Flash News
Archives

Bollywood

വർഷങ്ങൾക്കിപ്പുറം ശ്രീദേവിയുടെ സിനിമയെക്കുറിച്ച് 
ബോണി കപൂറിനോട് മാപ്പ് പറഞ്ഞ് സംവിധായകൻ

വർഷങ്ങൾക്കിപ്പുറം ശ്രീദേവിയുടെ സിനിമയെക്കുറിച്ച് ബോണി കപൂറിനോട് മാപ്പ് പറഞ്ഞ് സംവിധായകൻ

Published:17 April 2018

സംവിധായകന്‍റെ ക്ഷമാപണ ട്വീറ്റിനോട് സമ്മിശ്ര പ്രതികരണമായിരുന്നു ട്വിറ്ററില്‍. ചിലര്‍ ഈ ചിത്രം ഒരു പരാജയമായിരുന്നെന്ന് സമ്മതിച്ചപ്പോള്‍ മറ്റു ചിലര്‍ അതിന്‍റെ സാങ്കേതിക മികവാണ് ചൂണ്ടിക്കാട്ടിയത്. വിജയത്തെപ്പോലെ പരാജയത്തെയും തലയുയര്‍ത്തി സ്വീകരിക്കാനുള്ള സംവിധായകന്‍റെ മനസിനെയും ചിലര്‍ പ്രകീര്‍ത്തിച്ചു

ബോളിവുഡിന്‍റെ ലേഡി സൂപ്പർസ്റ്റാറിന്‍റെ സിനിമയെക്കുറിച്ച് അവരുടെ ഭർത്താവിനോട് മാപ്പുചോദിക്കുകയാണ് ഹിന്ദിചലച്ചിത്ര സംവിധായകൻ സതീഷ് കൗശിക്ക്. രൂപ് കി റാണി ചോരോൻ ക രാജ എന്ന പഴയകാല ബോളിവുഡ് ചിത്രമാണിപ്പോൾ സതീഷിനെക്കൊണ്ട് മാപ്പ് പറയിച്ചിരിക്കുന്നത്. 

 

 1993ൽ പുറത്തിറങ്ങിയ രൂപ് കി റാണി ചോരോന്‍ ക രാജ എന്ന സിനിമ അക്കാലത്തെ വൻബജറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മാത്രമല്ല താരസമ്പന്നവുമായിരുന്നു. ശ്രീദേവിയും അനില്‍ കപൂറും ജാക്കി ഷ്‌റോഫും അനുപം ഖേറുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രം. ഇന്നത്തെ ഹിറ്റ്മേക്കർ സതീഷ് കൗശിക്കിന്‍റെ കന്നിച്ചിത്രവുമായിരുന്നു. ജാവേദ് അക്തറും ലക്ഷ്മി പ്യാരിലാലും ഒന്നിച്ച ഹിറ്റ് പാട്ടുകൾ... ഏറെ വിശേഷണങ്ങളൊക്കെയുണ്ടായിട്ടും ചിത്രം ബോക്സോഫിസിൽ തകർന്നുവീണുവെന്നതാണ് സത്യം. എന്നാൽ സിനിമ തിയെറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോൾ സംവിധായകൻ നിർമാതാവിനോട് മാപ്പ് ചോദിക്കുകയാണ്. ചിത്രത്തിലെ നായിക ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് സിനിമ നിർമിച്ചത്. 

 


 ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് ബോക്സോഫിസില്‍ അതൊരു ദുരന്തമായിരുന്നു. പക്ഷേ, അതെന്‍റെ ആദ്യ ശിശുവാണ്. അതുകൊണ്ട് തന്നെ എന്നും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ഞാനിപ്പോള്‍ ശ്രീദേവി മാഡത്തെ ഓര്‍ക്കുകയാണ്. ഒപ്പം എനിക്കൊരു ബ്രേക്ക് നല്‍കിയ, ഇതുകാരണം ആകെ തകര്‍ന്നുപോയ ബോണി കപൂറിനോട് ക്ഷമയും ചോദിക്കുന്നുവെന്ന് ചിത്രത്തിന്‍റെ പോസ്റ്റര്‍ സഹിതം സതീഷ് കൗശിക്ക് ട്വീറ്റ് ചെയ്തിരിക്കുകയാണ്.


  സംവിധായകന്‍റെ ക്ഷമാപണ ട്വീറ്റിനോട് സമ്മിശ്ര പ്രതികരണമായിരുന്നു ട്വിറ്ററില്‍. ചിലര്‍ ഈ ചിത്രം ഒരു പരാജയമായിരുന്നെന്ന് സമ്മതിച്ചപ്പോള്‍ മറ്റു ചിലര്‍ അതിന്‍റെ സാങ്കേതിക മികവാണ് ചൂണ്ടിക്കാട്ടിയത്. വിജയത്തെപ്പോലെ പരാജയത്തെയും തലയുയര്‍ത്തി സ്വീകരിക്കാനുള്ള സംവിധായകന്‍റെ മനസിനെയും ചിലര്‍ പ്രകീര്‍ത്തിച്ചു. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും ചെലവേറിയതും ഏറ്റവും വലിയ പരാജയവുമായ ചിത്രമായാണ് രൂപ് കി റാണി ചോരോൻ കാ രാജ വിലയിരുത്തപ്പെടുന്നത്. അനിൽ കപൂറും അനുപം ഖേറും മറുപടി റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും മനസിലുണ്ടെന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. ചില പരാജയങ്ങളില്‍ വലിയ ചില വിജയകഥകളുണ്ടെന്നാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത അനുപം ഖേര്‍ പറഞ്ഞത്.

വാസ്തവത്തിൽ ശേഖര്‍ കപൂറായിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. കപൂര്‍ ഇടയ്ക്ക് വിട്ടുപോയതോടെയാണ് നവാഗതനായ സതീഷ് കൗശിക്കിനെ സംവിധായകനാക്കിയത്. വിജയചിത്രം അല്ലെങ്കിലും ശ്രീദേവിയുടെ അഭിനയജീവിതത്തിൽ മികച്ച സിനിമകളുടെ പട്ടികയിൽ ഈ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter