സീനിയര്‍ വിദ്യാര്‍ഥികള്‍ ചാപ്പകുത്തി
Published : Sunday,
February 26,
2012
തിരുവനന്തപുരം
എട്ടാം ക്ലാസുകാരനെ ചാപ്പ കുത്തിയ സംഭവം അന്വേഷിക്കാന്‍ എഡിജിപി ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. ക്രൈസ്റ്റ് നഗര്‍ ഐസിഎസ്ഇ സ്കൂളിലെ എട്ടാം ക്ലാസുകാരനാണു പ്ലസ്ടു വിദ്യാര്‍ഥികളുടെ ക്രൂരതയ്ക്ക് ഇരയായത്. ഈ മാസം 14 മുതല്‍ 16 വരെയായിരുന്നു സംഭവം. മര്‍ദിച്ച് അവശനാക്കിയ ശേഷം കൈയിലും ദേഹത്തും ചാപ്പകുത്തുകയായിരുന്നു.
പ്ലസ്ടു വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു കോപ്പിയടിച്ചത് അധ്യാപകനോടു പറഞ്ഞതിനാണ് ആദ്യം മര്‍ദിച്ചത്. തുടര്‍ന്ന് അധ്യാപകനായ നൂഹുവിനോടു വിവരം പറഞ്ഞു. പ്രിന്‍സിപ്പലിനോടും മാതാപിതാക്കളോടും ഇക്കാര്യം തത്കാലം പറയരുതെന്നും താന്‍ നടപടി എടുത്തോളാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധ്യാപകനോടു പരാതിപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ മര്‍ദിച്ച ശേഷം ജെ എന്ന അക്ഷരം ചാപ്പകുത്തി.
കൈയിലെ മുറിവ് കണ്ട രക്ഷകര്‍ത്താക്കള്‍ വിവരം ചോദിച്ചു. സ്കൂളില്‍ വീണതാണെന്നു വിദ്യാര്‍ഥി മറുപടി നല്‍കി. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയെന്നും കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കുകയായിരുന്നു.
സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും സ്കൂള്‍ മാനെജ്മെന്‍റ് നടപടി എടുത്തില്ലെന്ന് കുട്ടിയുടെ പിതാവ് അരവിന്ദന്‍. പ്രിന്‍സിപ്പലിനോടു പറഞ്ഞപ്പോള്‍ കുറ്റക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആക്രമിച്ചവര്‍ ആരാണെന്നു പറയാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്കൂളില്‍ ചെന്ന തന്നെയും ഭാര്യയെയും പി.ടി. അധ്യാപകനും മറ്റൊരു അധ്യാപകനും തടഞ്ഞു നിര്‍ത്തിയെന്നും അരവിന്ദന്‍.
പരാതി സ്കൂള്‍ അച്ചടക്കക്കമ്മിറ്റി അന്വേഷിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ റവ. സിറിയക് കാനായി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ ഷാജഹാന്‍ സ്കൂള്‍ അധികൃതരോടു വിശദീകരണം തേടിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000