാണ്.
കേരളത്തിന് ഒരു റെയ്ല്‍വെ സോണ്‍ വേണമെന്ന ആവശ്യം ഏറെനാളായി ഉയര്‍ന്നു കേള്‍ക്കുന്നു. ലഭിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ആവശ്യമാണത്. റെയ്ല്‍വേ സോണിനു പകരം കേരളത്തിനു വേണ്ടത് വെസ്റ്റ്കോസ്റ്റ് സോണ്‍ ആണെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. മുന്‍ കേന്ദ്ര റെയ്ല്‍വേ സഹമന്ത്രിയും മുതിര്‍ന്ന ബിജെപിനേതാവുമായിരുന്ന ഒ.രാജഗോപാല്‍ തന്നെ ഇക്കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു സംസ്ഥാനത്തിനു മാത്രമായി ഒരു സോണ്‍ എന്ന ആവശ്യം പ്രായോഗികമല്ല. ഇക്കാര്യം റെയ്ല്‍വേ അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. അതേസമയം തമിഴ്നാടിന്‍റെയും കര്‍ണാടകത്തിന്‍റെയും ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തീരപ്രദേശങ്ങള്‍ ചേര്‍ന്ന വെസ്റ്റ്കോസ്റ്റ് സോണ്‍ എന്ന ആവശ്യമാണ് കേരളം ഉന്നയിക്കേണ്ടത് എന്ന അഭിപ്രായം ഇതിനോടകം രൂപപ്പെട്ടുകഴിഞ്ഞു. വെസ്റ്റ് കോസ്റ്റ് സോണിന്‍റെ ആസ്ഥാനം കേരളമാകണമെന്ന നിര്‍ദേശവും മുന്നോട്ടുവയ്ക്കണം. കേരളത്തിന്‍റെ വികസനത്തില്‍ വളരെയധികം പ്രാധാന്യം വഹിക്കാന്‍ ഈ സോണിനാകും.
കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും മംഗലാപുരത്തെ തുറമുഖവും കൊച്ചി മെട്രൊയും തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയ്ല്‍ പാതയുമെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ ഈ സോണിനു കൂടുതല്‍ പ്രസക്തിയുണ്ടാകും. വല്ലാര്‍പാടം പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിനംപ്രതി ഒമ്പതോളം ചരക്കു വണ്ടികള്‍ ഇവിടേക്കു വരികയും പോകുകയും ചെയ്യുമെന്നാണു കണക്കാക്കുന്നത്. പുതിയ ട്രെയ്നുകളും സര്‍വീസുകളും തുടങ്ങുന്നതോടെ വെസ്റ്റ് കോസ്റ്റ് സോണിന്‍റെ പ്രസക്തി വര്‍ധിക്കും.
വാജ്പേയ് സര്‍ക്കാരിന്‍റെകാലത്ത് റെയ്ല്‍വെ വികസനത്തിനു കേരളത്തിനു മാത്രമായി ഒരു ചീഫ് എന്‍ജിനിയറെയും ഫിനാന്‍സ് കമ്മിഷണറെയും നിയമിച്ചിരുന്നു. അതിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും ഇവിടെ നിന്നുതന്നെ നല്‍കാനായി. ഇപ്പോള്‍ ഇതിനെല്ലാം ചെന്നൈയിലേക്കു പോകേണ്ട അവസ്ഥയാണുള്ളത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. കൊച്ചുവേളി റെയ്ല്‍വേ സ്റ്റേഷന്‍റേതുള്‍പ്പടെ വികസനത്തിനായി റെയ്ല്‍വേ കോടികള്‍ അനുവദിച്ചെങ്കിലും തുക യഥാസമയം ചെലവഴിക്കാനാകുന്നില്ല. ഈ സാഹചര്യങ്ങള്‍ക്കു മാറ്റമുണ്ടാകുന്ന നിര്‍ദേശങ്ങളും കേരളം റെയ്ല്‍വേ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കേരളത്തിന്‍റെ സമഗ്രമായ ആവശ്യങ്ങള്‍ വിലയിരുത്തി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കി കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ കേരളം തുടര്‍ച്ചായി നേരിടുന്ന പരാജയമാണു റെയ്ല്‍വേ വികസനത്തിലെ പിന്നോക്കാവസ്ഥയ്ക്കു കാരണം. ആവശ്യത്തിനു ദീര്‍ഘദൂര സര്‍വീസുകള്‍ ഇപ്പോള്‍ത്തന്നെ കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ ഇനി ആവശ്യം കേരളത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ ആവശ്യമായ ട്രെയ്നുകളാണ്. മെമു സര്‍വീസുകള്‍ ഇതിനുപകരിക്കും. ഇപ്പോള്‍ പാലക്കാട് ഡിവിഷനില്‍ മെമു സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ മെമു സര്‍വീസുകളാണ് സംസ്ഥാനത്തിന്‍റെ സാഹചര്യത്തിന് ഏറ്റവും ഉചിതം. ഇത്തരം മെമു സര്‍വീസുകള്‍ ഉള്‍പ്പെടുത്തി സബര്‍ബന്‍ റെയ്ല്‍ സര്‍വീസ് ശൃംഖലയുണ്ടാകണം. എറണാകുളം ഹൈക്കോടതിക്കടുത്തു കാടുപിടിച്ചു കിടക്കുന്ന പഴയ റെയ്ല്‍സ്റ്റേഷന്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍ വന്നിറങ്ങിയ റെയ്ല്‍വേ സ്റ്റേഷനെന്ന ചരിത്ര പ്രാധാന്യവും ഈ റെയ്ല്‍വേ സ്റ്റേഷനുണ്ട്. ഇത്തരമൊരു ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ശബരി റെയ്ലും നിലമ്പൂര്‍- നഞ്ചന്‍കോട് പാതയും റെയ്ല്‍വേ ബജറ്റിലെ കേരളത്തിന്‍റെ പ്രതീക്ഷകളാണ്. നിലമ്പൂര്‍- നഞ്ചന്‍കോട് പാത മുമ്പു സര്‍വെ നടത്തിയതാണ്. ഈ പാത വന്നാല്‍ കൊച്ചിയില്‍ നിന്നു മൈസൂരിലേക്കുള്ള യാത്രയില്‍ ആറു മണിക്കൂറിന്‍റെ ലാഭമുണ്ടാകും. കേരളത്തിന്‍റെ വികസനത്തിന് അനുയോജ്യമാകുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളാണു റെയ്ല്‍വേ ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത്.
Close...
Maximum Character Allowed -
4000