Published:04 February 2019
ചായയെ സ്നേഹിക്കുന്നവർ ഏറെ കേട്ടിട്ടുള്ളതാകും ബ്ലാക്ക് ടീ, ഗ്രീൻ ടീ, ലെമൺ ടീ, കാർഡമോം ടീ, മസാല ടീ എന്നീ വെറൈറ്റി ചായകളുടെപേരുകൾ. ഈ ചായകളുടെ കൂട്ടത്തിലേക്കിതാ ഒരു പേരു കൂടി. ബ്ലൂ ടീ. നീല നിറത്തിലുള്ള ചായയായതിനാലാണിതിനു ഈ പേര് ലഭിച്ചത്. ഹെർബൽ ടീ എന്നും അറിയപ്പെടുന്ന ബ്ലൂ ടീ യുണ്ടാക്കുന്നത് ശംഖു പുഷ്പം കൊണ്ടാണ്.
ചായയിലെ ദോഷകരമായി കഫീൻ ഇല്ല എന്നതും ബ്ലൂ ടീയുടെ ഗുണങ്ങളിൽ ഒന്നാണ്. ഓർമ ശക്തിയെ ഉദ്ദീപിപ്പിക്കാൻ പോന്നതാണ് ശംഖു പുഷ്പമെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബ്ലൂ ടീക്കും അതിനുള്ള കഴിവുണ്ട്.
ചുമ, ആസ്തമ, ജലദോഷം, മാനസിക സമ്മർദം എന്നിവ കുറയ്ക്കാനും ബ്ലൂ ടീ മികച്ചതാണ്. ശ്വാസോഛാസം സുഗമമാക്കാനും ഇത് സഹായിക്കും. ഭക്ഷണത്തിൽ നിന്നും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിച്ച്, ഊർജസ്വലമാക്കും. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിനു പ്രായം കൂടുന്നതും മുടി കൊഴിയുന്നതും നിയന്ത്രിക്കാനിത് സഹായിക്കും. എന്നാൽ ഗർഭിണികളും മുലയൂട്ടുന്നവരും ബ്ലൂ ചായ ഒഴിവാക്കുന്നതാണ് നല്ലത്.
ബ്ലൂ ടീ നിർമിക്കുന്ന വിധം
നല്ല ശംഖുപുഷ്പം ഒരു പ്ലേറ്റിലെടുത്ത് വലകൊണ്ടു മൂടി പൂവ് ചുരുളുന്നതു വരെ വെയ്ലത്തു വെച്ചു ഉണക്കുക. ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം ഉണങ്ങിയ പൂക്കൾ അതിലിടുക. വെള്ളം നീല നിറമാകുന്നതു വരെ കുതിരാൻ അനുവദിക്കുക. ശേഷം മിശ്രിതം അരിച്ചെടുത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കാം. ഇതിൽ ഒരൽപം നാരങ്ങാ നീരു ചേർത്താൽ ബ്ലൂ ടീ പർപ്പിൾ നിറമാകുന്നതു കാണാം.