Published:06 September 2018
അമെരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി ഹോളിവുഡ് ചിത്രമെത്തുന്നു. ദ് ഫ്രണ്ട് റണ്ണർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗാരി ഹാർട്ടിന്റെ കഥ പറയുന്ന ഫ്രണ്ട് റണ്ണറിൽ ഹ്യൂ ജാക്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1988 ലെ അമെരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാനുള്ള തയാറെടുപ്പിലാണ് കൊളറാഡോ സെനറ്റർ ഗാരി ഹാർട്ട്.
പാർട്ടിക്കകത്തും പുറത്തും നല്ല പിന്തുണയുള്ളയാൾ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപ്പിച്ച് പ്രസിഡന്റ് ആകുമെന്ന് ഉറപ്പിച്ചിരുന്നയാൾ. പക്ഷേ വിവാഹേതര ബന്ധത്തിന്റെ പേരിൽ ഗാരി ഹാർട്ട് പിന്തുള്ളപ്പെടുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് ഗാരി ഹാർട്ടൺ ഒഴിവാക്കപ്പെടുന്നു. ഈ സംഭവമാണ് ഫ്രണ്ട് റണ്ണർ എന്ന ചിത്രത്തിലൂടെ പറയുന്നത്.
സ്വകാര്യ ജീവിതം രാഷ്ട്രീയ പ്രവർത്തനവുമായി കൂട്ടി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഹാർട്ട് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ പൊതുജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് സ്വഭാവ ഗുണം കൂടി വേണമെന്ന് ഗാരി ഹാർട്ടൺ തിരിച്ചറിയുകയായിരുന്നു.
മുൻ മാധ്യമപ്രവർത്തകനായ മാറ്റ് ബായ് എഴുതിയ ഓൾ ദ് ട്രൂത്ത് ഈസ് ഔട്ട് എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. ജെയ് കാർസൺ, ജെയ്സൺ റെയ്റ്റ്മാൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.