ISL-2018-219
16
December 2018 - 4:15 am IST
Flash News
Archives

Reviews

the-name-of-death-492-movie-review-iffi

കൊല്ലപ്പെടാൻ കാരണമില്ല, കൊലപെടുത്താൻ കാരണമുണ്ട്: ജൂലിയൊ സന്താനോയെ ന്യായീകരിച്ച് 492

Published:28 November 2018

# അരവിന്ദ് 

കൊല്ലപ്പെടുന്നതിന് ഒരു കാരണവും വേണ്ട. എന്നാൽ കൊലപ്പെടുത്താൻ ഒരു കാരണമുണ്ട്. പ്രതിഫലം. പ്രതിഫലമായി ലഭിക്കുന്ന പണം. കഥാപാത്രത്തെ കൊണ്ടു സാരോപദേശം നടത്തി ഇപ്പോഴും കിഴക്കൻ ബ്രസീലിൽ എവിടെയോ ജീവിച്ചിരിക്കുന്ന ഒരു സീരിയൽ കൊലപാതകിയെ ന്യായീകരിക്കുകയാണ് ഹെൻറ്വിക് ഗോൾഡ്മാൻ.

പനാജി: ജൂലിയൊ സന്താനോ. ചരിത്രം ഭീതിയോടെ മാത്രം ഓർമിക്കുന്ന പേര്. ബ്രസീലിലെ സാധാരണ മത്സ്യ തൊഴിലാളി കുടുംബത്തിൽ പിറന്ന ചെറുപ്പക്കാരൻ. ചെറിയ കാലയളവിനുള്ളിൽ നടത്തിയ 492 കൊലപാതകങ്ങൾ. ഇന്നും മറയത്തു ജീവിക്കുന്ന ജൂലിയൊ ഒരു ദുരഹൂതയാണ്. ഒരിക്കൽ മാത്രം പിടിക്കപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ജയിൽ മോചിതനാകുകയും ചെയ്ത സന്താനോയെ കുറിച്ചു നിരവധി കഥകൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ ഫോണിലൂടെ അഭിമുഖം നടത്തിയ ബ്രസീലിയൻ മാധ്യമ പ്രവർത്തകൻ ക്ലെസ്റ്റർ കെവൽകന്റിയുടെ ദി നെയിം ഒഫ് ഡെത്ത് എന്ന പുസ്തകമാണ് അൽപ്പമെങ്കിലും ആധികാരികമെന്നാണു വിലയിരുത്തന്നപ്പെടുന്നത്. ഈ സംഭവത്തെ ഈ പുസ്തകം ആധാരമാക്കാതെ സ്വതന്ത്ര ആവിഷ്കാരത്തിലൂടെ സിനിമയാക്കി ഹെൻ റ്വിക് ഗോൾഡ്മാൻ. 

കൊല്ലപ്പെടുന്നതിന് ഒരു കാരണവും വേണ്ട. എന്നാൽ കൊലപ്പെടുത്താൻ ഒരു കാരണമുണ്ട്. പ്രതിഫലം. പ്രതിഫലമായി ലഭിക്കുന്ന പണം. കഥാപാത്രത്തെ കൊണ്ടു സാരോപദേശം നടത്തി ഇപ്പോഴും കിഴക്കൻ ബ്രസീലിൽ എവിടെയോ ജീവിച്ചിരിക്കുന്ന ഒരു സീരിയൽ കൊലപാതകിയെ ന്യായീകരിക്കുകയാണ് ഹെൻറ്വിക് ഗോൾഡ്മാൻ. കൊലപാതകങ്ങളെ  ഗോൾഡ്മാൻ ന്യായീകരിക്കുന്നില്ല. പാപമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാൽ അയാളുടെ സാഹചര്യങ്ങൾ ഉദ്ധരിച്ചു കൊലപാതകിയെ ന്യായീകരിക്കാൻ ഒരു ശ്രമം നടത്തുന്നുണ്ട് സിനിമയിൽ. അതു ഫലം ചെയ്യുന്നില്ലെങ്കിലും കൊലപാതകിയോട് ഒരു സഹതാപം പ്രേക്ഷകർക്കു തോന്നും വിധം മനോഹരമാക്കാൻ ഹെൻ റ്വിക് ഗോൾഡ്മാനു കഴിഞ്ഞിട്ടുണ്ട്.

സന്താനോയെ കുറിച്ചു പഠിച്ചവരൊക്കെ ചില കാര്യങ്ങൾ സമ്മതിക്കുന്നുണ്ട്. അയാൾ ഒരു സൈക്കോപാത്ത് അല്ല. വിശ്വാസിയാണ്. ഈ വസ്തുതയിൽ നിന്നുമാണ് ഹെൻ റ്വിക് ഗോൾഡ് മാൻ 492 ( എ മാൻ കാൾഡ് ഡെത്ത് )  സിനിമ ചെയ്യുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സന്താനോ സ്വതവെ ഒരു മടിയനായിരുന്നു. പിതാവിന്റെ ടയർ വർക്ക് ഷോപ്പിൽ മറ്റു സഹോദരങ്ങളെ പോലെ പണിയെടുക്കാൻ അയാൾക്കു കഴിയുന്നില്ല. സഹോദരങ്ങളും മാതാപിതാക്കളും സന്താനോയുടെ സ്വഭാവത്തിൽ അസ്വസ്ഥരാണ്. ഒടുവിൽ സന്താനോയെ ബന്ധുവിനൊപ്പം പൊലീസിൽ ചേർക്കാനായി അയക്കുന്നു. ബന്ധുവാകട്ടെ കൂലിക്കു കൊലപാതകം നടത്തി പണം സമ്പാദിക്കുന്ന ആളാണ്. 

സന്താനോയെയും ഈ മാർഗത്തിലേയ്ക്ക് കൊണ്ടു വരുന്നു. ആദ്യ കൊലപാതകം നടത്തുമ്പോഴും പിന്നീടും മാനസികമായി തളരുന്നു സന്താനോ. പാപത്തെ ഭയക്കുന്നുമുണ്ട്. എന്നാൽ പണം എന്ന ആവശ്യം സന്താനോയെ കൃത്യം തുടരാൻ പ്രേരിപ്പിക്കുന്നു. പ്രായത്തിൽ മുതിർന്ന സ്ത്രീയുമായി പ്രണയത്തിലാകുകയും ഒരു മകൻ ജനിക്കുകയും ചെയ്യുന്നു. സന്താനോ നിഷ്ഠൂരനല്ല. എന്നിൽ നിർവികാരനാണ്. പ്രതിഫലം പറ്റി കൊലപ്പെടുത്തുമ്പോൾ കൊല്ലപ്പെടുന്നയാൾ മരിക്കേണ്ടയാളാണെന്നു സ്വയം വിശ്വസിക്കുന്നു. മറ്റൊന്നും അയാളെ സ്വാധീനിക്കുന്നില്ല. പ്രണയവും കുടുംബത്തോടുള്ള സ്നേഹവുമൊക്കെ കാണുമ്പോഴാണ് നിഷ്ഠൂരനല്ലെന്നു വ്യക്തമാകുന്നത്. ഇതിനായി മനഃപൂർവം ഹെൻ റ്വിക് ഗോൾഡ്മാൻ പ്രണയരംഗങ്ങൾ സിനിമയിൽ തന്മയത്വത്തോടെ വിളക്കി ചേർക്കുന്നു. 

ഒരിക്കൽ പിടിക്കപ്പെടുമ്പോൾ ഭാര്യക്കും കുടുംബത്തിനുമായി എല്ലാം ഉപേക്ഷിക്കുന്നു. എന്നാൽ പിന്നീടുണ്ടായ സാമ്പത്തിക പരാധീനതകൾ ഇയാളെ വീണ്ടും വാടക കൊലയാളിയാകാൻ പ്രേരിപ്പിക്കുന്നു. ഈ സമയം ഭാര്യയുടെ അറിവോടെ കൊലയ്ക്കിറങ്ങുന്നു. ദാരിദ്ര്യത്തിൽ നിന്നും കരകയറി അത്യാധുനിക സൗകര്യങ്ങളിലേയ്ക്കു കുടുംബം ചേക്കേറുന്നു. ഈ സന്തോഷത്തിനിടയിൽ മകൻ കൊല്ലപ്പെടുന്നു. ഇതോടെ മനസു മടുത്ത സന്താനോയും കുടുംബവും നാട്ടിൻപുറത്തേയ്ക്കു പാലായനം ചെയ്യുന്നു. ഇതിനിടയിൽ 492 കൊലപാതകങ്ങൾ സന്താനോ നടത്തി കഴിഞ്ഞു. ഇതിന് ശേഷം ആരും സന്താനോയെ കണ്ടിട്ടോ സന്താനോയെ കുറിച്ചു കേട്ടിട്ടോ ഇല്ല. 

ഹെൻറ്വിക് ഗോൾഡ്മാൻ സന്താനോയെ ന്യായീകരിക്കുന്നതിനായി നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട്. ഒരിക്കൽ പോലും കൊല്ലപ്പെടുന്നവരോട് പ്രേക്ഷകർക്കു സഹതാപം തോന്നില്ല. സന്താനോയോടാകട്ടെ പലപ്പോഴും സഹതാപം തോന്നുകയും ചെയ്യും. ഒരു യഥാർഥ സംഭവത്തെ, അതും നിരവധി കഥകൾ പ്രചരിക്കുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത സംഭവത്തെ വ്യത്യസ്തമായ തരത്തിൽ അവതരിപ്പിക്കുന്നതിൽ‌ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അതു വഴി സിനിമയും വിജയിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top