Published:12 September 2018
വാഷിങ്ടൺ: ഭൂമിയിലെ മഞ്ഞുകട്ടകൾ ഉരുകുന്നതിന്റെ അളവു രേഖപ്പെടുത്തുന്നതിനായി നാസയുടെ ഉപഗ്രഹം. ഭൂമിയിലെ ഹിമപാളികൾ, കടലിലെ മഞ്ഞുമലകൾ എന്നിവയെല്ലാം ഉരുകുന്നതിനെക്കുറിച്ച് പഠിക്കാനായാണ് പുതിയ ഉപഗ്രഹം. വരുന്ന വെള്ളിയാഴ്ച ഐസിഇസാറ്റ്- 2 എന്ന ഉപഗ്രഹം വിക്ഷേപിക്കും.
മഞ്ഞിനാൽ മൂടിക്കിടക്കുന്ന ഗ്രീൻ ലാൻഡ് അന്റാർട്ടിക്ക എന്നിവിടങ്ങളിലെ മഞ്ഞ് ഉരുകുന്നതിന്റെ കണക്ക് സെക്കൻഡുകൾക്കനുസരിച്ച് രേഖപ്പെടുത്തും. ഇതിനായി അഡ്വാൻസ്ഡ് ടോപ്പോഗ്രാഫിക് ലേസർ അൾട്ടിമീറ്റർ സിസ്റ്റവും ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.ഒരു വർഷത്തിൽ നാലു പ്രാവശ്യം ഉപഗ്രഹം ഭൂമിയുടെ ഇരു ധ്രുവങ്ങളിലൂടെയും കടന്നു പോകും.
മഞ്ഞുപാളികൾ ഉരുകുന്നതിന്റെ കണക്കിനു പുറമേ സമുദ്രത്തിന്റെയും കരയുടെയും വനപ്രദേശങ്ങളുടെയും ഉയരവും ഉപഗ്രഹത്തിന്റെ നിരീക്ഷണത്തിലായിരിക്കും. വൃക്ഷങ്ങളുടെ തലപ്പും അവ മണ്ണിൽ സ്പർശിച്ചിരിക്കുന്ന ഭാഗവും തമ്മിലുള്ള വ്യത്യാസം കണക്കാക്കാനും ഉപഗ്രഹത്തിനു സാധിക്കും.