Published:29 November 2018
ചില ചോദ്യങ്ങൾ അങ്ങനെയാണ് ഉത്തരം കണ്ടെത്തുവാൻ വലിയ പ്രയാസമായിരിക്കും. ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി നിൽക്കുകയാണ് പോളണ്ടിലെ വെസ്റ്റ് പോമറേനിയയിലെ ഒരു പൈൻമരക്കാട്. ക്രൂക്ക്ഡ് ഫോറസ്റ്റെന്നാണ് ശാസ്ത്രലോകം ഈ കാടിനു നൽകിയിരിക്കുന്ന പേര്.
സംഭവം എന്താണെന്നല്ലേ ഈ കാട്ടിലെ എല്ലാ മരങ്ങളുടെയും കീഴ്ത്തടി ഒരു ഭാഗത്തേക്ക് വളഞ്ഞാണിരിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് എല്ലാ മരങ്ങളും ഇങ്ങനെ വളരുന്നത് എന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കാലാവസ്ഥ കാരണമാണെന്നും ഇത് മനുഷ്യ നിർമിതമാണെന്നുമൊക്കെയാണ് പലരുടെയും വാദങ്ങൾ. പകൽ സമയങ്ങളിൽ പോലും കനത്ത മൂടൽ മഞ്ഞുകൊണ്ട് ചുറ്റപ്പെട്ട സ്ഥലമാണ് ഈ പൈൻമരക്കാട്. നിലവിൽ ഇവിടം സംരക്ഷിത വനപ്രദേശമാക്കിയിരിക്കുകയാണ്. 400ലധികം പൈൻമരങ്ങളാണ് ഈ കാട്ടിൽ വളഞ്ഞിരിക്കുന്നത്.
ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ഈ വളഞ്ഞ മരങ്ങളുള്ള കാട്ടിലേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് വടക്കോട്ട് വളഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. എന്തായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റിന് പിന്നിലെ രഹസ്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.