Published:25 January 2019
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം പ്രണവ് മോഹന്‍ലാല്‍ ഇരൂപത്തിയൊന്നാം നൂറ്റാണ്ടുമായി തിരിച്ചെത്തിയിരിക്കുകയാണ്. ആദി ആക്ഷന്‍ പ്രധാന്യം കൊടുത്ത ചിത്രമാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകുന്ന സിനിമയാണ് ഗോവയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ.
അപ്പുവെന്നാണ് പ്രണവിന്റെ കഥാപാത്രത്തെ പേര്. അപ്പുവിന്റെ അച്ഛന് കഥാപാത്രമായ ബാബയെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനാണ്. ഗോവയിലെ പഴയകാല ഡോണാണ് ബാബ. അച്ഛന്റെ ചരിത്രത്തിന്റെ തണലിൽ ജീവിക്കാൻ ആഗ്രഹിക്കാത്ത, അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഹോംസ്റ്റേ നടത്തുന്ന ചെറുപ്പക്കാരനായാണ് പ്രണവ് ചിത്രത്തിലെത്തുന്നത്.
ഇവര്‍ നടത്തുന്ന ഹോം സ്റ്റേയിലേക്ക് യാദൃഛികമായി സായ എന്ന പെണ്‍കുട്ടി താമസിക്കാനെത്തുന്നു. സായയോട് ഇഷ്ടം തോന്നിയ അപ്പു, തന്റെ ഇഷ്ടം തുറന്നു പറയുന്നതിനു മുൻപ് തന്നെ സായ നാട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് അപ്പുവും സുഹൃത്തായ മക്രോണിയും സായയെ തേടി കേരളത്തിലേക്കു എത്തുന്നതും പീന്നിട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
റേച്ചൽ ഡേവിഡാണ് സായയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖത്തിന്റേതായ പതർച്ചകൾ ഇടയ്ക്കിടെ പ്രകടമാകുന്നുണ്ടെങ്കിലും മികച്ച പ്രകടം കാഴ്ചവെയ്ക്കാൻ റേച്ചലിനായിട്ടുണ്ട്. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന പാളിച്ചകൾ പരിഹരിക്കുകയും കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നുണ്ട് പ്രണവ്. സായയും അപ്പുവും തമ്മിലുള്ള കെമിസ്ട്രി സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
നായകന്റെ സുഹൃത്തായ മക്രോണിയുടെ കഥാപാത്രം അവതരിപ്പിച്ച അഭിരവ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതിഥി വേഷത്തിലെത്തിയ ഗോകുൽ സുരേഷിന്റെ കഥാപാത്രവും മികച്ചു നിന്നു. ടാഗ് ലൈനിൽ പറയുന്നതുപോലെ തന്നെ ഇതൊരു ഡോണിന്റെ കഥയല്ല. പ്രണയം സാഹസികനാക്കി മാറ്റുന്ന ഒരു കാമുകന്റെ കഥയാണ്. ഒരു കോമേഴ്സ്യൽ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. രണ്ടാം പകുതിയാകുമ്പോഴേക്കും ആദ്യ പകുതിയേക്കാൾ ചിത്രത്തിനു ചടുലത കൈവരുന്നു. പ്രണയ കഥ പറയുന്നതിനൊപ്പം തന്നെ സാമൂഹിക പ്രശ്നങ്ങൾ പ്രതിപാദിക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്.
കലാഭവന്‍ ഷാജോണ്‍, ധര്മ്മജന്, സിദ്ധിക്ക്.ബി ജു കുട്ടന്, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹിറ്റ് ചിത്രമായ രാമലീല ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെ തന്നെയാണ്.
ചിത്രത്തിന്റെ ദൈർഘ്യം കൂടിയത് അൽപ്പം മുഷിപ്പിക്കുന്നുണ്ട്. മനോഹരമായ വിഷ്വൽ ട്രീറ്റാണ് ചിത്രം. ഗോവ, ബാലി, വാഗമൺ, വർക്കല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ മനോഹര കാഴ്ചകൾ ഒപ്പിയെടുക്കാൻ അഭിനന്ദന് രാമാനുജന്റെ ക്യാമറകൾക്കു കഴിഞ്ഞിട്ടുണ്ട്. മുളകുപാടം ഫിം ലിസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങൾ നേരേത്തേ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.