18
June 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Astrology

star-prediction-for-2019-new-year

2019 നിങ്ങൾക്കനുകൂലമോ? സമ്പൂർണ നക്ഷത്രഫലം വായിക്കാം

Published:29 December 2018

# സുരേഷ് നമ്പൂതിരി- 9496795629

കഴിഞ്ഞ കുറെ വർഷങ്ങളായി ചെയ്തുവരുന്ന പ്രവർത്തികളുടെ സമ്മിശ്രഫലങ്ങൾ 2019ൽ അനുഭവിക്കും. ആരോഗ്യത്തെ കുറിച്ച് ബോധവനായിരിക്കുന്നതിനാൽ വർഷാരംഭത്തിൽ ആരോഗ്യം അനുകൂലമായിരിക്കും.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കഴിഞ്ഞ കുറെ വർഷങ്ങളായി ചെയ്തുവരുന്ന പ്രവർത്തികളുടെ സമ്മിശ്രഫലങ്ങൾ 2019ൽ അനുഭവിക്കും. ആരോഗ്യത്തെ കുറിച്ച് ബോധവനായിരിക്കുന്നതിനാൽ വർഷാരംഭത്തിൽ ആരോഗ്യം അനുകൂലമായിരിക്കും. നിങ്ങളുടെ മിക്ക ആഗ്രഹാഭിലാഷങ്ങളും സാധിക്കും. ഇതേവരെയുള്ള മടിയും ആലസ്യവും മാനസികാസ്വസ്തയും വെടിഞ്ഞ് പുതിയ ഊർജത്തോടെ മുന്നേറാൻ സാധിക്കും. മത്സരങ്ങളിലും പരീക്ഷകളിലും മികവ് പ്രകടിപ്പിക്കാൻ സാധിക്കും ഈ വർഷം നിങ്ങളുടെ തൊഴിലിനെ സംബന്ധിച്ച് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. നിങ്ങളുടെ മികച്ച പരിശ്രമങ്ങളാൽ നിങ്ങൾ വിജയിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ അസ്ഥിരത പ്രകടമാകും. വർഷത്തിന്‍റെ മധ്യത്തിൽ നിങ്ങളുടെ ബിസിനസ് കൂടുതൽ മെച്ചപ്പെടുകയും അത് നിങ്ങൾക്ക് കൂടുതൽ സാമ്പത്തികഗുണം നൽകുകയും ചെയ്യും. പ്രണയ ജീവിതത്തിനു അത്രമാറ്റം സംഭവിക്കുകയും നിങ്ങളുടെ ബന്ധം ദൃഡമായി സൂക്ഷിക്കുന്നതിനു സ്നേഹത്തിൽ കുറച്ചുകൂടി സുതാര്യത ആവശ്യമാണ്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

നിങ്ങളുടെ ആരോഗ്യസ്ഥിതി അൽപ്പം മോശമായിരിക്കും ആയതിനാൽ ഈ വർഷം നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് കൂടുതൽ ശ്രദ്ധയോടെ ഇരിക്കേണ്ടതാണ്. ജോലി സംബന്ധിച്ച് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കരിയറിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. നല്ല ഫലത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കളെ പരാജിതരാക്കാനും തളച്ചിടാനും സാധിക്കും. രാഷ്ട്രീയക്കാർക്കും സാമൂഹ്യപ്രവർത്തകർ‌ക്കും ഏറ്റവും നല്ലവർഷമായിരിക്കും. ഇരുമ്പ്, ഉരുക്ക്, അലുമിനീയം, ഐടി മേഖല ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും നല്ല വർഷമാണ്. ഈ വർഷത്തിൽ നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ഏപ്രിൽ പകുതിക്ക് ശേഷം സാമ്പത്തിക സ്ഥിതി ശക്തമാകുകയും പിന്നീട് അതേസ്ഥിതിയിൽ തുടരുകയും ചെയ്യും.

മിഥുനം രാശി (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഈവർഷം നിങ്ങൾക്ക് ആരോഗ്യപരമായ നേട്ടങ്ങൾ ലഭിക്കും; എന്നിരുന്നാലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ വർഷം എല്ലാ കാര്യങ്ങളും നടക്കുമെങ്കിലും മൊത്തത്തിൽ ഒരുമന്ദത അനുഭവപ്പെടും. വാണിജ്യ- വ്യവസായിക പ്രവർത്തനങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം തടസങ്ങൾ നേരിടേണ്ടിവരും. പക്ഷേ കോടതി കേസുകൾ, നിയമയുദ്ധങ്ങൾ ഇവയിൽ അപ്രതീക്ഷിത വിജയം നേടും. സാമ്പത്തിക നേട്ടങ്ങൾക്ക് ശക്തമായ സാധ്യതയുണ്ട്. ബിസിനസിലെ പുതിയ ആശയങ്ങൾ നിങ്ങളുടെ സാമ്പത്തികലാഭം വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഈ വർഷം പണം ശേഖരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. എന്നിരുന്നാലും ബിസിനസ് വികസിപ്പിക്കുന്നതിനായി വീട്ടിൽ നിന്നും മാറിനിൽക്കേണ്ടിവരും. പുതിയ വീടിന്‍റെ പണി പൂർത്തിയാക്കും, പുതിയ വാഹനം വാങ്ങിക്കും. നരസിംഹ സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്.

കർക്കിടകം രാശി (പുണർതം1/4, പൂയം, ആയില്യം)

സാമ്പത്തികമായും തൊഴിൽപരമായും നിങ്ങൾക്ക് അനുകൂലമായിരിക്കും. എന്നിരുന്നാലും ആരോഗ്യസ്ഥിതി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് കാരണം ഈ വർഷം ഉടനീളം നിങ്ങളുടെ ആരോഗ്യസ്ഥിതിയിൽ വ്യതിയാനങ്ങൾ വന്നേക്കാം. വർഷങ്ങളായി കുഞ്ഞുങ്ങൾക്ക് കാത്തിരുന്നവർക്ക് കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടാകും. ഭൂരിഭാഗം ആളുകൾക്കും പെൺകുഞ്ഞിനെ പ്രതീക്ഷിക്കാം. പ്രണ‍യത്തിനു ശുഭപര്യാവസനം ഉണ്ടാകുന്ന വർഷമാണിത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ജോലിക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും നവംബർ മുതൽ ഡിസംബർ വരെയും ജോലിയിലും ബിസിനസിലും നിങ്ങൾക്ക് നല്ല വാർത്തകൾ കിട്ടും. ധനപരമായ നേട്ടങ്ങൾക്കുള്ള നിരവധി അവസരങ്ങൾ ഈവർഷം ഉടനീളം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തികസ്ഥിതി ശക്തമായി തന്നെ നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങൾക്കു പുറമെ ഈ വർഷം നിങ്ങൾക്ക് ധനനഷ്ടവും നേരിടേണ്ടിവരും. ചിത്രകാരന്മാർ, ചലച്ചിത്ര നിർമാതാക്കൾ, കവികൾ എന്നിവർക്ക് ഈവർഷം വളരെ ഫലപ്രദമാകും. സുബ്രഹ്മണ്യന് പഞ്ചാമൃതവും ഭദ്രകാളിക്ക് പുഷ്പാജ്ഞലിയും ഗുണം ചെയ്യും.

ചിങ്ങംരാശി (മകം, പൂരം, ഉത്രം 1/4)

ഈവർഷം നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. വർഷാദ്യം ശാരീരിക ക്ഷീണവും ഊർജം കുറവും അനുഭവപ്പെടുമെങ്കിലും ക്രമേണ ആരോഗ്യസ്ഥിതി അനുകൂലമായി വരും. പുതിയ പരിചയപ്പെടലുകളുടേയും സൗഹൃദങ്ങളുടേയും വർഷമായിരിക്കും ഇത്. നിങ്ങളുടെ കരിയറിൽ വിജയം നേടുവാൻ‌ നിങ്ങൾ കഠിനാധ്വാനം ചെയ്യും. ജോലിയിൽ വിജയകരമായ ഫലങ്ങൾ ലഭിക്കും. എന്നാൽ ഈ ഫലങ്ങളൊന്നും നിങ്ങൾക്ക് തൃപ്തി തരുകയില്ല. ഒരു പുതിയ ഓഫീസിൽ പ്രവർത്തിക്കുവാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഈ വർഷം സാമ്പത്തിക സുസ്ഥിരിത പ്രതീക്ഷിക്കാം. ബിസിനസുകൾക്കും ബിസിനസുകാർക്കും വളരെ നല്ല വർഷമായിരിക്കും. ഒറ്റയ്ക്ക് നടത്തുന്ന സംരംഭങ്ങളെക്കാൾ കൂട്ടായി നടത്തുന്ന ശ്രമങ്ങൾക്കാണ് കൂടുതൽ വിജയസാധ്യത. നിങ്ങളുടെ പ്രണയജീവിതം വെല്ലുവിളിയായി അനുഭവപ്പെടും. പ്രണയ പങ്കാളിയുമായി വാദപ്രതിവാദമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയാൽ പ്രണയ ബന്ധത്തിനു കോട്ടം സംഭവിക്കാം. വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മിയെ പ്രാർഥിക്കുന്നത് ഉത്തമം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആരോഗ്യം ഈ വർഷം നിരവധി ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരും. കൂടാതെ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് സമ്മിശ്രഫലങ്ങൾ ഉണ്ടാകും. നിങ്ങളുടെ കരിയറിലും സമ്മിശ്രഫലങ്ങൾ ഉണ്ടാകും. ഏറെ അധ്വാനിച്ചാൽ മാത്രം വിജയം കരസ്ഥമാക്കാൻ പറ്റുന്ന വർഷം. ചെറിയ തോതിലുള്ള ശ്രമങ്ങളൊന്നും മാറ്റങ്ങൾ സൃഷ്ടിക്കില്ല. എങ്കിലും ഇതുവരെയില്ലാത്ത ധൈര്യവും മനഃസാന്നിധ്യവും കൈവന്നതായി അനുഭവപ്പെടും. താങ്കളുടെ കാര്യക്ഷമമായ ആശയവിനിമയ കഴിവുകൾ മുഖേന പ്രൊഫഷണൽ വിജയം നേടും. സാമ്പത്തിക ജീവിതം പതിവുള്ളതിനേക്കാൾ മെച്ചമായിരിക്കും. ഈവർഷം ആദ്യം മുതൽ അത് നിങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങും. എന്നാൽ ചിലവുകൾ വർദ്ധിക്കാനിടയുണ്ട്. എന്നിരുന്നാലും സാഹചര്യങ്ങൾ നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ തുടരും. ഈ വർഷം പ്രണയ ജീവിതത്തിനു അനുകൂലമല്ല. പ്രണയ ജീവിതത്തിൽ വെല്ലുവികളെ നേരിടേണ്ടിവരും. ചൊവ്വാഴ്ചതോറും ഗണേശന് കറുകമാല, മോദകം, നെയ്യ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ഉത്തമം.

തുലാരാശി (ചിത്തിര1/2, ചോതി, വിശാഖം3/4)  

ആരോഗ്യം ഈ വർഷം നല്ല രീതിയിൽ ആയിരിക്കും. നിങ്ങൾക്ക് ആരോഗ്യപരമായ ആനുകൂല്യങ്ങൾ ലഭിക്കുക മാത്രമല്ല, ഏറെക്കാലമായി നിങ്ങളെ വിഷമിപ്പിക്കുന്ന ദീർഘകാല രോഗങ്ങൾ ഒഴിവാകുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ മികച്ച ഫലങ്ങൾ ലഭിക്കും. ഏപ്രിലിനു ശേഷം നിങ്ങളുടെ പുതിയ ആശയങ്ങൾ വിജയം കൈവരിക്കാൻ സഹായിക്കും. ഈ സമയത്ത് തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നു പിന്തുണ ലഭിക്കുമെങ്കിലും പ്രതീക്ഷിക്കുന്നത്രയും അവരിൽ നിന്നും നിങ്ങൾക്ക് ലഭിക്കുകയില്ല. ഈ വർഷം നിങ്ങളുടെ ജനപ്രിയതയും സ്വാധീനശക്തിയും വർധിക്കും. സാമ്പത്തിക മേഖലയിൽ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിന് ധാരാളം അവസരങ്ങൾ വന്നുചേരും. പുതിയ വീട്, വ്യവസായ സ്ഥാപനങ്ങൾ എന്നിവ സ്വന്തമാക്കാൻ സാധ്യതയുണ്ട്. പ്രണയ പങ്കാളിയുമായി നിങ്ങളുടെ പൊരുത്തപ്പെടൽ കുറ്റമറ്റതായിരിക്കും. വീട്ടിനുള്ളിലെ സന്തോഷത്തിലും സമാധാനത്തിലും നിങ്ങൾക്ക് സന്തുഷ്ടരായിരിക്കും. ശിവനേയും ദുർഗയേയും ഭജിക്കുന്നത് വളരെ ഉത്തമം.

വ്യശ്ചികം രാശി (വിശാഖം 3/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ അൽപം ജാഗ്രത ഉണ്ടായിരിക്കണം. നിങ്ങളുടെ ആരോഗ്യസ്ഥിതി കുറയുന്നുണ്ടെങ്കിൽ അശ്രദ്ധമായിരിക്കരുത്. നിങ്ങളുടെ രോഗത്തെ ഇല്ലാതാക്കാൻ ചികിത്സിക്കുക. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ മികച്ച ഫലങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ നിങ്ങൾ വിജയിക്കുകയും ജോലിയിൽ നിരവധി അവസരങ്ങൾ വന്നുചേരുകയും ചെയ്യും. ഒരു നല്ല കമ്പനിയിൽ നിന്നും നിങ്ങൾക്ക് ജോലി വാഗ്ദാനം ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം തിളങ്ങി നിൽക്കുന്ന വർഷമായിരിക്കും ഇത്. നിങ്ങളുടെ ജനപ്രിയതയും സ്വാധീനശക്തിയും വർദ്ധിക്കും. ആത്മവിശ്വാസവും ധൈര്യവും കൂടും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രണയ ജീവിതത്തിനു അനുകൂലമാണ് ഈ വർഷം. ബുധനാഴ്ച ദിവസങ്ങളിൽ ശ്രീകൃഷ്ണനു നെയ്യ് കൊടുക്കുന്നത് ഉത്തമ ഫലത്തെ പ്രദാനം ചെയ്യും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം1/4)

വർഷമാദ്യത്തിൽ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഈ വർഷം വാഹനം ശ്രദ്ധാപൂർവം ഓടിക്കുക. ജന്മത്തിൽ നിൽക്കുന്ന ശനി നിങ്ങൾക്ക് മാനസികാസ്വാസ്ഥ്യം കൂടുകയും ആത്മബലം കുറയുകയും ചെയ്യും. ഏതുകാര്യത്തിലും ഉത്കണ്ഠ വർദ്ധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ കരിയറിൽ നിരവധി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ കഠിനാധ്വാനത്തിനു ഫലംകിട്ടും. ഈ സമയത്ത് നിങ്ങൾക്ക് ജോലികയറ്റമോ അല്ലെങ്കിൽ നിലവിലെ വരുമാനത്തിൽ വർദ്ധനവോ ഉണ്ടാകും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറെക്കുറെ അനുകൂലമായിരിക്കും. വിവിധ സ്രോതസുകളിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്താൻ കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ബിസിനസ് മുഖേനയും സ്ഥാപനങ്ങൾ മുഖേനയും സാമ്പത്തിക ലാഭം കിട്ടുവാൻ സാധ്യതയുണ്ട്. പുതിയതായി ജോലി പ്രതീക്ഷിക്കുന്നവർക്ക് അത് നിറവേറുവാൻ എല്ലാ സാധ്യതയും കാണുന്നു. ഈ വർഷം പ്രണയ ജീവിതത്തെ കുറിച്ച് കൂടുതൽ ഗൗരവം ഉണ്ടാകണം. മാതാപിതാക്കൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ശാസ്താവിനു ശനിയാഴ്ച നീരാജ്ഞനം കഴിപ്പിക്കുന്നത് ഉത്തമഗുണം ചെയ്യും.

മകരംരാശി (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ആരോഗ്യപരമായി ഈ വർഷം അത്ര ശോഭനമായിരിക്കുകയില്ല. ഏഴരാണ്ട ശനി തുടങ്ങിയതിനാൽ വാഹനത്തിലുള്ള യാത്ര, വീഴ്ച ഇവ പരമാവധി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്. കരിയറുമാ‍യി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായി പുരോഗതി കാണുന്നില്ല. കൂടാതെ മേലധികാരികളിൽ അപ്രീതി ഉണ്ടാകാതെ സൂക്ഷിക്കണം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വർഷാവസാനം കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നു. സാമ്പത്തിക ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ചിലവുകൾ അപ്രതീക്ഷിതമായി വർദ്ധിക്കുവാൻ സാധ്യതയുണ്ട്. വരുമാനത്തിന്‍റെ കാര്യത്തിൽ വർദ്ധന സാധ്യത കുറവാണ്. എന്നിരുന്നാലും ബിസിനസിൽ അഭിവൃദ്ധിയുണ്ടാകാൻ എല്ലാ സാധ്യതയും കാണുന്നു. ഗവേഷണ വിദ്യാർ‌ഥികൾ, എൻജിനീയർമാർ‌, ശാസ്ത്രജ്ഞർ‌ ഇവർക്ക് 2019 നല്ല വർഷം ആയിരിക്കും. നിങ്ങളുടെ പ്രണയപങ്കാളിയെ ഒരു ജീവിത പങ്കാളിയാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിിങ്ങളുടെ ആഗ്രഹം നിറവേറും. ശിവനേയും ആദിത്യനേയും ഭജിക്കുന്നതും ഓം നമഃശിവായ ചൊല്ലുന്നതും ഉത്തമഫലം ചെയ്യും.

കുംഭംരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി3/4)

നിങ്ങളുടെ ആരോഗ്യസ്ഥിതി ഈവർഷം വളരെ നല്ലതായിരിക്കും. നിങ്ങൾ പൂർണ ആരോഗ്യത്തോടും കൂടുതൽ ഊർജസ്വലരായും കാണപ്പെടും. നിങ്ങളുടെ എല്ലാ പ്രവർത്തികളിലും ആവേശകരമായ ഒരു ഊർജം കാണപ്പെടും. ഈ വർഷം കരിയറിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നല്ല വിജയം കൈവരിക്കും. കാലങ്ങളായി തടസപ്പെട്ടു കൊണ്ടിരിക്കുന്ന പ്രമോഷൻ ഈ വർഷം വന്നുചേരും. പുതിയതായി ജോലി അന്വേഷിക്കുന്നവർക്ക് ജോലി കിട്ടാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ സാമ്പത്തിക ജീവിതം അത്യുത്തമായിരിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു ശക്തമായ സാധ്യതകൾ കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുംവിധം ധനവരവ് കാണുന്നു. ധനസമ്പാദനത്തിനുള്ള എല്ലാ സാധ്യതകളും കാണുന്നു. ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ടാവുകയും ചെയ്യും. ഗായകർ, അഭിനേതാക്കൾ, ചിത്രകാരന്മാർ ഇവർക്ക് ഈ വർഷം നല്ല ഗുണം ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതം സാധാരണ നിലയേക്കാൾ മെച്ചപ്പെട്ടതാിരിക്കും. വർഷങ്ങളായി കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവർക്ക് കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടാകും. ഭഗവതിക്ക് നെയ്യ് വിളക്ക് സമർപ്പിക്കുന്നതും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ദർശനം നടത്തുന്നതും ഉത്തമഫലം ചെയ്യും.

മീനംരാശി (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ ആരോഗ്യം ഈ വർഷം നല്ല രീതിയിൽ നിലനിൽക്കും എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൊതുവേ തൃപ്തികരമായ വർഷം. നല്ല പ്രശസ്തി ലഭിക്കും. മാനസികമായും ശാരീരികമായും വൈകാരികമായും അധികം പ്രശ്നങ്ങളുണ്ടാവുകയില്ല. പഠനത്തിലും ജോലിയിലും അസൂയാവഹമായ നേട്ടങ്ങളുണ്ടാകും. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളെ വേട്ടായാടിയിരുന്ന പല പ്രശ്നങ്ങൾക്കും പൊടുന്നനെ പരിഹാരമുണ്ടാകും. പ്രൊഫഷണലുകൾക്ക് കരിയറിൽ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി വളരെ അഭിവൃദ്ധി പ്രതീക്ഷിക്കാവുന്ന വർഷമായിരിക്കും 2019. വാഹനം, വീട് എന്നിവ വന്നുചേരുന്ന വർഷമായിരിക്കും ഇത്. നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ച് ആശയക്കുഴപ്പത്തിലാക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ബന്ധത്തെ കുറിച്ച് നിങ്ങളുടെ മനസിൽ ഒരു പ്രത്യേക സംശയമുണ്ടാകാം. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രണയ പങ്കാളിയുമായി ഒരു ചൂടായ വാദപ്രതിവാദവും ഉണ്ടായേക്കാം. ദുർഗാദേവിയ്ക്ക് കുങ്കുമാർച്ചന നടത്തുന്നതും നെയ്യ് വിളക്ക് വയ്ക്കുന്നതും ഉത്തമഫലം പ്രദാനം ചെയ്യും.  


വാർത്തകൾ

Sign up for Newslettertop