Published:09 April 2018
യുഎസ് - ചൈന വ്യാപാര യുദ്ധത്തിന്റെ അടുത്തഘട്ടവും അഭ്യന്തര വിപണിയിലെ വിവിധ സംഭവവികാസങ്ങളുമാകും ഈ ആഴ്ച്ചത്തെ ഓഹരി വിപണിയിലെ നിയന്ത്രിക്കുന്നത്. ഐടി ഭീമനായ ഇൻഫോസിസ്, റിലേൻസ് ഇന്റസ്ട്രീസ് ,ഗോവ കർബൺ തുടങ്ങിയ വൻകിട കമ്പനികളുടെ ക്വാർട്ടർ റിസൾട്ടുകൾ ഈ വാരം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ കമ്പനികൾക്ക് നിർണായക സ്വാധീനമാണ് ഉള്ളത്. അതുകൊണ്ടുതന്നെ പുറത്തുവരാനിരിക്കുന്ന ഫലങ്ങൾ വിപണിയിൽ ശക്തമായ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പ്. ഇൻഫോസിസിന്റെ നാലാം ക്വാർട്ടർ ഫലം വെള്ളിയാഴ്ച്ച പുറത്തുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഇൻഫോസിസ് ഉൾപ്പെടെയുള്ള ഐടി കമ്പനികളുടെ ഓഹരി വിപണിയിൽ കയറ്റിറക്കങ്ങൾക്ക് കാരണമാകും.
കൂടാതെ ഈ ആഴ്ച്ച പുറത്തുവരാനിരിക്കുന്ന സാമ്പത്തിക സർവെ ഫലങ്ങളും വിപണിയെ സ്വാധീനിക്കും.അന്താരാഷ്ട്ര വിപണിയിൽ അമെരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് തുടങ്ങിവച്ച വ്യാപാര യുദ്ധത്തിന്റെ അടുത്ത ഘട്ടമാണ് ഓഹരിവിപണി ജാഗ്രതയോടെ കാത്തിരിക്കുന്നത്.
അമെരിക്ക സ്റ്റീൽ ഉൽപ്പനങ്ങൾക്ക് നികുതി കൂട്ടിയതിന് പിന്നാലെ അമെരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ച് ചൈന തിരിച്ചടിച്ചിരുന്നു. വ്യാപാര യുദ്ധം കഴിഞ്ഞ രണ്ടാഴ്ച്ചകളായി ലോക വിപണിയെ പിടിച്ചുലക്കുകയാണ്.
ട്രംമ്പിന്റെ വ്യാപാര നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാനില്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വാണിജ്യ ലോകം ആശങ്കയിലാണ്.വ്യാപാര യുദ്ധത്തിന്റെ ഭാഗമായി വരുന്ന ആഴ്ച്ചയിലും അമെരിക്കയും , ചൈനയും കടുത്ത നടപടികൾ തുടർന്നാൽ അത് ഇന്ത്യൻ വിപണിയേയും ബാധിക്കും.
കഴിഞ്ഞയാഴ്ച്ച റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രഖ്യാപിച്ച റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ ആഴ്ച്ച അവസാനത്തിൽ വിപണിക്ക് കരുത്ത് നൽകിയിരുന്നു.
മൂന്ന് പാദങ്ങളിലായി നിലനിർത്തിയിരുന്ന പലിശ നിരക്കിൽ മാറ്റം വരുത്താൻ ആർബിഐ തയ്യാറാകാതെ ഇരുന്നതാണ് നിക്ഷേപകർക്ക് ഏറെ ആശ്വാസമായത്.ഭക്ഷ്യ വിപണിയിലെ വിലക്കയറ്റം നാണയപ്പെരുപ്പ നിരക്ക് കുറക്കുമെന്നാണ് ആർബിഐ വിലയിരുത്തിയത്.കൂടാതെ പുതിയ വർഷത്തിൽ മികച്ച മൺസൂൺ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനം വിപണിക്കും ആശ്വാസകരമാണ്.
നാലം ക്വാർട്ടറിലെ വളർച്ചാ നിരക്ക് ഈ ആഴ്ച്ച പുറത്തുവരും.ഇതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിവിധ ഫലങ്ങളും ഈ ആഴ്ച്ച പുറത്തുവരും. ഇത് വിപണിയെ ദീർഘ കാലാടിസ്ഥാനത്തിൽ സ്വാധീനിക്കുമെന്ന് ഉറപ്പ്.