Published:10 April 2018
ബൈജു കെ. വാസുദേവൻ, ഇതൊരു നന്മയുടെ നാമമാണ്. ഇനിയും നഷ്ടമായിട്ടില്ലെന്നുറപ്പിക്കാൻ, ഇടയ്ക്കൊന്ന് ഓർമിപ്പിക്കാൻ മനുഷ്യകുലത്തിൽ ശേഷിക്കുന്ന നന്മമുഖങ്ങളിലൊന്ന്. റോഡരികിൽ വാഹനമിടിച്ചു ജീവൻ പോയ ആൺ വേഴാമ്പലിൽ നിന്നും ബൈജു തുടങ്ങിയ അന്വേഷണം. ഇപ്പോൾ ആ ആൺവേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകുന്നതിൽ എത്തിയിരിക്കുന്നു. അച്ഛനെ നഷ്ടപ്പെട്ട വേഴാമ്പൽക്കുഞ്ഞിനു പോറ്റച്ഛനായിരിക്കുന്നു ഇദ്ദേഹം. സ്വന്തം കാടനുഭവങ്ങളിൽ നിന്നു തുടങ്ങിയ അന്വേഷണം നന്മയുടെ പുതിയ ഉയരങ്ങൾ താണ്ടിയിരിക്കുന്നു.
അതിരപ്പിള്ളിയിൽ പുകലപ്പാറയ്ക്കു സമീപം ആനമല ദേശീയപാതയിലാണു ആൺ വേഴാമ്പൽ മരിച്ചു കിടക്കുന്നതു ബൈജു കണ്ടത്. ആ വേഴാമ്പലിന്റെ കൊക്കിനുള്ളിൽ പഴങ്ങളും ഉണ്ടായിരുന്നു. വേഴാമ്പലിന്റെ ജീവിതരീതികൾ അറിയുന്ന ബൈജുവിന് അപ്പോൾ തന്നെ മനസിലായി. അരികിൽ എവിടെയെങ്കിലും ആ അച്ഛൻ കൊണ്ടുവരുന്ന പഴങ്ങൾ തിന്നു വിശപ്പടക്കാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞും ഇണയുമുണ്ടാവുമെന്ന്. ആൺവേഴാമ്പൽ ഇരതേടി ഇറങ്ങുമ്പോൾ ഇണയും കുഞ്ഞും കൂട്ടിൽത്തന്നെയായിരിക്കും. ആൺവേഴാമ്പൽ മടങ്ങിയെത്തിയില്ലെങ്കിൽ ആ കൂട്ടിൽത്തന്നെ വിശന്നു മരിക്കുകയും ചെയ്യും. ഈ അറിവായിരുന്നു ബൈജുവിന്റെ അന്വേഷണങ്ങൾക്കു തുടക്കമിട്ടത്. കൂടെ സമാനമനസ്കരായ കൂട്ടുകാരും.
പിന്നീട് കാട്ടിലെ അന്വേഷണങ്ങൾ. പക്ഷിനീരിക്ഷകനായ സുധീഷ് തട്ടേക്കാടും കൂടെയുണ്ടായിരുന്നു. ഒരു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ആ കൂടു കണ്ടെത്തി. വലിയൊരു മരത്തിലായിരുന്നു ആ വേഴാമ്പലിന്റെ കൂട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള മരമായിരുന്നു അത്. മരത്തിനു കീഴിൽ നിന്നാൽ കുഞ്ഞിന്റെ കരച്ചിൽ ചെറുതായി കേൾക്കാമായിരുന്നെന്നു ബൈജു പറയുന്നു.
അമ്മക്കിളിക്കൂട്ടിലെ കാത്തിരിപ്പ്
ആ കുഞ്ഞിന്റെ അസാധാരണമായ കരച്ചിൽ കേട്ടു മറ്റു കിളികളും മരത്തിനു ചുറ്റും പറക്കുന്നുണ്ടായിരുന്നു. പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വേഴാമ്പലിന്റെ വളർത്തച്ഛൻ എന്ന നിയോഗം കൂടി തനിക്കുണ്ടെന്നു തിരിച്ചറിഞ്ഞു ബൈജു.വനത്തിൽ നിന്നും തന്നെ പഴങ്ങൾ ശേഖരിച്ചു. വലിയൊരു മുളയേണി സംഘടിപ്പിച്ച് ആ മരത്തിനു മുകളിലേക്കു കയറി. അച്ഛന്റെ വരവും കാത്തിരുന്ന ആ കുഞ്ഞിനു മുന്നിലേക്ക്, ഇണയെ കാത്തിരുന്ന ആ വേഴാമ്പലിനു മുന്നിലേക്ക് ആ പഴങ്ങൾ കൊടുത്തു. അമ്മക്കിളി ആ പഴങ്ങൾ കൊക്കിലെടുത്തു കുഞ്ഞിന്റെ വായിലേക്കു വച്ചു കൊടുത്തു. രണ്ടോ മൂന്നോ ദിവസത്തെ വിശപ്പാറ്റി.
കുഞ്ഞു വേഴാമ്പലിനു പറക്കാൻ കഴിയുന്നതു വരെ അവയ്ക്കു തീറ്റ കൊടുക്കാൻ തന്നെയാണു ബൈജുവിന്റെ തീരുമാനം. ഓരോ മണിക്കൂർ ഇടവേളയിൽ ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്നു. ഒരു മനുഷ്യന്റെ ഇടപെടലുകളിൽ അസ്വസ്ഥതയില്ലാതിരിക്കാൻ വളരെ കരുതലോടെയാണു ഭക്ഷണം കൊടുക്കുന്നത്.
പുളിയിലപ്പാറ സ്വദേശിയായ ബൈജു ജനിച്ചതും വളർന്നതുമെല്ലാം കാടിനോടു ചേർന്നു തന്നെയാണ്. അതുകൊണ്ടു തന്നെ കാടിന്റേയും മൃഗങ്ങളുടേയും ഓരോ മാറ്റവും ജീവിതരീതിയുമൊക്കെ വ്യക്തമായി അറിയാം. ആ പരിചയത്തഴക്കമാണു ഇത്തരമൊരു പ്രവർത്തി ചെയ്യാൻ സഹായകമായതും. പരിസ്ഥിതി - പുഴ സംരക്ഷണ സമരങ്ങളിലൊക്കെ സജീവമാണു ബൈജു. കുറച്ചുകാലം മുമ്പ് ഫേസ്ബുക്ക് കൂട്ടായ്മ കാട്ടുത്തീയണച്ചു എന്ന വാർത്താതലക്കെട്ടു പിറന്നതും ബൈജുവിൽ നിന്നു തന്നെയായിരുന്നു. കാടിനെക്കുറിച്ചും കാടനുഭവങ്ങളെക്കുറിച്ചും വിവിധ കലാലയങ്ങളിൽ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട് ഇദ്ദേഹം.
ആൺ വേഴാമ്പലിനെ കണ്ടെത്തിയ ദിവസം ബൈജു ഫേസ്ബുക്കിൽ ആ വിഷമം എഴുതിയിട്ടിരുന്നു. ദേഷ്യം വന്നാലും സങ്കടം വന്നാലും സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്ന സ്വഭാവമുണ്ടെന്നു ബൈജു പറയുന്നു. അന്നു തോന്നിയതു സങ്കടമായിരുന്നു. ആ സങ്കടമറിയിച്ചപ്പോൾ സമാനമനസ്ക്കരായ ചിലരും ആ അന്വേഷണത്തിൽ കൂടെ കൂടി. എനിക്കു വിശക്കുന്നു എന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ, ബിരിയാണിയുടെ പടം മറുപടിയായി പോസ്റ്റ് ചെയ്യുന്നവരാണു പലരുമെന്നു ബൈജു പറയുന്നു. എന്നാൽ വേഴാമ്പലിന്റെ കുടുംബത്തിന് അന്നം നൽകാനുള്ള ഈ നിയോഗത്തിനു കൂടെ നിൽക്കാൻ നിരവധി പേരെത്തി, ഇപ്പോൾ മനസനുഭവിക്കുന്ന സന്തോഷം വളരെയധികമാണെന്നു ബൈജു പറയുന്നു.