Published:17 April 2018
മുംബൈ: പ്രശസ്തിയുടെ കൊടുമുടിയില്‍ വിലസുമ്പോഴും, വിനയം കൈവിടാത്ത ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെൻഡുൽക്കറുടെ ഏറ്റവും പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സദാ സമയവും അതീവ സുരക്ഷ വലയത്തിൽ കഴിയുന്ന സച്ചിൻ, അർധരാത്രിയിൽ യുവാക്കൾക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സച്ചിന്റെ സുഹൃത്തും മുൻ ദേശീയ ക്രിക്കറ്റ് താരവുമായ വിനോദ് കാബ്ലിയടക്കം നിരവധിപേർ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ നഗരത്തിലൂടെ കടന്നുപോകവേ മെട്രോയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന ഒരുകൂട്ടം യുവാക്കൾക്കിടയിലേക്കാണ് യാതൊരുവിധ ജാഡകളുമില്ലാതെ സച്ചിൻ എത്തിയത്. യാത്രക്കിടെ അർധരാത്രിയിൽ റോഡ് അരികിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ ശ്രദ്ധയിൽപ്പെട്ടതോടെ, കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് സച്ചിൻ എത്തുകയായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം വിലേ പാര്‍ലെയിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന് ക്രിക്കറ്റ് കളിച്ചത്.
സച്ചിനെ കണ്ടു അമ്പരപ്പിലായ യുവാക്കൾ എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം നിന്നുപോയി. ചിലർ സച്ചിന് ഹസ്തദാനം ചെയ്യാനായി ഓടിവന്നു. ഇതിനിടെ കാലിൽ തൊട്ട് അനുഗ്രഹം തേടാൻ ശ്രമിച്ച യുവാവിനെ അദ്ദേഹം സ്നേഹപൂർവം തടയുകയും ചെയ്തു. പിന്നാലെ യുവാക്കൾക്കൊപ്പം അൽപ്പനേരം ക്രിക്കറ്റ് കളിക്കാനും സച്ചിൻ തയ്യാറായി. അവർക്കൊപ്പം നിന്നു സെൽഫിയുമെടുത്ത ശേഷമാണ് സച്ചിൻ അവിടെനിന്നും മടങ്ങിയത്.
When God himself alights to play street cricket...... this is the true spirit of a Mumbaikar pic.twitter.com/Uqc7XVGrvG
— Harsh Goenka (@hvgoenka) April 17, 2018