Thursday, April 17, 2014   3:39 AM IST
Vaartha BlogRSS
Loading
കൊച്ചിയില്‍ നിന്ന് മിലാന്‍റോ എയര്‍ വിമാന സര്‍വീസ്
Published : Saturday, February 08, 2014
|
  
Text Size
നെടുമ്പാശേരി

സിയാലിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു അന്താരാഷ്ട്ര വിമാന കമ്പനി കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. മിലാന്‍റോ എയര്‍ എന്ന വിമാന കമ്പനിയാണു രണ്ടുമാസത്തിനുള്ളില്‍ സിയാലില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്നു ദിവസവും മലേഷ്യയിലേക്കാണ് മിലാന്‍റോ എയര്‍ സര്‍വീസ് നടത്തുക. കൊച്ചിയില്‍ നിന്നും മറ്റും യാത്രക്കാരെ കോലാലംപൂരിലെത്തിച്ച് ഇന്തോനേഷ്യ, ബംഗ്ലാദേശ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണു മിലാന്‍റോ എയര്‍ ലക്ഷ്യമിടുന്നത്. മിലാന്‍റോ എയര്‍ വിമാനത്തില്‍ ഭക്ഷണവും യാത്രക്കാര്‍ക്കായി സീറ്റിനു പുറകില്‍ വിനോദത്തിനായുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

യാത്രക്കാര്‍ക്കു ലഗേജായി 30 കിലോ തൂക്കം അനുവദിച്ച് ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് ഈ പുതിയ വിമാനകമ്പനി പ്രഖ്യാപിക്കുക. നെടുമ്പാശേരിയില്‍ നിന്നും ഏപ്രില്‍ 15നു സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഡല്‍ഹി, തിരുച്ചിറപ്പിള്ളി, മുംബൈ എന്നിവിടങ്ങളില്‍ നിന്നു മിലാന്‍റോ എയര്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

180 പേര്‍ക്കു കയറാവുന്ന ബോയിങ് 737 വിമാനമാണു സര്‍വീസിനായി മിലാന്‍റോ എയര്‍ ഉപയോഗിക്കുക. 12 ബിസിനസ് ക്ലാസും 168 ഇക്കോണമി ക്ലാസും ഈ വിമാനത്തിലുണ്ടാകും.

നെടുമ്പാശേരിയില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സും എയര്‍ ഏഷ്യയും കോലാലംപൂരിലേക്കു നിത്യേന സര്‍വീസ് നടത്തുന്നുണ്ട്.

മിലാന്‍റോ എയര്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ നെടുമ്പാശേരിയില്‍ നിന്നും കോലാലംപൂര്‍ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 21 ആകും.

എയര്‍ ഏഷ്യ ഏപ്രില്‍ മുതല്‍ കൊച്ചിയില്‍ നിന്നു സര്‍വീസ് വര്‍ധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. മിലാന്‍റോ എയര്‍ ദിവസവും രാത്രി ഒമ്പതിനു കൊച്ചിയിലെത്തി 10ന് മടങ്ങുന്ന വിധമാണു സമയക്രമം പ്രഖ്യാപിക്കുകയെന്നാണു സൂചന.

വിമാനത്താവളങ്ങളില്‍ മെട്രൊ പദവി നേടാനായി സിയാല്‍ ഒരുങ്ങുകയാണ്. നിലവില്‍ ഖത്തര്‍ എയര്‍വെയ്സ്, ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വെയ്സ്, എമിറേറ്റ്സ്, ഒമാന്‍ എയര്‍, കുവൈറ്റ് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, സൗദി എയര്‍ലൈന്‍, സില്‍ക്ക് എയര്‍, എയര്‍ അറേബ്യ, എയര്‍ ഏഷ്യ, മലേഷ്യ എയര്‍ലൈന്‍സ്, ടൈഗര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവ സിയാലില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നുണ്ട്.
Rate This News :
Latest News