Published:14 April 2018
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസ് ആദ്യം സസ്പെൻഷനിലായ റൂറൽ ടാസ്ക് ഫോഴ്സ് (ആർടിഎഫ്) ഉദ്യോഗസ്ഥരിൽ ഒതുക്കാൻ നീക്കം. ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത സംഘത്തിലെ കളമശേരി എആര്‍ ക്യാംപിലെ പൊലീസുകാരായ ജിതിന് രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരിൽ കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണു സൂചനകൾ.
കേസിൽ ഇവർക്ക് പുറമേ പറവൂർ സിഐ ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെ ആലുവ പൊലീസ് ക്ലബിൽ ആദ്യ സംഘത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തങ്ങൾ ശ്രീജിത്തിനെ മർദിച്ചിട്ടില്ലെന്നാണ് ഇവർ അറിയിച്ചത്. സസ്പെഷനിലായ സന്തോഷ് കുമാര്‍ സഹോദരൻ ബേസിലുമായി നടത്തിയ ഫോൺ സംഭാഷണവും ഇന്നലെ പുറത്തു വന്നു. ലോക്കൽ പൊലീസ് തങ്ങളെ കുടുക്കുകയാണ് എന്ന സൂചന ഇതിലുണ്ട്. ടാസ്ക് ഫോഴ്സ് സംഘം മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ കൊണ്ടു പോയതെന്നാണു ഭാര്യ അഖിലയുടെ മൊഴി.