19
April 2019 - 12:10 pm IST
Flash News
Archives

Food

masala dosa

മഹാരാജാവേ ഒരു മസാലദോശേം വടേം..

Published:31 October 2018

# എസ്. ജി. ബാലചന്ദ്രൻ

ഉരുളക്കിഴങ്ങ് എനിക്ക് ജനിച്ചന്നു തൊട്ടേ ഇഷ്ടമാണ്. ദോശ, ഗർഭത്തിൽ കിടന്ന സമയം തൊട്ടും. 
സ്വാദറിഞ്ഞ് തിന്നു തുടങ്ങിയപ്പോഴേ തീർന്നു പോയി.  ഒന്നു കൂടി മേടിച്ച് തരാവോ സാറേ.. എന്ന് ചോദിക്കാനാഞ്ഞതാണ്.

മഹാരാജാവേ ഒരു മസാലദോശേം വടേം..

എന്ന് എണീറ്റു നിന്ന് ഓർഡർ ചെയ്യാൻ തോന്നുംവണ്ണം വേഷഭൂഷാദികൾ അണിഞ്ഞ ഒരാളായിരുന്നു ഞങ്ങൾ ഇരുന്ന ടേബിളിൽ വിഭവങ്ങൾ കൊണ്ടുവച്ചത്.
സ്ഥലം - ചേർത്തല ട്രാൻസ്പോർട് ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ഇന്ത്യൻ കോഫി ഹൗസ്.
കാലം- 1982 നവംബറിലെ ഒരു വൈകുന്നേരം. 
ഉപജില്ലാ കലോൽസവത്തിൽ പങ്കെടുത്ത്, ക്ലേ മോഡലിങ്ങിൽ സമ്മാനം നേടി ഓടമ്പള്ളി ഗവ. യുപി സ്കൂളിന്‍റെ  അഭിമാനംകാത്ത  എനിക്ക്  മസാലദോശ മേടിച്ചു തരാൻ എന്നെ  കൂട്ടിക്കൊണ്ടുപോയ  ഗോപിസ്സാറ് തീരുമാനിക്കുകയും ബസ് സ്റ്റാൻഡിനടുത്ത ഇന്ത്യൻ കോഫി ഹൗസിലേക്ക് കയറുകയുമാണുണ്ടായത്.
ഭിത്തിയിൽ ഫ്രെയിം ചെയ്തു തൂക്കിയ പടത്തിലെ ആള് കൗണ്ടറിലിരിക്കുന്ന മുതലാളിയുടെ അച്ഛനോ,​  അപ്പൂപ്പനോ ആയിരിക്കും എന്നാണ് വിചാരിച്ചത്.
ഏക്കേജീയെ പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. 
മസാലദോശയ്ക്ക് അസാധ്യ രുചിയായിരുന്നു.

ഹോട്ടൽ ഷൺമുഖനിലോ, അമ്പലത്തിന്‍റെ പടിഞ്ഞാറു വശത്തായി തുടങ്ങിയ "വേലപ്പൻ കേഫ്' എന്ന് ബോർഡുള്ള പുതിയ ചായക്കടയിലോ ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു രുചി.
ഉരുളക്കിഴങ്ങ് എനിക്ക് ജനിച്ചന്നു തൊട്ടേ ഇഷ്ടമാണ്. ദോശ, ഗർഭത്തിൽ കിടന്ന സമയം തൊട്ടും. 
സ്വാദറിഞ്ഞ് തിന്നു തുടങ്ങിയപ്പോഴേ തീർന്നു പോയി.  ഒന്നു കൂടി മേടിച്ച് തരാവോ സാറേ.. എന്ന് ചോദിക്കാനാഞ്ഞതാണ്. പക്ഷെ സാറ് മഹാരാജാവിന്‍റെ ഉടുപ്പിട്ട ആളെ വിളിച്ച്, ഐസ്ക്രീം കൊണ്ട് വരാൻ പറഞ്ഞത് കേട്ട്, മിണ്ടീല്ല. 

"കോല് ഐസ്' തിന്നിട്ടുണ്ട്, പക്ഷെ ഐസ്‌ക്രീം- ആദ്യമായിട്ടാണ്..!!
ഇന്ത്യൻ കോഫീഹൗസ് പിന്നീട് ജീവിതത്തിന്‍റെ ഭാഗമായി. കാക്കത്തൊള്ളായിരത്തിലേറെ  മസാലദോശകൾ രാജ്യത്തിന്‍റെ  പലഭാഗങ്ങളിലുള്ള ഇന്ത്യൻ കോഫീ ഹൗസുകളിൽ നിന്ന് തിന്നു. പക്ഷെ, ആർത്തിയും ആക്രാന്തവും ഒട്ടും കുറഞ്ഞിട്ടില്ല.

ആലപ്പുഴയിൽ പഠിക്കുന്ന കാലത്ത് പുന്നപ്ര ചന്തയിൽ നിന്നും സൈക്കിൾ ചവിട്ടി വീരയ്യയിൽ സിനിമയ്ക്കു പോയി തിരിച്ചുവന്ന് ക്ഷീണം മാറ്റാനുള്ള ഇടത്താവളമായിരുന്നു മെഡിക്കൽ കോളെജ് ജങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. തിരിച്ച് പുന്നപ്ര വരെ സൈക്കിൾ ചവിട്ടാനുള്ള ഊർജദായിനികൾ ആയിരുന്നു മസാലദോശ ഏൻഡ് കാപ്പി കോംബോ.
പിന്നീട് എറണാകുളത്ത് ജോസ് ജങ്ഷൻ,​ കോട്ടയം, തൃശൂര്,​ ചങ്ങനാശേരി..  അങ്ങനെ..അങ്ങനെ...എണ്ണിയാൽ തീരാത്തത്രേം  മസാലദോശകൾ..!

ജീവിതം ബോംബേക്ക് വണ്ടികയറിയപ്പോൾ  വേദനയോടെ മസാലദോശയ്ക്ക് പകരക്കാരനായി "വടാപ്പാവിനെ' ദത്തെടുത്തപ്പോഴും, സ്വന്തം രക്തത്തിനോടുള്ള ഇഷ്ടം  ഉള്ളിൽ ബീറ്റ് റൂട്ടു കൊണ്ട് ചുവന്നുതുടുത്ത ഇന്ത്യൻ കോഫി ഹൗസ് മസാലദോശയോടുണ്ടായിരുന്നു.

ഡൽഹിയിലെ കോണാട്ട് പ്ലേസിലെ കോഫി ഹൗസ്,  മധ്യപ്രദേശിൽ റായ്പ്പൂര് റെയിൽവേസ്റ്റേഷൻ റോഡിലെ കോഫി ഹൗസ്, നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ടൗൺഷിപ്പിനുള്ളിലെ കോഫിഹൗസ്..കേരളത്തിന് പുറത്തും മസാല ദോശകൾ തേടിയെത്തിയിട്ടുണ്ട്.. ഒത്തിരിയിടത്ത്, ഒരുപാട്..!
മസാലദോശ സപ്പോർട്ടിങ് റോളിലേക്ക് ഒതുങ്ങിപ്പോയ ഒരേ ഒരു സ്ഥലം റായ്പ്പൂരിലെ കോഫി ഹൗസാണ്. ഉപ്പുമാവാണ് അവിടെ താരം..!

സർവീസ് എൻജിനീയറായി കഴിഞ്ഞുപോന്ന ദിനങ്ങളിൽ രണ്ടും മൂന്നും ആഴ്ചകൾ ആ പ്രദേശത്തുള്ള സിമന്‍റ്  ഫാക്റ്ററികളിൽ ജീവിച്ച് തിരിച്ചു പോരാൻ ട്രെയിൻ കയറുന്നതിന് തൊട്ടുമുമ്പ്, വെളിച്ചെണ്ണയിൽ മൂപ്പിച്ച ഉള്ളി മണമുള്ള ആ ഉപ്പുമാവ് തിന്ന് സ്വർഗം കണ്ട നാളുകളുണ്ട് എന്‍റെ ജീവിതത്തിൽ..!

ഇപ്പോൾ നെടുമ്പാശേരിയിൽ വിമാനമിറങ്ങി, അത്താണിയിൽ നിന്നും ഹൈവേയിൽ കേറിയാൽ മസാല ദോശ തിന്നാൻ പാകത്തിന് നാലോ അഞ്ചോ കോഫി ഹൗസുകളുണ്ടെങ്കിലും ചേർത്തല ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കോഫി ഹൗസിലേക്കേ ഞാൻ പോകൂ. 
അതല്ലേ തറവാട്... ഞാൻ തറവാടിയും.


വാർത്തകൾ

Sign up for Newslettertop