Published:04 April 2018
തിരുവനന്തപുരം: നിലവിലെ ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പക്ഷേ ഇനി ഇന്ധന നികുതി കൂട്ടില്ല. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ധന തീരുവ ഒഴിവാക്കാനാകില്ല. ഇന്ധന തീരുവ ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി കൊളളയ്ക്ക് തുല്യമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
619 കോടി ഇന്ധന എക്സൈസ് തീരുവ വേണ്ടെന്നുവെച്ച യുഡിഎഫ് മാതൃക പിന്തുടരാന് സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയത്. ഇതിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞതിനാൽ ഇന്ധന വില വർധനവിലൂടെ ലഭിച്ച അധിക നികുതി വരുമാനം ഉപേക്ഷിക്കാനാകില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
ഡീസലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്ന് നോട്ടീസ് നല്കിയ തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 619.17 കോടിയുടെ അധിക നികുതി വരുമാനം യുഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാൽ ഇന്ധന തീരുവ ഒഴിവാക്കാനാവില്ലെന്നും ബിജെപി സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി.