Flash News
Archives

Other news

pavithra-naveen-badminton

സീനിയർ കളിക്കാരിയെ തോൽപ്പിച്ച ഒമ്പതാംക്ലാസുകാരി

Published:01 October 2018

# ടി.എസ്. നൗഫിയ 

സംസ്ഥാന സീനിയർ ബാഡ്‌മിന്‍റൻ വനിത സിംഗിൾസിൽ 22കാരിയായ മത്സാർഥിയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയാണ് ഈ പതിമൂന്നുകാരി വാർത്തകളിൽ നിറയുന്നത്. തന്നെക്കാൾ 9 വയസിനു മുതിർന്ന എതിരാളിയെ തോൽപ്പിച്ചതിന്‍റെ ത്രില്ലിലാണ് പക്ഷേ പ്രായമൊന്നും വലിയ കാര്യമല്ലെന്നാണ് പവിത്ര പറയുന്നത്

സ്‌കൂളിലും വീട്ടിലും നാട്ടിലുമെല്ലാം ഒരു ഒമ്പതാം ക്ലാസുകാരിയാണ് താരം... പവിത്ര നവീൻ എന്നാണ് ഈ കൊച്ചുപെൺകുട്ടിയുടെ പേര്... പ്രായം കുറവാണെങ്കിലും ആളൊരു മിടുക്കി കുട്ടിയാണെന്നു തെളിയിച്ചു കഴിഞ്ഞു. സംസ്ഥാന സീനിയർ ബാഡ്‌മിന്‍റൻ വനിത സിംഗിൾസിൽ 22കാരിയായ മത്സാർഥിയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയാണ് ഈ പതിമൂന്നുകാരി വാർത്തകളിൽ നിറയുന്നത്. തന്നെക്കാൾ 9 വയസിനു മുതിർന്ന എതിരാളിയെ തോൽപ്പിച്ചതിന്‍റെ ത്രില്ലിലാണ് പക്ഷേ പ്രായമൊന്നും വലിയ കാര്യമല്ലെന്നാണ് പവിത്ര പറയുന്നത്.

ജയിക്കുമെന്ന വിശ്വാസത്തിൽ കോർട്ടിലേക്ക്

ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ബാഡ്‌മിന്‍റൻ വനിത സിംഗിൾസിലാണ് പവിത്ര സീനിയർ താരമായ എൻ.അശ്വതിയെ പരാജയപ്പെടുത്തുന്നത്. പ്രായം നോക്കുമ്പോൾ സബ് ജൂനീയർ താരമാണ് പവിത്ര. എന്നാൽ പ്രായം കൂടുതുലള്ള എതിരാളിയെ നേരിടണമെന്നതു ടെൻഷനൊന്നും ഉണ്ടാക്കിയില്ലെന്നു പറയുന്നു ഈ കൊച്ചു താരം.

കോർട്ടിൽ നന്നായി കളിക്കുക.. ജയിക്കുക ഇതുമാത്രമേ മനസിലുള്ളൂ. എന്തോ മനസ് പറഞ്ഞിരുന്നു ഈ കളിയിൽ ജയിക്കുമെന്ന്. ജയിക്കും എന്നൊരു ഉറപ്പുണ്ടായിരുന്നു..  സീനിയർ വിഭാഗത്തിലാണ് മത്സരിക്കുന്നതെന്നതും സമർദമൊന്നുമുണ്ടാക്കിയില്ല. ആത്മവിശ്വാസം നിറയുന്ന വാക്കുകളോടെ പവിത്ര കളിവിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയാണ്. 

കളി കണ്ടുവളർന്ന ബാല്യം

ഇടപ്പള്ളിയിലാണ് വീട്... കുട്ടിക്കാലത്ത് വീടിനടുത്തുള്ള കോർട്ടിൽ അച്ഛനൊപ്പം ബാഡ്‌മിന്‍റൻ കാണാൻ പോകുമായിരുന്നു. ഒരിക്കലൊരു ലീഗ് മത്സരം അവിടെ നടക്കുകയാണ്.. ഞാൻ കളിയെ ആവേശത്തോടെ നോക്കിയിരിക്കുന്നതു കണ്ടിട്ടാകാം കളി കാണാനെത്തിയ ഒരു അങ്കിൾ ബാഡ്‌മിന്‍റൻ ട്രെയ്നിങ്ങിന് വിട്ടു കൂടേയെന്നു അച്ഛനോട് ചോദിക്കുന്നത്. അങ്ങനെയാണ് ഏഴാമത്തെ വയസിൽ ബാഡ്‌മിൻ പരിശീലനത്തിന് ചേരുന്നത്. കാക്കനാട് ഖേൽ ബാഡ്‌മിന്‍റൻ അക്കാഡമിയിലാണ് പോകുന്നത്. അന്നു മുതൽ കളി പഠിച്ചു തുടങ്ങി. 

 ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവ് ആന്‍റണി ജേക്കബ്, രജ്ഞിത്ത് സണ്ണി, ജോർജ് ആൻഡ്രൂസ് എന്നിവരാണ് പരിശീലകർ. ഇത്രയും നാൾ നീണ്ട പരിശീലനത്തിലൂടെ സാങ്കേതികമായി മികവു പുലർത്താൻ പവിത്രയ്ക്ക് കഴിയുന്നുണ്ട്. സ്വന്തമായ ശൈലി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ദിവസവും രാവിലെ അഞ്ച് മണിക്ക് ഇടപ്പള്ളിയിലെ വീട്ടിൽ നിന്ന് കാക്കനാട്ടെ അക്കാഡമിയിലെത്തും. ഏഴു മണി വരെ പരിശീലനം. പിന്നെ സ്‌കൂളിൽ നിന്നു മടങ്ങിയെത്തിയ ശേഷം വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെ പരിശീലനം.

 ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം

ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.  സ്കൂളിൽ നിന്നും ബാഡ്‌മിന്‍റൻ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകാറുണ്ട്. ടീച്ചർമാരും കൂട്ടുകാരുമെല്ലാം നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്.  കിരീടം നേടിയപ്പോൾ സ്കൂളിൽ സ്വീകരണമൊക്കെ നൽകിയിരുന്നു. ദേശീയ തലത്തിൽ മികച്ച കളിക്കാരിയാകണം.. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം.. ഇതാണെന്‍റെ സ്വപ്‌നം. ബാഡ്‌മിന്‍റൻ തന്നെ പ്രൊഫഷനാക്കാനാണ് ആഗ്രഹം. കൂടെ പഠനവും നന്നായി കൊണ്ടുപോകണം. മികച്ച ബാഡ്‌മിന്‍റൻ താരമാകാൻ എത്രവേണമെങ്കിലും കഷ്ടപ്പെടാനും കഠിനാധ്വാനം ചെയ്യാനും തയാറാണെന്നും പവിത്ര പറയുന്നു.

 കഴിഞ്ഞ വർഷം തിരുപ്പൂരിൽ നടന്ന അണ്ടർ 13 നാഷണൽ ടൂർണമെന്‍റിൽ സിംഗിൾസ് കിരീടം നേടിയിട്ടുണ്ട്. അണ്ടർ 13 ഡബിൾസിലും വിജയിച്ചിട്ടുണ്ട്. അഞ്ചു തവണ സ്റ്റേറ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട് പവിത്ര. അക്കാഡമിയിലെ തന്നെ ആൻഡ്രിയ സാറ കുര്യനാണ് ഡബിൾസിൽ ഒപ്പം കളിക്കാറുള്ളത്.

ബാഡ്‌മിന്‍റൻ തന്നെയാണ് ജീവിതലക്ഷ്യം. എങ്കിലും കുക്കിങ്ങും പെയിന്‍റിങ്ങിനോടുമൊക്കെ ഇഷ്‌ടക്കൂടുതലുണ്ടെന്നു പവിത്ര. മെഡിക്കൽ റപ്രസെന്‍റേറ്റീവായ നവീനാണ് അച്ഛൻ. അമ്മ ജിഷ. ഒരു അനുജത്തിയുണ്ട്. മൂന്നാം ക്ലാസുകാരിയായ പാർവതി. 


വാർത്തകൾ

Sign up for Newslettertop