Published:13 September 2018
കോട്ടയം: കനത്തമഴയ്ക്ക് ശേഷം വിപണിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറുന്നുണ്ടെങ്കിലും രോഗങ്ങളും, ഗുണനിലവാരക്കുറവും മൂലം വിപണിയിലെ നേട്ടം കൊയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.
പുറ്റടി സ്പൈസ് പാര്‍ക്കില്‍ നടന്ന ഇ- ലേലത്തില്‍ ഏലയ്ക്ക റെക്കോഡ് വിലയായിരുന്നു. കേരള കാര്‍ഡമം പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ ലേലത്തില്‍ 660 ലോട്ടുകളിലായി 1,72,099 കിലോഗ്രാം കായാണ് എത്തിയത്. ഈ സീസണില്‍ ഇതുവരെ നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില വന്നത് കഴിഞ്ഞ ദിവസമാണ്.
എന്നാല്‍ കര്‍ഷകരില്‍ 70 ശതമാനത്തിനും ഇന്നലെ ചരക്ക് എത്തിക്കാനായില്ല . വിളവ് തീര്‍ത്തും കുറഞ്ഞ അവസ്ഥയിലാണ്. ലേലത്തില്‍ മുഴുവന്‍ ഏലയ്ക്കയും വില്‍ക്കാനായി. തിങ്കളാഴ്ച ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലത്തില്‍ 78,722 കിലോഗ്രാമാണ് പതിഞ്ഞത്. ഏലക്കാ പതിവു കൂടുന്നതിനു പുറമേ വിലയിലും വര്‍ധനയുണ്ട്. ഇന്നലെ കൂടിയ വില 1,603 രൂപയും ശരാശരി വില 1,312 രൂപയുമാണ്. വരും ആഴ്ച്ചകളിലും ഇതുപോലെ കുറഞ്ഞ അളവിലെ ചരക്ക് എത്താന്‍ സാധ്യതയുള്ളൂ.
വിലക്കുറവിലും രോഗാവസ്ഥയിലും മനം മടുക്കാതെ കറുത്തപൊന്ന് വിളയിച്ച കര്‍ഷകര്‍ക്ക് മഴ സമ്മാനിച്ചതും കനത്ത വിലതകര്‍ച്ചയും മഞ്ഞളിപ്പ് രോഗവുമാണ്. പ്രായമായ ചെടികളില്‍ തിരിയിടുന്ന അവസരമാണെങ്കിലും ശക്തമായ മഴമൂലം തിരികള്‍ മരവിച്ചു നില്‍ക്കുകയാണ്. നിരപ്പായ തോട്ടങ്ങളിലാണ് അധികവും മഞ്ഞളിപ്പ് തുടങ്ങിയിരിക്കുന്നത്.
കുന്നിന് ചെരുവുകളിലെ തോട്ടങ്ങള്‍ മണിടിച്ചിലില്‍ തകര്‍ന്നു കഴിഞ്ഞു. കര്‍ഷകര്‍ ദുരിതത്തിലായിട്ടും വിദേശങ്ങളില്‍ നിന്നും നിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് ഇവിടത്തെ കുരുമുളകിന് വിലയിടിയാന്‍ കാരണം. വ്യാപകമായി കൃഷി നശിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു.
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കുരുമുളകുകൃഷി പുനരുദ്ധരിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചെറുകിട കര്‍ഷക ഫെഡറേഷന് രംഗത്തു വന്നിട്ടുണ്ട് . കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും പകുതിയിലധികം കൃഷി നശിച്ചു. ശേഷിക്കുന്ന ചെടികളെ ദ്രുതവാട്ടം ബാധിച്ചു. സ്പൈസസ് ബോര്‍ഡും സംസ്ഥാന കൃഷിവകുപ്പും ചേര്‍ന്ന് പ്രത്യേക പാക്കേജ് ഉണ്ടാക്കിയാല്‍ മാത്രമേ കുരുമുളക് കര്‍ഷകരുടെ തിരിച്ചുവരവ് സാധ്യമാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മഴ മാറി വെയില് തെളിഞ്ഞപ്പോള്‍ കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടി. കാര്‍ഷിക മേഖല കടക്കെണിയിലാക്കുമ്പോള് സാധാരണക്കാരായ കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നത് കൊക്കോ കൃഷിയില്‍ നിന്നുള്ള വരുമാനമായിരുന്നു. എന്നാല്‍ കൊക്കോയുടെ വിലയിടിവും പൂപ്പലും വന്നതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. നിരവധി കര്‍ഷകര്‍ ബാങ്ക് വായ്പ എടുത്താണ് കൃഷികള്‍ ചെയ്യുന്നത്. എന്നാല്‍ കായ്കളുടെ എണ്ണക്കുറവും രോഗബാധയുംകൂടിയായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
അധിക തൊഴിലാളികളെ ആവശ്യമില്ലാത്തതും കൊക്കോ കൃഷിയെ ജനപ്രിയമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കൊക്കോയുടെ വില കിലോയ്ക്ക് നാല്‍പ്പതിനും താഴെയായി.
പരിപ്പിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്ന് കിലോ പച്ച പരിപ്പ് ഏഴ് ദിവസം പുളിപ്പിച്ച് വെയിലത്ത് ഇട്ട് ഉണങ്ങിയെടുത്താല്‍ ഉണക്ക പരിപ്പിന് കിലോയ്ക്ക് 200 രൂപ വില ലഭിക്കുമായിരുന്നു. എന്നാല്‍ രോഗം ബാധിച്ചതോടെ ഉണങ്ങിയെടുക്കുന്ന പരിപ്പിന് തൂക്ക കുറവും ഗുണമേന്മ കുറവും ഉള്ളതായി കര്‍ഷകര്‍ പറഞ്ഞു. .