Published:16 September 2018
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ വ്യവസായിയും യോഗാഗുരുവുമായ ബാബാ രാംദേവിന്റെ കടന്നാക്രമണം. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
2015ല്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്തയാളാണ് ബാബാ രാംദേവ്. വരുന്ന തിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് പ്രചാരണം നടത്തണം എന്നായിരുന്നു പ്രതികരണം. താൻ ഒരു പാർട്ടിക്കുമൊപ്പമല്ലെന്നും എല്ലാ പാര്‍ട്ടികളുമായും സമദൂരം പാലിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവി യൂത്ത് കോണ്‍ക്ലേവിലായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം.
പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. മോദി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടേ ഇല്ലെന്ന് പറയുന്നില്ല, ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്ന് ബാബാ രാംദേവ് പറഞ്ഞു.
ഇന്ധനവിതരണത്തിന് പതഞ്ജലിയെ സര്‍ക്കാര്‍ അനുവദിക്കുകയും നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്താല്‍ ലിറ്ററിന് 35 മുതൽ 40 വരെ രൂപയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു. ഇന്ധനവില ജിഎസ്ടിയുടെ കീഴിൽ കൊണ്ടു വരണമെന്നും 28 ശതമാനം നിരക്കിലല്ല കൊണ്ടു വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുകയും ക്യാബിനെറ്റ് റാങ്ക് നല്‍കുകയും ചെയ്തിരുന്നു. ബാക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാര്‍ അടക്കമുള്ള സൗകര്യങ്ങളും അദ്ദേഹത്തിന് കൊടുത്തിരുന്നു.