Published:16 September 2018
ന്യൂഡൽഹി: ചൈന അതിർത്തിയിലെ നിയന്ത്രണരേഖയിൽ വൂഹാൻ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്തിക്കൊണ്ടു തന്നെ സൈനികരെ കുറയ്ക്കില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ചൈനീസ് പ്രതിരോധതലവനായ വെയ് ഫെങ്ഹിയുമായി ഒരു മാസം മുമ്പ് നടന്ന ചർച്ചയിൽ അതിർത്തിയിലെ സൈനിക നിയന്ത്രണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും തമ്മിൽ നടന്ന അനൗദ്യോഗിക ഉച്ചകോടിയിലെടുത്ത താരതമ്യേന ഉദാരമായ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
വുഹാൻ ഉച്ചകോടിക്ക് ഒരു മാസം മുമ്പ് ചൈന അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ അരുണാചല്‍ സെക്ടറിലാണ് പട്രോളിങ്ങിനായി കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നത്. ദിബാങ്, ദൗ-ദെലെയ്, ലോഹിത് താഴ്വര എന്നിവിടങ്ങളിലാണ് കൂടുതലായും പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഈ പ്രദേശങ്ങളില്‍ ചൈനിസ് സൈന്യവുമായി നിരന്തരം തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം.
സമാധാനം നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളിലേയും സൈന്യം തന്ത്രപ്രധാനമായ മാർഗനിർദേശരേഖകൾ പാലിക്കുന്നത് കൃത്യമായി നടപ്പിലാകുന്നുണ്ടോ എന്ന ചോദ്യത്തിന് നിർമല പറഞ്ഞതിങ്ങനെ, 'നടപ്പിലാകുന്നുണ്ട് എന്ന വിശ്വസിക്കുന്നു'. അതേ സമയം തന്നെ രാജ്യത്തെ പ്രതിരോധമന്ത്രി എന്ന നിലയ്ക്ക് സൈനികരെ ജാഗ്രതയോടെ നില നിർത്തുന്നതിലും താൻ ബോധവതിയാണെന്ന് അവർ കൂട്ടിച്ചേർത്തു.