ISL-2018-219
17
February 2019 - 12:02 am IST
Flash News
Archives

Travel

arun-punalur-facebook-post

പുനലൂർ- ചെങ്കോട്ട റൂട്ടിലെ മനോഹര കാഴ്ചകളെക്കുറിച്ച് അരുൺ പുനലൂർ

Published:06 October 2018

പഴയ കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് പാതയിലെ ഏറ്റവും പ്രകൃതി മനോഹരമായിരുന്ന ഈ സ്റ്റേഷൻ ബ്രോഡ്‌ഗേജിനായി വഴി മാറിയപ്പോൾ പണ്ടത്തെ സൗന്ദര്യം നിറച്ചിരുന്ന വന്മരങ്ങളിൽ പലതും വെട്ടി മാറ്റിയെന്ന് തോന്നുന്നു...പാത വലുതായി സ്റ്റേഷനും പുതിയ കെട്ടിടങ്ങൾ വന്നു പക്ഷെ വണ്ടികൾ റെഗുലറൈസ് ചെയ്യുന്നതിൽ ഇപ്പോഴും തീരുമാനം ആകാത്തതിനാൽ സ്റ്റേഷൻ ആളും അനക്കവുമില്ലാതെ അങ്ങിനെ കിടപ്പുണ്ട് ....

നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറ്റവും പരിചിതമായ ഒരു പേരാണ് അരുൺ പുനലൂരിന്‍റേത്. ഫോട്ടോഗ്രാഫർ‌, നടൻ, ഡോക്യുമെന്‍ററി സംവിധായകൻ തുടങ്ങിയ നിലയിൽ ശ്രദ്ധേയനാ‍യ  അരുൺ നിലപാടുകൾ കൊണ്ടും നവമാധ്യമങ്ങളിൽ ഹീറോ ആയി മാറിയിട്ടുള്ള ആളാണ്. 

പുനലൂരിൽ നിന്നും ചെങ്കോട്ടയിലേക്ക് അദ്ദേഹം നടത്തിയ യാത്രാവിവരണം നമ്മെ ഏറെ മോഹിപ്പിക്കും.

യാത്രാ വിവരണം വായിക്കാം...

പുനലൂർ ചെങ്കോട്ട റൂട്ടിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കേറുന്ന റോഡിൽ പുളിയറയിലെ കച്ചവടക്കാരുടെ കൂട്ടങ്ങൾ കഴിഞ്ഞു കുറെക്കൂടി മുന്നിലേക്ക്‌ യാത്ര ചെയ്തു ഇടതു വശത്തേക്ക് തിരിഞ്ഞു ഭഗവതിപുരത്തേക്കു പോകുന്ന വഴിയുടെ ഇരുവശവും നെൽപ്പാടങ്ങളാണ്...


വിളഞ്ഞ സ്വർണ്ണമണികളും, കൊയ്തതും കൃഷിയിറക്കാനായി ഒരുക്കിയതും, വിത്തെറിഞ്ഞതുമൊക്കെയായ പാടങ്ങൾ സഹ്യന്റെ മടിത്തട്ടിൽ നീണ്ടു നിവർന്നങ്ങിനെ കിടക്കുന്നു... 
ആ വഴി ചെന്നെത്തി അവസാനിച്ചു നിൽക്കുന്നത് ഭഗവതിപുരം റെയിൽവേ സ്റ്റേഷനിലാണ്....

പഴയ കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് പാതയിലെ ഏറ്റവും പ്രകൃതി മനോഹരമായിരുന്ന ഈ സ്റ്റേഷൻ ബ്രോഡ്‌ഗേജിനായി വഴി മാറിയപ്പോൾ പണ്ടത്തെ സൗന്ദര്യം നിറച്ചിരുന്ന വന്മരങ്ങളിൽ പലതും വെട്ടി മാറ്റിയെന്ന് തോന്നുന്നു...പാത വലുതായി സ്റ്റേഷനും പുതിയ കെട്ടിടങ്ങൾ വന്നു പക്ഷെ വണ്ടികൾ റെഗുലറൈസ് ചെയ്യുന്നതിൽ ഇപ്പോഴും തീരുമാനം ആകാത്തതിനാൽ സ്റ്റേഷൻ ആളും അനക്കവുമില്ലാതെ അങ്ങിനെ കിടപ്പുണ്ട് ....

ആകാശത്തിലേക്കു പടർന്നു പന്തലിച്ചു കിടക്കുന്ന കൂറ്റൻ മരങ്ങളുടെ തണലിൽ നിന്നും പുതിയ സ്റ്റേഷന്റെ അങ്ങേയറ്റത്തേക്ക് വെറുതെ അലസമായി നടക്കാം.. എരുക്കു വളർന്നു നിൽക്കുന്ന വശങ്ങളിലെ സിമന്റു ബഞ്ചിലിരുന്നാൽ ചുറ്റിനും കോട്ട കെട്ടി കിടക്കുന്ന സഹ്യനെ തഴുകി വരുന്ന കുളിർ കാറ്റ് നുകരാം...
ഒരു വശത്ത് പഴയ മീറ്റർഗേജ് പാത അനാഥമായി അകലേക്ക്‌ നീണ്ടു കിടപ്പുണ്ട്... 

 

സ്റ്റേഷന് പുറത്തേക്കു ഇറങ്ങിയാൽ ഗണേശണ്ണന്റെ കൊച്ചു ചായക്കടയിൽ രസ്യൻ ചായയും ന്തെങ്കിലും ചെറു കടികളും ഉണ്ടാകും...തിരിച്ചു വരുന്പോ ഇടതു വശത്തേക്ക് ഹെവി നൊസ്റ്റാൾജിക് ആയ ഒരു വഴി പോകുന്നുണ്ട്... 
അവിടെ വലത്തേക്ക് ഇറങ്ങിയാൽ വിരിഞ്ഞു കിടക്കുന്ന പാടവും അതിനു നാടുവിലായൊരു കുളവും കാണാം.... 
ഇടക്കിടക്കു ടി വി എസും ലൂണയുമൊക്ക വണ്ട് മൂളുന്ന പോലെ പാഞ്ഞു പോകും... കടകട മുഴക്കി കാളവണ്ടികളിലും ഓട്ടോറിക്ഷയിലുമൊക്കെയായി ആളുകൾ പോകുന്നതിനിടയിലൂടെ പശുക്കളും ആട്ടിന്കൂട്ടങ്ങളും അലസമായി മേഞ്ഞു നടക്കും...

ഭഗവതിപുരം പേര് പോലെ തന്നെ മനോഹരമായൊരു താഴ്‌വരയാണ്....
മറ്റു തിരക്കൊന്നുമില്ലെങ്കിൽ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഈ കുഞ്ഞു ഗ്രാമവും അവിടുത്തെ സ്റ്റേഷനും കാണാൻ പോകാം....

റൂട്ട് - കൊല്ലം ജില്ലയിൽ പുനലൂർ നിന്നും ചെങ്കോട്ട പോകും വഴി പുളിയറക്കടുത്ത് എത്തുമ്പോൾ ഭഗവതിപുരം റെയിൽവേ സ്റ്റേഷൻ പോകുന്ന വഴി ഏതെന്നു ചോദിക്കുക...ബോർഡുകളോ മറ്റു സൂചകങ്ങളോ എവിടെയും കാണില്ല...അതിനാൽ ആളുകളോട് ചോദിച്ചു വഴി കണ്ടു പിടിക്കുക... കൃഷിയാണ് ആളുകളുടെ മുഖ്യ തൊഴിൽ എന്നതിനാൽ ഈ ഗ്രാമത്തിന്റെ ചുറ്റുപാടും ഇത്തരം ധാരാളം ഗ്രാമീണ കാഴ്ചകൾ കാണാൻ പറ്റുന്ന സ്ഥലങ്ങളുണ്ട്...


വാർത്തകൾ

Sign up for NewsletterTags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top