Published:07 April 2018
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് ഇന്ന് തുടക്കമാകുന്നു. ആദ്യ സീസൺ മുതൽ ആവേശം അതിന്റെ അതിര് തൊട്ടിരുന്നു. ആവേശത്തിന് അപ്പുറം അനിശ്ചിതത്വത്തിന്റേയും ഉദ്വേഗത്തിന്റേയും പുതിയ അളവ് ക്രിക്കറ്റ് പ്രേമിക്ക് നൽകിയാണ് ഓരോ സീസണും അവസാനിച്ചത്. ഇതിനിടയിലും ക്രിക്കറ്റിന്റെ ക്വാളിറ്റിക്കും അതിന്റെ ഭംഗിയ്ക്കും ഐപിഎൽ ഒരു കുറവും വരുത്തിയിരുന്നില്ല. ആരാധകരുടെ ആവേശവും നാടകീയതയും നിലനിർത്തിയ പോരാട്ടങ്ങൾ ലോകത്തിലെ മറ്റ് ക്രിക്കറ്റ് ലീഗുകൾക്കൊന്നും അവകാശപ്പെടാനില്ലാത്ത സൗന്ദര്യമാണ് സമ്മാനിച്ച് കടന്നു പോയത്. അങ്ങനെ പ്രതീക്ഷകളുമായി പുതിയ സീസണിനെ എതിരേൽക്കുകയാണ് ആരാധകർ.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കിവീസ് സൂപ്പർതാരം ബ്രണ്ടൻ മക്കെല്ലം പൊട്ടിത്തെറിക്കുന്നതിന് സാക്ഷിയായാണ് ആദ്യ സീസൺ ആരംഭിച്ചത്. 15 സിക്സുകളുടെ അകമ്പടിയിൽ 158 റൺസ്, മക്കെല്ലത്തിന്റെ ഈ ഇന്നിങ്സ് ഇന്നും ആരാധകരുടെ ഓർമയിലുണ്ട്. വാങ്കെഡെ സ്റ്റേഡിയത്തിൽ ഇന്നും ഇതുപോലൊരു തുടക്കമാണ് ഞാനും കാത്തിരിക്കുന്നത്. ലീഗിലെ ഏറ്റവും മികച്ച ടീമുകൾ ഏറ്റവുമുട്ടമ്പോൾ വെടിക്കെട്ട് തുടക്കം തന്നെയുണ്ടാകുമെന്ന് ഉറപ്പിക്കാം.
രണ്ട് ടീമുകളുടെ തിരിച്ചുവരവിൽ കണ്ണുനട്ടിരിക്കുകയാണ് ആരാധകർ. ലോകോത്തതര താരനിരയുമായി ചെന്നൈ സൂപ്പർ കിങ്സും, രാജസ്ഥാൻ റോയൽസുമാണ് ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോഡാണ് ചെന്നൈയ്ക്കുള്ളത്. കിരീടം ലക്ഷ്യംവച്ചെത്തുന്ന എം.എസ്. ധോണിയും സംഘവും ഇക്കുറി ഇന്ത്യൻ ക്രിക്കറ്റിലെ പരിചയ സമ്പന്നനായ സ്പിന്നർ ഹർഭജൻ സിങ്ങിനെ സ്വന്തം പാളയത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് സീസണിലും മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ഹർഭജന്റെ പന്തുകൾ സീസണിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമാകുമെന്ന് വിശ്വസിക്കാം. ഏറെ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനമില്ലാതെ പുറത്തുനിൽക്കുന്ന രവീന്ദ്ര ജഡേജയ്ക്കും ടീം ഇന്ത്യയിൽ സ്ഥാനം ഉറപ്പിക്കാൻ മികച്ച പ്രകടനങ്ങൾ കൂടിയേ തീരൂ. ഒപ്പം ക്രിക്കറ്റിന്റെ അനിശ്ചിതത്വം അതിന്റെ അളവിൽ തന്നെ ആരാധകർക്ക് സമ്മാനിക്കുന്ന ധോണിയുടെ ബാറ്റും വെടിക്കെട്ടിന് കാത്തിരിക്കുകയാണ്.
നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഇക്കുറി കിരീടം നേട്ടം അത്ര എളുപ്പമാകില്ല. കഴിഞ്ഞ വർഷം നായകൻ രോഹിത് ശർമ ഓപ്പണറായി ക്രീസിൽ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം അദ്ദേഹത്തിന് വലിയ സ്കോറുകളൊന്നും സ്വന്തം പേരിലില്ലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടീം ഇന്ത്യയ്ക്ക് വേണ്ടി നടത്തുന്ന മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. മികച്ച നായകനായ രോഹിതിന്റെ ബാറ്റിങ്ങിലും മുംബൈ ഇത്തവണ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. പാണ്ഡ്യ സഹോദരന്മാർ കൂടുതൽ പരിചയ സമ്പത്തുമായാണ് സീസണിൽ എത്തിയിരിക്കുന്നത്. അതിനാൽ ഈ രണ്ട് താരങ്ങളും മുംബൈയുടെ ജൈത്രയാത്രയിൽ നിർണായക സാന്നിധ്യമാകും.