19
January 2020 - 10:00 pm IST

Download Our Mobile App

Flash News
Archives

Reviews

human-space-time-and-human-kim-ki-duk-iffi-2018

ക്രൂര മനോഭാവം പറയാൻ ക്രൂരതയെ കൂട്ടുപിടിച്ച് വീണ്ടും കിം കി ഡുക്ക് 

Published:28 November 2018

# അരവിന്ദ് 

മനുഷ്യ മനസുകളിലെ വികാരങ്ങളുടെ പ്രകടനത്തിനായി അതിരു വിടുന്ന ക്രൂരതയെ തന്നെയാണ് ഡുക്ക് ആശ്രയിച്ചിരിക്കുന്നത്. എല്ലാ ക്രൂര വികാരങ്ങൾക്കും മുകളിൽ കാമത്തെ കാണുന്ന മനോഭാവത്തിൽ നിന്നും കിം കി ഡുക്ക് മുക്തനായിട്ടില്ല. 

മനുഷ്യന്‍റെ ക്രൂരത തുറന്നുകാട്ടാൻ ക്രൂരമായ സമീപനം തന്നെയാണ് ഇത്തവണയും കൊറിയൻ സംവിധായകൻ കിം കി ഡുക്ക് സ്വീകരിക്കുന്നത്. പുതിയ ചിത്രമായ ഹ്യൂമൻ സ്പെയ്സ് ടൈം ആൻഡ് ഹ്യൂമൻ 2013ലെ ചിത്രമായ മൊബിയസ് പോലെ തന്നെ വയൻസിലൂടെയാണു കഥ പറയുന്നത്. മൊബിയസിൽ കാമപൂർത്തീകരണത്തിനുള്ള വ്യത്യസ്ത മാർഗത്തിനായാണ് വയലൻസിനെ കൂട്ടുപിടിക്കുന്നത്. ഇത്തവണ മനുഷ്യ മനസുകളിലെ വികാരങ്ങളുടെ പ്രകടനത്തിനായി അതിരു വിടുന്ന ക്രൂരതയെ തന്നെയാണ് ഡുക്ക് ആശ്രയിച്ചിരിക്കുന്നത്. എല്ലാ ക്രൂര വികാരങ്ങൾക്കും മുകളിൽ കാമത്തെ കാണുന്ന മനോഭാവത്തിൽ നിന്നും കിം കി ഡുക്ക് മുക്തനായിട്ടില്ല. 

ക്രൂരതകൾക്കിടയിലും പേരില്ലാത്ത കഥാപാത്രത്തിലൂടെ മനുഷ്യ മനസിൽ അപൂർവമാകുന്ന നന്മയെ തുറന്നു കാണിക്കാനും മറക്കുന്നില്ല. മൊബിയസിന് ശേഷം ആറ് ചിത്രങ്ങൾക്കു തിരക്കഥയെഴുതുകയും അതിൽ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായിട്ടും മൊബിയസിലേത് പോലെ വികാരങ്ങൾ വിശദീകരിക്കാൻ വയലൻസിനെ കൂട്ടുപിടിച്ചിട്ടുണ്ട് ഹ്യൂമൻ സ്പെയസ് ടൈം ആൻഡ് ഹ്യൂമനിലും. 

ഡുക്കിന് ലോകമെമ്പാടും ആരാധകരുണ്ട്. ചലച്ചിത്ര മേളകളിൽ പ്രത്യേകിച്ചും. എന്നാൽ അവരെ പൂർണമായും ഈ ചിത്രം തൃപ്തിപ്പെടുത്തിയെന്നു വരില്ല. ഏതു സാഹചര്യത്തിലായാലും മനുഷ്യന‍ിൽ കുടികൊള്ളുന്ന സ്വതസിദ്ധമായ വികാരങ്ങൾ പുറത്തു വരുക തന്നെ ചെയ്യും. വിനോദ യാത്രയ്ക്ക് ഒരു കപ്പൽ പുറപ്പെടുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. 

സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ കപ്പലിലുണ്ട്. പ്രസിഡന്‍റ് ആകാൻ സാധ്യതയുള്ള സെനറ്റർ മുതൽ ലൈംഗിക തൊഴിലാളികൾ വരെ. ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന ദമ്പതിമാരുമുണ്ട് കൂട്ടത്തിൽ. ആദ്യ ഘട്ടത്തിൽ യുവാക്കളുടെ സംഘം ഹണിമൂൺ ആഘോഷിക്കാൻ പോകുന്നവരിൽ യുവതികളെ ബലാൽസംഗം ചെയ്യുന്നു. കാമാവേശം അടക്കാനാകാത്ത യുവത്വത്തിന്‍റെ ക്രൂരത തുറന്നു കാണിക്കുകയാണ്. കപ്പലിനുള്ളിലുള്ള ഗുണ്ടാ സംഘ തലവൻ സെനറ്ററുടെ സഹായിയായി കൂടുന്നു. ആവശ്യപ്പെടാതെ തന്നെ. ഇതിനെ മകൻ ചോദ്യം ചെയ്യുമ്പോൾ സെനറ്റർ നൽകുന്ന മറുപടി... ആവശ്യപ്പെടാതെ തന്നെ ചിലർ സഹായങ്ങളുമായി വരും. അതു നമ്മുടെ സ്ഥാനത്തെ അംഗീകരിക്കുന്നത് കൊണ്ടാണ്. അതാസ്വദിക്കുകയാണ് വേണ്ടത്... അധികാര ഭ്രമക്കാരുടെ ചിന്തകളെ ബോധ്യപ്പെടുത്തുന്നു ഈ മറുപടി. 

പിന്നീട് സെനറ്റർക്കായി ബലാൽസംഗം ചെയ്യപ്പെട്ട യുവതിയെ അവളുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ഗുണ്ടാ തലവൻ കൊണ്ടു വരുന്നു. ഇതിനെ യുവാവായ മകൻ ചോദ്യം ചെയ്യുന്നു. എന്നാൽ സെനറ്റർ കാമപൂർത്തീകരണത്തിന് ശേഷം മുറി വിടുമ്പോൾ മുറിയിലെത്തുന്ന മകൻ അവളുടെ നഗ്നത മറയ്ക്കാൻ വസ്ത്രം പുതപ്പിക്കുന്നു. അൽപ്പ നേരം കഴിയുമ്പോൾ അവളുടെ അർദ്ധ നഗ്നമേനിയിൽ ആകൃഷ്ടനായി അവനും അവളെ ബലാൽസംഗം ചെയ്യുന്നു. ആദർശം കാമാവേശത്തിനു മുന്നിൽ കീഴടങ്ങുന്നതു വ്യക്തമാക്കുകയാണ് ഡുക്ക് ഇവിടെ. ആദ്യം മുതൽ കപ്പലിലുള്ള വൃദ്ധൻ ചിതറി കിടക്കുന്ന മണ്ണ് ഒരു കപ്പിൽ ശേഖരിക്കുന്നുണ്ട്. ആർക്കുമറിയില്ല അതെന്തിനാണെന്ന്. അടുക്കളിയിൽ നിന്നും മോഷ്ടിക്കുന്ന പച്ചക്കറികളുടെ പഴങ്ങളുടെയും വിത്തുകൾ ശേഖരിച്ച് ചെറിയകപ്പുകളിൽ വളർത്തുകയാണ് അയാൾ. ആരോടും മിണ്ടാതെ. കോഴിമുട്ട അടവച്ചു വിരിയിച്ചെടുക്കുന്നുമുണ്ട്. 

ഇതിനിടയിൽ ഒരു രാത്രി കപ്പൽ ആകാശത്തേയ്ക്ക് ഉയർന്നു പൊങ്ങുന്നു. പിന്നീട് കപ്പൽ ആകാശത്താണു നിലനിൽക്കുന്നത്. ഇതോടെ സ്പെയ്സ് എന്ന ഭാഗം ആരംഭിക്കുന്നു. എപ്പോൾ കപ്പൽ എവിടെയെത്തുമെന്ന് അറിയാതെ പരിഭ്രാന്തരാണ് എല്ലാവരും. ഭക്ഷണത്തിനായി ശേഷിക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് പരമാവധി പിടിച്ചു നിൽക്കാൻ ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ജോലിക്കാരുടെ സംഘം തീരുമാനിക്കുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു പ്രധാന്യം കൊടുക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ സെനറ്റർ കപ്പിലിന്‍റെ ചുമതല ഏറ്റെടുക്കുന്നു. എതിർക്കുന്ന ക്യാപ്റ്റനെയും സംഘത്തെയും ഗുണ്ടാ സംഘത്തിനെ കൊണ്ടു വരുതിയിലാക്കുന്നു. തുടർന്നു ഭക്ഷണത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.

ഗൂണ്ടാസംഘവും സെനറ്ററും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ ഭക്ഷണത്തിനു വേണ്ടിയുള്ള കലാപം കപ്പിലുണ്ടാകുന്നു. ഭക്ഷണത്തിനായി സമരം ചെയ്തവരെ മർദ്ദിച്ചും കൊലപ്പെടുത്തിയും വരുതിക്കു നിർത്തുകയാണ്. ഇവിടെ ടൈം എന്ന മൂന്നാം ഭാഗം ആരംഭിക്കും. വിശപ്പും അതിൽ നിന്നുണ്ടാകുന്ന കലാപങ്ങളുമാണ് പരാമർശം. നിയന്ത്രണം സെനറ്ററുടെ കൈകളിലാണ്. ഗൂണ്ടാ സംഘത്തിനും തലവനുമാണു ശക്തിയെങ്കിലും അവർ സെനറ്ററെ അനുസരിക്കുന്നു. ഭക്ഷണത്തിനായുള്ള സമരം അധികാരത്തിനുള്ള സമരമായി മാറുന്നു. ഇതിനിടയിൽ ശേഷിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ ക്യാപ്റ്റൻ അഗ്നിക്കിരയാക്കുന്നു. തുടർന്നുള്ള തർക്കത്തിൽ സെനറ്ററെ അനുസരിക്കാൻ ഗുണ്ടാ തലവൻ തയ്യാറാകുന്നില്ല. സെനറ്ററെ കൊലപ്പെടുത്തുകയാണ്. ഇതിനിടയിൽ കൊലപ്പെടുത്തിയവരുടെ ഭാഗങ്ങൾ തിന്നു വിശപ്പടക്കുകയാണ് ഒപ്പമുള്ളവർ. സെനറ്റർക്കു പിന്നാലെ ഗൂണ്ടാത്തലവനും കൊലപ്പെടുമ്പോൾ സെനറ്ററുടെ മകനും സെനറ്റർ ബലാൽസംഗം ചെയ് ഈവും വൃദ്ധനും മാത്രം ശേഷിക്കുന്നു. കൂട്ട ബലാൽസംഗത്തിനിരയായ ഈവ് ഗർഭിണിയാണ്.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങുമ്പോൾ തടയുന്നതു വൃദ്ധനാണ്. പിന്നീട് ഇയാൾക്കൊപ്പമായിരുന്നു ഈവ്. എന്നാൽ സെനറ്റുടെ മകനുമായി സൗഹൃദത്തിലുമാണ്. വൃദ്ധൻ വളർത്തിയെടുത്ത ചെടികൾ ഫലം നൽകുന്ന അവസ്ഥയിലായി. കോഴികൾ മുട്ടയിടാനുള്ള വളർച്ചയിലുമെത്തി. കൊല്ലപ്പെടുന്നവരുടെ അസ്ഥിയും മാംസവും പൊടിച്ച് ചെടികൾക്കു വളമാക്കുന്നുണ്ട് വൃദ്ധൻ. കൊല്ലപ്പെടുന്നവരുടെ മുറിവുകളിൽ ഓരോ വിത്തുകൾ പാകി ഒരു സ്പൂൾ മണ്ണും നൽകുന്നു. ഓരോ നാശത്തിൽ നിന്നും ഓരോ പുതിയ സൃഷ്ടികളുണ്ടാകുമെന്നു പറയാതെ പറയുകയാണ്. സെനറ്ററുടെ മകനു വിശപ്പു സഹിക്കാനാകുന്നില്ല. കോഴികളിലൊന്നിനെ കൊന്നു തിന്നാൻ ഇയാൾ ശ്രമിക്കുന്നു. എന്നാൽ മുട്ടയിടാറായ കോഴികളെ കൊല്ലാൻ ഈവ് അനുവദിക്കുന്നില്ല. ഇതിനിടയിൽ വൃദ്ധൻ മുറി പൂട്ടുന്നു. വിശപ്പാണു കാരണമെന്നു പറയുമ്പോൾ‌ അദ്ദേഹം ഇറച്ചി നൽകുന്നു. ഇതു കഴിച്ചു വിശപ്പു മാറുമ്പോൾ വീണ്ടും കാമാസക്തിയുണ്ടാകുന്നു. ഗർഭിണിയായ ഈവിനെ സെനറ്ററുടെ മകൻ ലൈംഗികമായി ഉപയോഗിക്കുന്നു. ഇതിന് ശേഷമാണു സ്വന്തം  ശരീരത്തിൽ നിന്നും മുറിച്ചെടുത്ത മാംസമാണു വൃദ്ധൻ നൽകിയതെന്നു വ്യക്തമാകുന്നത്.   ഇതോടെ വൃദ്ധൻ അപ്രത്യക്ഷമാകുന്നു. 

പിന്നാലെ വീണ്ടും വിശപ്പ്. കോഴിയെ കൊല്ലാൻ ശ്രമിക്കുന്ന സെനറ്ററുടെ മകന് സ്വന്തം ശരീരത്തിൽ നിന്നും മാംസം മുറിച്ചു നൽകുന്നു ഈവ്. എന്നാൽ മനുഷ്യ മാംസം മടുത്തുവെന്നു പറഞ്ഞു വീണ്ടും കോഴിയെ കൊല്ലാൻ പോകുന്ന ഇയാളെ ഈവ് കൊലപ്പെടുത്തുന്നു. പിന്നീട് ചെടികൾക്കു വളമാക്കുന്നു. ഇതിന് ശേഷമാണ് ഈവിന്റെ പ്രസവം. പിന്നീടു നാലാം ഭാഗമായ ഹ്യൂമൻ ആരംഭിക്കുന്നു. ഈവിന്‍റെ മകന്‍റെ വളർച്ചയാണ് കാണിക്കുന്നത്. തുടർന്നു 17 വർഷത്തിന് ശേഷമാണു കാണിക്കുന്നത്. മകന് 17 വയസ്. വൃദ്ധൻ മൃതദേഹങ്ങളിൽ വിതച്ച വിത്തുകൾ ഒരു കാടായി മാറിയിട്ടുണ്ട്. ഈ കാടിനു നടുവിൽ ഈവും മകനും ഭക്ഷണം കഴിക്കുന്നു. ഭക്ഷണത്തിന് ശേഷം ഈവിന്‍റെ അർദ്ധ നഗ്ന മേനിയിൽ കാമാവേശത്തോടെ മകൻ സ്പർശിക്കുന്നു. കൗമാരക്കാരന്‍റെ അന്ധമായ കാമ വികാരത്തെ പ്രതിഫലിപ്പിക്കുകയാണ്. അവനിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈവിനെ കാണിച്ച് ഡുക്ക് സിനിമ അവസാനിപ്പിക്കുമ്പോൾ മനുഷ്യ മനസിന്റെ വിവിധ ഭാവങ്ങളിലൂടെ പ്രത്യേകിച്ചു ക്രൂരമായ ഭാഗങ്ങളിലൂടെ കഥയും കഥാപാത്രങ്ങളും കടന്നു പോയി കഴിഞ്ഞിരുന്നു.ഇങ്ങനെ ഒരു കഥപറയാൻ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിനുമുണ്ടൊരു പ്രത്യേകത. ഈ സംഘം യാത്ര പുറപ്പെടുന്നത് ഒരു പഴയ യുദ്ധ കപ്പലിലാണ്. ആദ്യാവസാനം സംഘർഷങ്ങൾ മാത്രമുള്ള കഥയ്ക്കു അനുയോജ്യമായ വേദി. അതും ഒരു  കിം കി ഡുക്ക് മാജിക്.


വാർത്തകൾ

Sign up for Newslettertop