ISL-2018-219
16
December 2018 - 2:00 am IST
Flash News
Archives

Comment

sasi-ann-palele

ശശി തരൂരിനോട് ആൻപാലി; നിങ്ങൾക്ക് വോട്ട് ചെയ്ത 297,806 വോട്ടർമാരിൽ എത്ര പേർക്ക് ഈ വാക്ക് മനസ്സിലായിട്ടുണ്ടാവും?

Published:10 October 2018

ശശി തരൂരിന്‍റെ ഭാഷാപ്രയോഗം പലപ്പോഴും അദ്ദേഹത്തിന്‍റെ ഫോളോവേഴ്‌സിനെ ചുറ്റിക്കാറുണ്ട്. കഴിഞ്ഞ മണിക്കൂറിലും ട്വിറ്ററിൽ ശശി തരൂർ അമ്പരപ്പിച്ചു. കടുകട്ടി പ്രയോഗങ്ങളിലൂടെ പുതിയ തരംഗം സൃഷ്‌ടിക്കുന്ന തരൂരിനോട് ചില ചോദ്യങ്ങൾ ചോദിച്ചിരിക്കുകയണ് ആൻ പാലി.ഭാഷ അത് കൈകാര്യം ചെയ്യുന്ന ആളെപ്പോലെ , സ്വീകരിക്കുന്ന സമൂഹത്തിനും സ്വീകാര്യമായിരിക്കണം എന്ന് പറഞ്ഞ ആൻ പാലി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശശി തരൂരിന്‍റെ ഭാഷാപ്രയോഗം പലപ്പോഴും അദ്ദേഹത്തിന്‍റെ ഫോളോവേഴ്‌സിനെ ചുറ്റിക്കാറുണ്ട്. കഴിഞ്ഞ മണിക്കൂറിലും ട്വിറ്ററിൽ ശശി തരൂർ അമ്പരപ്പിച്ചു. കടുകട്ടി പ്രയോഗങ്ങളിലൂടെ പുതിയ തരംഗം സൃഷ്‌ടിക്കുന്ന തരൂരിനോട് ചില ചോദ്യങ്ങൾ ചോദിച്ചിരിക്കുകയണ് ആൻ പാലി.മാർക്കറ്റ് റിസേർച്ചർ ആയി ജോലി ചെയ്യുന്ന ആനിന്‍റെ എഴുത്തുകൾക്ക് നിരവധി ആരാധകരാണുള്ളത്.   

ആനിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലാംഗ്വേജ് എന്ന വാക്കിന്‍റെ അർത്ഥം തിരഞ്ഞു പോകലാണ് ആദ്യം ചെയ്തത്, വ്യവസ്ഥാനുരൂപമാം വിധം വാക്കുകളെ ഏകോപിപ്പിച്ചു സംസാരിച്ചോ എഴുതിയോ മനുഷ്യർ തമ്മിൽ ആശയവിനിമയത്തിനുപയോഗിക്കുന്നതിനെ ഭാഷ എന്ന് വിളിക്കുന്നു.

ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നമ്മുടെ വികാരവിചാരങ്ങളെ മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധം സംവദിക്കുവാനുള്ള ഏറ്റവും ഊർ‌ജിതമായ ഒരു മാർഗ്ഗമാണ് ഭാഷ. അപ്പോൾ ഭാഷ, അത് കൈകാര്യം ചെയ്യുന്ന ആളെപ്പോലെ , സ്വീകരിക്കുന്ന സമൂഹത്തിനും സ്വീകാര്യമായിരിക്കണം, അതിലെ വാക്കുകൾ ശക്തമാവുന്നതിനൊപ്പം സുതാര്യവുമാകണം, എങ്കിൽ മാത്രമേ ചിന്തകളുടെ പ്രഭ തെല്ലും നഷ്ടപ്പെടാതെ, വായനക്കാരുടെ , കേൾവിക്കാരുടെ, പൊതുസമൂഹത്തിന്റെ ഒക്കെയും ഹൃദയങ്ങളെ സ്പർശിക്കൂ.

ഇതോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം ബഹുമാനപ്പെട്ട എംപി ശ്രീ ശശി തരൂരിന്‍റെയാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയൊരു ട്വീറ്റിലെ 'floccinaucinihilipilification ' എന്ന വാക്കാണ് താരം. അതിന്‍റെ അർത്ഥമെന്തെന്ന് തിരഞ്ഞു പോയ ഒരു പിടി ഇന്ത്യക്കാരിൽ ഞാനുമുണ്ട്.മുൻപും ശ്രീ ശശി തരൂർ എഴുതുന്ന , പറയുന്ന വാക്കുകൾ ഏതൊക്കെയെന്ന് കൗതുകത്തോടെ ശ്രദ്ധിച്ച അനേകരിൽ ഒരുവൾ.

പക്ഷെ ഇത്തവണ ഈ വാക്കു കണ്ടപ്പോൾ എനിക്കൊരു സംശയം . 130 കോടിയുടെ മേലെയുള്ള ഇന്ത്യൻ ജനതയിൽ എത്ര പേർക്ക് ഈ വാക്കിന്റെ കൃത്യമായ അർത്ഥമറിയാമായിരിക്കും? ഇനി അതല്ല ട്വിറ്റെർ സമൂഹത്തെയാണ് അഡ്രസ് ചെയ്തതെന്ന ന്യായമെങ്കിൽ മൂന്നര കോടിയോളം വരുന്ന ഇന്ത്യൻ ട്വിറ്റെർ സമൂഹത്തിൽ എത്ര പേർക്കായിരിക്കും ഈ വാക്കിന്റെ വ്യക്തമായ രൂപമുണ്ടാവുക? ഇനി അതും പോട്ടെ, ഒരു ജനപ്രതിനിധി എന്ന നിലയിൽ തിരവനന്തപുരത്തെ ആളുകളാണ് കൂടുതൽ താല്പര്യത്തോടെ ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ വായിക്കുക എന്നുണ്ടെങ്കിൽ കഴിഞ്ഞ ഇലെക്ഷന് അദ്ദേഹത്തിന് വോട്ട് ചെയ്ത 297,806 വോട്ടർമാരിൽ എത്ര പേർക്ക് ഈ വാക്ക് മനസ്സിലായിട്ടുണ്ടാവും?

17 പുസ്തകങ്ങളുടെ രചയിതാവായ , യുഎൻ അണ്ടർ സെക്രട്ടറി ജനറലായിരുന്ന ഒരാൾക്ക് ഇതും, ഇതിലധികവും ഭാഷാപ്രാവീണ്യവും അത് വ്യക്തമായി പ്രതിഫലിപ്പിക്കാവുന്ന ബുദ്ധികൂർമ്മതായും ഉണ്ടെന്ന് എന്നെപ്പോലൊരു സാധാരണക്കാരിക്ക് വരെ അറിയാം, നമ്മുടെ രാജ്യത്തിന് ലഭിക്കാവുന്ന നേതാക്കളിൽ താങ്കളെപ്പോലെ കഴിവും ലോകപരിചയവുമുള്ളവർ വിരലിലെണ്ണാൻ മാത്രമേ ഉണ്ടാവൂ എന്നും അറിയാം, ആ ബഹുമാനവും നിങ്ങളോടുണ്ട്.

ഇന്ത്യയിലെ മികച്ച മാധ്യമപ്രവർത്തകർ, ഭാഷാശാത്രജ്ഞർ , രാഷ്ട്രീയനിരൂപകർ തുടങ്ങി ഒരു സാധാരണ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി വരെയുള്ള ഭാഷ പരിജ്ഞാനം ഉള്ള അനേകം വ്യക്തികളിൽ ഒരു കൗതുകം സൃഷ്ടിക്കാനോ, പുതിയ ഒരു വാക്ക് തിരഞ്ഞു പോവാനുള്ള പ്രചോദനം നല്കുവാനോ ഉള്ള ലക്‌ഷ്യം വെച്ചായിരുന്നു ആ പോസ്റ്റെങ്കിൽ ശ്രീ ശശി തരൂർ നിങ്ങളൊരു വിജയമാണ്. ആ പോസ്റ്റിലെ സർക്കാസവും ചിന്തകളിൽ അഗ്നി പടർത്തുന്നതാണ്.

എന്നാൽ ഒരു ജനപ്രതിനിധിയെന്ന നിലയിൽ തനിക്കു മുൻപിൽ നിൽക്കുന്ന വലിയൊരു ജനസമൂഹത്തിനോട് ആശയവിനിമയം നടത്തുമ്പോൾ , അത് കൃത്യവും വ്യക്തമായ രീതിയിൽ അവർ മനസ്സിലാക്കണമെന്ന നിര്ബന്ധമുണ്ടായിരുന്നുവെങ്കിൽ, കുറച്ചു കൂടി ലളിതവും സുതാര്യവുമായ ഭാഷ തെരഞ്ഞെടുക്കമായിരുന്നു. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
(ഉപയോഗിച്ച അക്കങ്ങളുടെ സോഴ്സ് കമന്‍റ് ബോക്സിൽ കൊടുത്തിട്ടുണ്ട്. ഒരു കാര്യം കൂടി എന്‍റെ ഫ്രണ്ട് ലിസ്റ്റിൽ ആർക്കെങ്കിലും 'floccinaucinihilipilification '  ന്‍റെ അർത്ഥം നേരത്തെ അറിയാമായിരുന്നെങ്കിൽ ഒന്ന് പറയണേ ...)

 

 


 


വാർത്തകൾ

Sign up for Newslettertop