ISL-2018-219
10
December 2018 - 6:25 pm IST
Flash News
Archives

Trends

ദുബായിലെ പുസ്തകപ്രേമികൾക്ക് സന്തോഷവാർത്ത ഈ "പുസ്തകക്കടയിൽ ചോദിക്കാനും പറയാനും ആരുമില്ല''

Published:27 March 2018

ബുക്ക് ഹീറോ എന്നാണ് ഈ പുസ്തകക്കടയുടെ പേര്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന പുസ്തകക്കടയിൽ പുസ്തകങ്ങൾ വാങ്ങാനെത്തിയവർ അല്ലാതെ മറ്റാരുമുണ്ടാകില്ല. ഏതു പുസ്തകമാണ് വാങ്ങുന്നതെന്ന് ചോദിക്കാനും ബിൽ അടിച്ച് പണം വാങ്ങാനുമൊന്നും ആരുമില്ലവിടെ

ദുബായ്: പുസ്തകപ്രേമികളുടെ ഇഷ്ട ഇടമാണ് വായനശാലകളും പുസ്തകക്കടകളും. സ്വാതന്ത്ര്യമായി പുസ്തകങ്ങളെടുത്തു വാങ്ങാനും വായിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരാണ് വായനാപ്രേമികൾ. എന്നാൽ പുസ്തകം വാങ്ങാൻ പോകുമ്പോൾ ആ കടയിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെങ്കിൽ എങ്ങനെയുണ്ടാകും.. ഏത് പുസ്തകം വാങ്ങണമെന്നു അഭിപ്രായങ്ങൾ പറഞ്ഞു പിറകെ കൂടാൻ ആളില്ലെങ്കിൽ ആർക്കും സന്തോഷമാകും. എന്നാൽ പുസ്തകം വാങ്ങിക്കഴിഞ്ഞാൽ പണം കൊടുക്കാൻ ആളു വേണ്ടേ.. അതിനും ആളില്ലെങ്കിലോ... ഏയ് അങ്ങനെയുള്ള പുസ്തകക്കടകളൊന്നുമുണ്ടാകില്ല.. അങ്ങനെ പറയാൻ വരട്ടെ. വായനക്കാരിലുള്ള വിശ്വാസം മാത്രം കണക്കിലെടുത്ത് പ്രവർത്തിക്കുന്ന പുസ്തകക്കടയുണ്ട്. നമ്മുടെ കേരളത്തിലൊന്നുമല്ല.. ദുബായിയിലാണ് അത്തരത്തിലുള്ള ഒരു പുസ്തകക്കട പ്രവർത്തിക്കുന്നത്.


 ബുക്ക് ഹീറോ എന്നാണ് ഈ പുസ്തകക്കടയുടെ പേര്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന പുസ്തകക്കടയിൽ പുസ്തകങ്ങൾ വാങ്ങാനെത്തിയവർ അല്ലാതെ മറ്റാരുമുണ്ടാകില്ല. ഏതു പുസ്തകമാണ് വാങ്ങുന്നതെന്ന് ചോദിക്കാനും ബിൽ അടിച്ച് പണം വാങ്ങാനുമൊന്നും ആരുമില്ലവിടെ. ദുബായ് മറീനയിൽ മറീന വോക്കിലാണ് പുസ്തകശാല ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ സ്റ്റാൻഡിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനം നോക്കി നടത്താനൊന്നും ഇവിടെ ജോലിക്കാരൊന്നുമില്ല. പൊതുജനങ്ങളിലെ വിശ്വാസം മാത്രമാണ് ഈ കടയുടെ അടിസ്ഥാനം. ബുക് ഹീറോയിൽ ഇരുപതിനായിരത്തിലേറെ നോവലുകളുണ്ട്. കടയിലെത്തുന്നവർ പുസ്തകമെടുത്ത ശേഷം പണം നൽകാൻ അവിടെയൊരു ബോക്സ് വച്ചിട്ടുണ്ട്. പുസ്തകത്തിന്‍റെ യഥാർഥവിലയോ അതിൽ കൂടുതലോ ആ പെട്ടിയിൽ നിക്ഷേപിക്കാം. എത്ര പണം നൽകണമെന്നു ആരും നിർദേശിക്കുകയുമില്ല നിർബന്ധിക്കുകയുമില്ല. ഇനി പണം നൽകാതെ പോയാലും ആരും ചോദിക്കാൻ വരില്ല. ബുക് ഹീറോയുടെ പ്രത്യേകതയും ഇതുതന്നെയാണ്.


  മോൺസെററ്റ് മാർട്ടിനാണ് ഈ പുസ്തകക്കടയുടെ ഉടമസ്ഥൻ. എമിററ്റി എന്‍റർപ്രണറർ മുഹമ്മദ് അബ്ദുള്ള അൽക്വബ്സിയുടെയും സഹകരണത്തോടെയാണ് പുസ്തകക്കടയുടെ നടത്തിപ്പ്. ഞങ്ങളുടെ പുസ്തകക്കടയിൽ സ്റ്റാഫുകളൊന്നുമില്ല, പുസ്തകം വാങ്ങാനെത്തുന്നവരിലുള്ള വിശ്വാസമാണ് ഇങ്ങനെയൊരു കട ആരംഭിക്കാൻ കാരണം. ദിവസത്തിൽ ഒരു നേരം ഞാനിവിടെ വരും. പുസ്തകങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കും. വൃത്തിയാക്കും, പുതിയ പുസ്തകങ്ങൾ കൊണ്ടുവന്നു അലമാരയിൽ നിറയ്ക്കും. പണമിടാനുള്ള പെട്ടിയിൽ നിന്ന് പണമെടുക്കും. ഇതാണ് ഞാൻ ചെയ്യുന്നതെന്നു മാർട്ടിൻ പറയുന്നു. നോക്കാൻ ആളില്ലെങ്കിൽ പുസ്തകം മോഷണം പോകില്ലേ എന്നു ചോദിച്ചാൽ മാർട്ടിൻ പറയും, പുസ്തകം ആരും മോഷ്ടിക്കില്ല. ഇനി അഥവാ ആരെങ്കിലും മോഷ്ടിച്ചാൽ കുഴപ്പമില്ല, എനിക്കൊരു 300 ദിർഹം നഷ്ടം വരും അത്രയേയുള്ളൂ.


 പുസത്കങ്ങളിൽ ഏറെയും ഇംഗ്ലിഷും അറബിയിലുമുള്ളവയാണ്. അതിനൊപ്പം ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ് ഭാഷകളിലുള്ള പുസ്തകങ്ങളും ഇവിടെ സുലഭം. ദുബായിലേക്ക് പോകാനാഗ്രഹിക്കുന്ന, അവിടെ താമസമാക്കിയ പുസ്തകപ്രേമികൾക്ക് ഇനി ബുക്ക് ഹീറോയിലേക്ക് നടക്കാം. പുസ്തകം സ്വന്തമാക്കുകയും ചെയ്യാം


വാർത്തകൾ

Sign up for Newsletter



top