07
December 2019 - 4:40 pm IST

Download Our Mobile App

Flash News
Archives

Kerala

sabarimala-thantri-devaswom-board

തന്ത്രി ദേവസ്വം ബോർഡിന്‍റെ ജീവനക്കാരനാണോ? യാഥാർഥ്യമെന്ത്

Published:06 December 2018

തന്ത്രി ഒരു ക്ഷേത്രത്തിൽ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരനല്ല. മേൽശാന്തിയും കീഴ്ശാന്തിയുമൊക്കെയാണ് ശമ്പളം പറ്റുന്ന ജീവനക്കാർ. തന്ത്രിക്ക് പ്രതിഫലം എന്നത് വാർഷികമായി ക്ഷേത്രത്തിൽ ഉണ്ടാകുന്ന വിശേഷ വിധികൾക്ക് പങ്കെടുക്കുമ്പോൾ നൽകുന്ന ദക്ഷിണ മാത്രമാണെന്നും അഖില കേരള തന്ത്രി സമാജം.

കൊച്ചി: ക്ഷേത്രത്തിലെ തന്ത്രിമാരും ദേവസ്വം ബോർഡിന്‍റെ ജീവനക്കാരാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ അഖില കേരള തന്ത്രി സമാജം രംഗത്തെത്തി. തന്ത്രി ഒരു ക്ഷേത്രത്തിൽ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരനല്ലെന്നും ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത തന്ത്രിയെ ജീവനക്കാരൻ ആണെന്ന് സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നത് ചില ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്നും അഖില കേരള തന്ത്രി സമാജം ഉത്തര മേഖലാ സെക്രട്ടറി പുടയൂർ ജയനാരായണൻ പറഞ്ഞു. 

തന്ത്രി ഒരു ക്ഷേത്രത്തിൽ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരനല്ല. മേൽശാന്തിയും കീഴ്ശാന്തിയുമൊക്കെയാണ് ശമ്പളം പറ്റുന്ന ജീവനക്കാർ. തന്ത്രിക്ക് പ്രതിഫലം എന്നത് വാർഷികമായി ക്ഷേത്രത്തിൽ ഉണ്ടാകുന്ന വിശേഷ വിധികൾക്ക് പങ്കെടുക്കുമ്പോൾ നൽകുന്ന ദക്ഷിണ മാത്രമാണ്. അതല്ലാതെ ഒരു ജീവനക്കാർക്ക് ഉളള ശമ്പളം, പി.എഫ്, ഡി.എ, പെൻഷൻ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്ത്രിക്കില്ലെന്നും ജയനാരായണൻ പറഞ്ഞു. നേരത്തെ, ക്ഷേത്രം തന്ത്രിക്ക് ദേവസ്വം ബോർഡിന്‍റെ ജീവനക്കാരൻ മാത്രമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ജയനാരായണൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തന്ത്രിയെ ശംബളക്കാരനാക്കുന്ന മന്ത്രി.
തന്ത്രി ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണ് എന്ന് ആവർത്തിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആദ്യം ജി സുധാകരനും, പിന്നെ എം.എം മണിയും ഇത് പറഞ്ഞപ്പോൾ വിവരമില്ലായ്മ്മ മാത്രമായാണ് തോന്നിയത്. എന്നാൽ ഇപ്പോൾ ദേവസ്വം മന്ത്രി നിയമസഭയിൽത്തന്നെ അത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നു. ഇത് വഴി മന്ത്രി/സർക്കാർ ലക്ഷ്യമിടുന്നത് എന്താണ്..?'

കഴിഞ്ഞ രണ്ട് മാസമായി പലവുരു ചർച്ച ചെയ്ത് പഴകിയ ഈ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യേണ്ടി വരുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. പക്ഷേ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും മറ്റ് ഇടങ്ങളിലും എല്ലാം ഭരണഘടനയ്ക്ക് വിധേയമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ നിരന്തര "ആക്ഷേപങ്ങൾ" കേട്ട് വയറ് നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാൻ. ഈ വിഷയത്തില്‍ അര ശതമാനം പോലും അംഗബലമില്ലാത്ത ആചാര്യ വര്‍ഗ്ഗത്തിന് (തന്ത്രി സമൂഹത്തിന്) യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാന്‍ മറ്റാരുമില്ലാത്തതിനാല്‍ മാത്രം വീണ്ടും വീണ്ടു ഇത് പറയേണ്ടി വരുന്നതാണ്.

1. ആരാണ് ഒരു ക്ഷേത്രത്തിലെ തന്ത്രി..? 
ഒരു ക്ഷേത്രം തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡോ, സംസ്ഥാന സർക്കാരോ, നിയമസഭയോ ഒന്നുമല്ല. തന്ത്രി എന്നത് ഒരു ഹെറിഡിറ്ററി പദവിയാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങൾ നിഷ്കർഷിക്കുന്ന മേലാള പ്രതിനിധിയുമല്ല തന്ത്രി. പ്രതിഷ്ഠാദി സങ്കീര്‍ണ്ണ താന്ത്രിക ക്രിയകള്‍ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്പ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. അമ്പലം പണി മുതൽ പ്രതിഷ്ഠവരെയുള്ള ക്രിയകൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്നു. ഇദ്ദേഹത്തിനു ശേഷം ആ ക്ഷേത്രത്തിലെ നിത്യനിദാനങ്ങൾ നിർവ്വഹിക്കുന്നതിന് തന്ത്രിയുടെ പകരക്കാരനായി മേൽശാന്തിമാരെ ഓരോ ക്ഷേത്രങ്ങളിലും നിയമിക്കുന്നതാണ് പണ്ടു മുതലെയുള്ള പതിവ്.

1978- ലെ ഗുരുവായൂർ ദേവസ്വം നിയമത്തിൽ ( വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവും ചടങ്ങുകളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സർക്കാരിനോ ഭരണ സമിതിക്കോ കമ്മീഷണർക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു അധികാരവുമില്ല. ഇതേ കാര്യം 1971ലെ കൂടൽമാണിക്കം ദേവസ്വം ആക്ടിലും കാണാവുന്നതാണ്. 2015ൽ എസ് ഉണ്ണികൃഷ്ണൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവും പരിശോധിക്കുക "ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാൽ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് ആ ദേവന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊർജമാണ്‌, പ്രദാനം ചെയ്യുന്നത്."

2. തന്ത്രി ദേവസ്വം ബോർഡിലെ ജീവനക്കാരനാണോ..?
അല്ല. തന്ത്രി ദേവസ്വം ബോർഡിന്‍റെ ജീവനക്കാരൻ അല്ല. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡല്ല. തന്ത്രി എന്ന പദവി, ആ ക്ഷേത്രത്തിൽ പ്രതിഷ്ഠ നിർവ്വഹിച്ച ആചാര്യന്‍റെ പരമ്പരയിലേക്ക് (പ്രസ്തുത തറവാട്ടിലേക്ക് ) പാരമ്പര്യമായി വന്നു ചേരുന്നതാണ്. ഇതിന്‍റെ ദായക്രമം തീർത്തും മക്കത്തായപ്രകാരമാണ്. തന്ത്രി എന്നത് ഒരു വ്യക്തിയല്ല. പ്രസ്തുത തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും ആ തറവാടിന് താന്ത്രികാധികാരമുള്ള ക്ഷേത്രത്തിൽ തുല്യ അവകാശവും അധികാരവും ആണ്.

3. തന്ത്രി ദേവസ്വത്തിന്‍റെ ശമ്പളക്കാരനാണോ..? 
തന്ത്രി ഒരു ക്ഷേത്രത്തിൽ നിന്നും ശംബളം പറ്റുന്ന ജീവനക്കാരനല്ല. മേൽശാന്തിയും കീഴ്ശാന്തിയുമൊക്കെയാണ് ശംബളം പറ്റുന്ന ജീവനക്കാർ. തന്ത്രിക്ക് പ്രതിഫലം എന്നത് വാർഷികമായി ക്ഷേത്രത്തിൽ ഉണ്ടാകുന്ന വിശേഷ വിധികൾക്ക് പങ്കെടുക്കുമ്പോൾ നൽകുന്ന ദക്ഷിണ മാത്രമാണ്. അതല്ലാതെ ഒരു ജീവനക്കാർക്ക് ഉളള ശംബളം, PF, DA, പെൻഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്ത്രിക്കില്ല.

ഇതൊന്നും ഇല്ലാത്ത തന്ത്രിയെ ജീവനക്കാരൻ ആണെന്ന് സ്ഥാപിക്കാൻ ഭരണകൂടം നിരന്തരം ശ്രമിക്കുന്നത് തന്നെ ചില ഗൂഢനീക്കങ്ങളുടെ ഭാഗമായി തന്നെയാണ് എന്ന് വേണം മനസിലാക്കാൻ. 
Pudayoor Jayanarayanan


വാർത്തകൾ

Sign up for Newslettertop