Published:06 October 2018
മസ്കറ്റ്: സലാല തുറമുഖത്തുണ്ടായ അപകടത്തിൽ നാലു ഗുജറാത്തികൾ മരിച്ചു. ഉരു വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നു കരുതുന്നു. അഹമദാബാദ് സ്വദേശി മോസിം ജാബറാണ് മരിച്ചവരിൽ ഒരാൾ. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഗ്വാളിസ് എന്ന കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ മേയിൽ സലാലയിലുണ്ടായ മെകുനു ചുഴലിക്കാറ്റിൽ സലാല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിരവധി ഉരുക്കൾ മുങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിരവധി ഉരുക്കളും ഉൾപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലൊന്നാലായ അൽ വലീദ് വ്യാഴാഴ്ച വൈകിട്ട് കടലിൽ നിന്നു വീണ്ടെടുത്തിരുന്നു.
ഈ കപ്പൽ വൃത്തിയാക്കാൻ താഴെ തട്ടിലേക്ക് ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരാളാണ് ഇറങ്ങിയത്. പിന്നാലെ മറ്റുള്ളവരും ഇറങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇവർ ഉള്ളിൽ കുടുങ്ങിയതെന്നു സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ സിവിൽ ഡിഫൻസ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ഏതാനും നാളുകളായി ചുഴലിക്കാറ്റിൽ മുങ്ങിയ ഉരുക്കൾ കടലിൽ നിന്ന് വീണ്ടെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഈ അപകടമുണ്ടാകുന്നത്. ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള നിരവധി ഉരുക്കളാണ് സലാല തുറമുഖം കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ്.