Flash News
Archives

Reviews

സുഡാനി ഫ്രം നൈജീരിയ, വിജയകരമായ ഒരു സ്നേഹഗാഥ

Published:02 April 2018

# സീതാദേവി. പി.ഡി.

ഓരോ സമുദായക്കാരെയും മതവിഭാഗങ്ങളെയും തരംതിരിച്ചു നിന്ദിക്കുവാൻ പടുത്വം ഏറി വരുന്ന മലയാളിയുടെ മുന്നിൽ വർഗീയതയുടെ പരിവേഷം ഇല്ലാതെ മുസ്‌ലിം കുടുംബ  പശ്ചാത്തലങ്ങളെയും കഥാപാത്രങ്ങളെയും ആവിഷ്കരിച്ചത് കലയിലൂടെ സാധ്യമാവുന്ന സംസ്കാരവും മാനവികതയും കാത്തുസൂക്ഷിച്ചു കൊണ്ടാണ്.

വളരുന്ന ന്യൂജെൻ സിനിമാ വൃക്ഷത്തിന്‍റെ കാതൽ ഭാഗത്തേക്കു ഒരു മുതൽക്കൂട്ടാണ് ഈ സിനിമ. ജീവിതഗന്ധിയായ പരിസരങ്ങളിലൂടെ, പച്ചയായ മനുഷ്യ
ജീവിതങ്ങളുടെ ഇടപെടലുകളിലൂടെ സിനിമയുടെ ആധുനിക ഘടന എല്ലാത്തരം പ്രേക്ഷകർക്കും പ്രാപ്യമാക്കുന്നു. ഒപ്പം സ്നേഹം എന്ന സനാതന
മൂല്യത്തിന്‍റെ പ്രസക്തിയുടെ വേരോട്ടവും പ്രേക്ഷകന് കാണാം .

രാജ്യത്തു നിയമ പരിപാലനത്തിനായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള ക്രൈംബ്രാഞ്ച്, പൊലീസ് തുടങ്ങിയവയും ആശുപത്രി  പോലുള്ള സേവന പ്രദാന കേന്ദ്രങ്ങളും ആർക്കു വേണ്ടി എന്ന് സാധാരണ  മനുഷ്യൻ പകയ്ക്കുന്നുണ്ടിതിൽ. നിയമത്തിനു വേണ്ടി പൊലീസും ക്രൈംബ്രാഞ്ചും പണത്തിന്‍റെ ക്രയവിക്രയത്തിലൂന്നിക്കൊണ്ടു  ആശുപത്രി നിന്നിടത്തുതന്നെ നിൽക്കുകയും ചെയുമ്പോൾ സാധാരണക്കാരായ കേവല മനുഷ്യന്‍റെ അമ്പരപ്പ് ഒന്നാന്തരം കാഴ്ച രൂപങ്ങൾ ആയി സൗബിൻ ഷാഹിർ കൊത്തിവെയ്ക്കുന്നു .

കഥാതന്തുവിന്‍റെ നൂതനത്വത്തിൽ മാത്രമല്ല പ്രണയത്തിന്‍റെ പിൻബലമില്ലാതെ നഗ്നതയുടെ മേമ്പൊടി ഇല്ലാതെ തിരക്കഥാകൃത്തും സംവിധായകനുമായ സക്കറിയയുടെ ചങ്കൂറ്റം  ജയിച്ചുകയറുന്ന ഘട്ടങ്ങളുടെ ആകത്തുകയാണീ സിനിമ. താരനിർണയത്തിലും വിപ്ലവകരമായ ഈ നിലപാട് കത്തിപ്പടർന്നിട്ടുണ്ട്. ഈ ചലച്ചിത്ര രൂപത്തിന്‍റെ ഉത്തരവാദിത്വമുള്ള നായകനായി സൗബിൻ ഷഹിറിനെ ചുമതലപെടുത്തിയപ്പോൾ മലയാള സിനിമയക്കു പിറന്നത് ഒരു ഓം പുരിയാണ്. ഈ നടന്‍റെ വിജയകരമായ വരവറിയിക്കുന്ന സിനിമകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും  നായകവേഷത്തിൽ ഇതിലുടനീളം അഭിനയക്കരുത്തിന്‍റെ പൂർണതയാണ് പ്രേക്ഷകന് കാണാനായത്.

സരസ ബാലുശ്ശേരി (ബീ ഉമ്മ ), സാവിത്രി ശ്രീധരൻ (ജമീല) എന്നിവർ വേഷമിടുന്ന അമ്മകഥാപാത്രങ്ങൾ ജീവിതത്തിൽ നിന്നും അടർത്തിയെടുത്തവയാണ്. സ്നേഹം ദൈവമാണെന്ന് കാണിച്ചുതരുന്ന ഈ രണ്ടു ഉമ്മമാരുടേം കറയറ്റ ഭക്തിയോടൊപ്പം സുഡാനിയുടെ ആ വീട്ടിലെ കിടപ്പും വിശ്രമവും നിർവിഘ്‌നം തുടരുന്നതിൽ അവർ എടുക്കുന്ന ഉറച്ച നിലപാടിൽ സ്ത്രീശക്തിയുടെ രണ്ടു തലങ്ങളായി വിരാജിക്കുന്നു.

ഓരോ സമുദായക്കാരെയും മതവിഭാഗങ്ങളെയും തരംതിരിച്ചു നിന്ദിക്കുവാൻ പടുത്വം ഏറി വരുന്ന മലയാളിയുടെ മുന്നിൽ വർഗീയതയുടെ പരിവേഷം ഇല്ലാതെ മുസ്‌ലിം കുടുംബ  പശ്ചാത്തലങ്ങളെയും കഥാപാത്രങ്ങളെയും ആവിഷ്കരിച്ചത് കലയിലൂടെ സാധ്യമാവുന്ന സംസ്കാരവും മാനവികതയും കാത്തുസൂക്ഷിച്ചു കൊണ്ടാണ്. സിനിമയെന്ന പ്രകാശത്തിന്‍റെ കലയിൽ ഉപരിപ്ലവമായ സമീപനം ഇനി അധികം വിജയിക്കുമെന്ന് തോന്നുന്നില്ല, കാരണം സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകളുടെ ഓരോ സംഭാഷണവും ഓരോ ഫ്രെയിമും ഹൃദയസ്പർശിയായ വർത്തമാനകാല പരിച്ഛേദം പ്രേക്ഷകന്‍റെ മുന്നിൽ മറ നീക്കുന്നു.

ഇത്തരം സിനിമകൾ ഈ വർത്തമാനകാലത്തിന്‍റെ ആവശ്യം.....!!


വാർത്തകൾ

Sign up for Newslettertop