സ്പിരിറ്റൊഴുകുന്നു....
Published : Wednesday,
June 13,
2012
നീ എവിടെയാ?
ഒന്നരയടിക്കുവാ....
വീട്ടിലെത്തിയോ?
എപ്പഴേ എത്തി. അവിടുന്നിറങ്ങി
രണ്ടെണ്ണം അടിച്ചു.
വന്നു കേറിയപ്പഴേ ഒന്നു കുളിച്ചു.
കഴിക്കാനിരുന്നു...
നീ ഇന്നു ലീവായിരുന്നോ?
കഴിഞ്ഞ ആഴ്ചത്തെ ഓഫെടുത്തില്ലായിരുന്നു. രാവിലെയിറങ്ങി ഒരു പൈന്‍റ് വാങ്ങി. അവളിറങ്ങിയപ്പോള്‍ ഒന്നൊഴിച്ചു...
മലയാളിയുടെ ദൈനംദിന ജീവിതത്തിലെ മൂന്നു ചോദ്യോത്തരങ്ങള്‍. ഒന്നര, രണ്ട്...അളവുകള്‍ പലത്. പക്ഷേ എല്ലാ ഉത്തരങ്ങളേയും ഒന്നിപ്പിക്കുന്ന കഥാപാത്രം ഒന്ന്.
രഘുനന്ദന്‍, പ്ലംമ്പര്‍ മണിയന്‍...സമൂഹത്തിന്‍റെ രണ്ടു തലങ്ങളില്‍ ജീവിക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്നതും മദ്യം തന്നെ. രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് നാളെ തിയെറ്ററുകളില്‍ എത്തുമ്പോള്‍ ചര്‍ച്ചയാവുന്നതും കേരളത്തിന്‍റെ മദ്യപാനാസക്തി തന്നെ. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിന്നു സ്വയം പിന്മാറിയ രഘുനന്ദന്‍റെ ജീവിതം ലഹരിയില്‍ മുങ്ങിയാണ്. മോഹന്‍ലാലിന്‍റെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നാവും രഘുനന്ദന്‍.
വിവാഹമോചിതന്‍. ഇടയ്ക്കു ചില സംരംഭങ്ങളില്‍ എന്‍ഗേജ്ഡ് ആവാന്‍ നോക്കിയെങ്കിലും അതില്‍ നിന്നൊക്കെ മാറി. ഇപ്പോള്‍ ഒരു പുസ്തകം എഴുതുന്നു. ആദ്യ ഭാര്യയും അവളുടെ ഭര്‍ത്താവും അയല്‍ക്കാരാണ്, സുഹൃത്തുക്കളും. പ്ലംമ്പര്‍ മണിയന്‍റെ കടന്നു വരവ് രഘുനന്ദന്‍റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുമോ? മദ്യപാനം എന്ന സാമ്യം അവര്‍ക്കുള്ളപ്പോള്‍ അതു സംഭവിക്കാനാണ് സാധ്യത.
ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സ്പിരിറ്റില്‍ മധു, തിലകന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ധാര്‍ഥ് ഭരതന്‍, ടിനി ടോം, നിയാസ്, ടി.പി മാധവന്‍, കല്‍പ്പന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ വേണു. റഫീക് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് ഷാബാസ് അമന്‍റെ സംഗീതം. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍, ആര്‍ട് സന്തോഷ് രാമന്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത് അമ്പാടി.
സ്പിരിറ്റ് തിയെറ്ററുകളില്‍ എത്തിക്കുന്നത് മാക്സ് ലാബ് റിലീസ്.
Close...
Maximum Character Allowed -
4000