Published:08 October 2018
പാരീസ്: സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ യുവതാരമെന്ന് തന്നെ വിശേഷിപ്പിക്കുന്നത് വെറുതെയല്ലെന്ന് കെയ്ലിയൻ എംബാപെ വീണ്ടും തെളിയിച്ചു. ഫ്രഞ്ച് ലീഗിൽ ഗോൾമഴ തീർത്ത എംബാപെ പാരീസ് സെയ്ന്റ് ജെർമെയ്ന് നൽകിയത് സീസണിലെ വമ്പൻ ജയങ്ങളിലൊന്ന്. നാലു ഗോളുമായി എംബാപെ കത്തിക്കയറിയപ്പോൾ ലയോണിനെ പിഎസ്ജി 5-0ന് നിർജീവമാക്കി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പിഎസ്ജിയുടെ സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. പിഎസ്ജിയുടെ ഗോളുകളിലെല്ലാം നെയ്മർ സ്പർശമുണ്ടായിരുന്നു.
അത്യന്തം നാടകീയമായ പോരാട്ടത്തിലൂടെയാണ് സ്വന്തം തട്ടകത്തിലെ കളിയിൽ പിഎസ്ജി ആധികാരിക ജയം പിടിച്ചെടുത്തത്. ഒമ്പതാം മിനിറ്റിൽ നെയ്മറിന്റെ പെനൽറ്റി ഗോളിൽ ലയോണിനെ പിന്നിലാക്കിയ പിഎസ്ജിക്ക് കളി അര മണിക്കൂർ പിന്നിട്ടപ്പോൾ പ്രസ്നൽ കിംപെംബെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് തിരിച്ചടിയായി. എന്നാൽ എതിരാളിയുടെ സംഖ്യ ചുരുങ്ങിയത് മുതലെടുക്കാൻ ലയോണിന് കഴിഞ്ഞില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂക്കാസ് ടൗസർട്ട് റെഡ് കാർഡ് വാങ്ങിയപ്പോൾ ലയോണും പത്തുപേരായി ചുരുങ്ങി. ഇടവേളയ്ക്കുശേഷം കുറച്ചുനേരം ലയോൺ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. ഒന്നുരണ്ടു തവണ അവർ സ്കോർ ചെയ്തെന്നും തോന്നി.
പക്ഷേ, പതിമൂന്ന് മിനിറ്റിനിടെ നാലു തവണ വിശ്വരൂപം കാട്ടിയ എംബാപെ ലയോണിനെ നിലംപരിശാക്കിക്കളഞ്ഞു. 61ാം മിനിറ്റിൽ ബോക്സിനുള്ളിൽ മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ചു കുതിക്കാൻ ശ്രമിച്ച നെയ്മറിന്റെ കാലിൽ നിന്ന് ലയോൺ പന്തു ക്ലിയർ ചെയ്തു. പക്ഷേ, അപ്രതീക്ഷിതമായി വീണു കിട്ടിയ ബോളിൽ എംബാപെ തൊടുത്ത ഷോട്ട് രണ്ടു പോസ്റ്റുകളിലും തട്ടി ഗോൾവര കടന്നു (2-0). പിന്നെ മാർക്വീനോസിന്റെ പാസിൽ ക്ലോസ് റേഞ്ചിലൂടെ എംബാപെ(66)യുടെ രണ്ടാം ഗോൾ (3-0). നെയ്മർ നൽകിയ ലോങ് ബോൾ വാങ്ങി കുതിച്ച എംബാപെ (69) അധികം വൈകാതെ ഹാട്രിക്കും കുറിച്ചു (4-0). കളിയവസാനിക്കാൻ പതിനാറ് മിനിറ്റുള്ളപ്പോൾ നെയ്മറിന്റെ ഷോട്ട് ബോക്സിനുള്ളിൽ ലയോൺ ബ്ലോക്ക് ചെയ്തെങ്കിലും പന്തു പിടിച്ച എംബാപെ നാലാം ഗോളും സ്വന്തം പേരിലെഴുതി (5-0).