Published:10 February 2019
പാലക്കാട്: കുഴൽമന്ദത്തിനു സമീപം ചുങ്കമന്ദത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചുങ്കമന്ദം മാത്തൂരിലെ കുടതൊടിവീട്ടിൽ ഓമന (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസികളായ ഷൈജു (29), ജിജിഷ് (27) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണാഭരണം മോഷ്ടിക്കാനായാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
മാത്തൂരിനടുത്ത് കൂമൻകാട്ടിലാണ് സംഭവം. ശനിയാഴ്ച മുതൽ ഓമനയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ പോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെ വച്ചു യുവാക്കൾ ചേർന്നു കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് നിഗമനം.
ഞായറാഴ്ച രാവിലെ സ്വർണാഭരണം വിൽക്കാൻ ചെന്നപ്പോൾ ജ്വല്ലറി ജീവനക്കാർക്ക് തോന്നിയ സംശയമാണ് പ്രതികളിലേക്ക് എത്തിച്ചത്. തുടർന്നു ഇവരുടെ വീട്ടിൽ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. യുവാക്കൾ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഓമനയുടെ ഭർത്താവ് പരേതനായ സഹദേവൻ, മകൾ- അജിത.