Flash News
Archives

Offbeat

jomol-joseph-facebook-post

മൃതദേഹത്തെ ഭോഗിക്കുന്ന വാർത്തകൾ വരുമ്പോഴും പറയുന്നു പ്രബുദ്ധരെന്ന്; തുറന്നടിച്ച് ജോമോൾ ജോസഫ്

Published:23 February 2019

കുട്ടിയെ പൊക്കിയെടുക്കുമ്പോള്‍ ഒരുത്തന്‍റെ കൈ അവളുടെ ചുരിദാറിന് ഉള്ളില്‍, അവനെ ചവുട്ടിമാറ്റി ആ കുട്ടിയെ കാറില്‍ കയറ്റി, വൈറ്റിലയിലുള്ള വെല്‍കെയര്‍ ആശുപത്രിയിലെത്തിച്ചു.

അർധരാത്രിയിൽ ഇൻബോക്സിലേക്ക് വരുന്ന അശ്ലീല സന്ദേശ‌ങ്ങൾക്ക് നൽകിയ മറുപടിയിലൂടെ ശ്രദ്ധേയയാ ജോമോൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വീണ്ടും. രാത്രിയിലെ മെസേജുകൾക്കെതിരെ പ്രതികരിച്ചതിനു ജോമോൾക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 


ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

2016ല്‍ ആണ്, കോഴിക്കോട് നിന്നും വന്ന സുഹൃത്ത് സോജിയെ ഞങ്ങള്‍ രണ്ടാളും, എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് തിരികെ വൈറ്റിലവഴി കുണ്ടന്നുരേക്ക് വരികയായിരുന്നു ഞങ്ങള്‍ രണ്ടുപേരും.

സന്ധ്യ മയങ്ങി വരുന്ന സമയം, വൈറ്റിലയില്‍ നിന്നും ആലപ്പുഴ ഡയറക്ഷനില്‍ സബ്‌സ്റ്റേഷന്‍ പരിസരത്ത് കാറെത്തിയപ്പോള്‍, റോഡിന് നടുവില്‍ മീഡിയന് സമീപം ചെറിയൊരു ആള്‍ക്കൂട്ടം. വിനു കാറ് മെല്ലെ അവിടെക്ക് അടുപ്പിച്ചു. അവിടെ മീഡിയന് നല്ല വീതിയാണ്. അരളിവളര്‍ന്ന് നില്‍ക്കുന്നു. കാറില്‍ നിന്ന് നോക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നു. കാറിന്‍റെ ഹെഡ്‌ലൈറ്റ് ഓഫാക്കാതെ കാറവിടെ നിര്‍ത്തി ഞങ്ങള്‍ പെട്ടന്ന് അവിടേക്ക് ഇറങ്ങിച്ചെന്ന് നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബോധരഹിതയായി മീഡിയനില്‍ കിടക്കുന്നു.

നോക്കുമ്പോള്‍ അവിടെ കൂടിയ പലരുടേയും കൈകള്‍ ബോധരഹിതയായി കിടക്കുന്ന ആ കുട്ടിയുടെ ശരീരത്തിലൂടെ പരതുകയാണ്. ഞങ്ങള്‍ ആളുകളെ തള്ളിമാറ്റി, ആ കുട്ടിയെ വിനു താങ്ങിയെടുത്ത് കാറിലേക്ക് നടന്നു, കുട്ടിയെ പൊക്കിയെടുക്കുമ്പോള്‍ ഒരുത്തന്‍റെ കൈ അവളുടെ ചുരിദാറിന് ഉള്ളില്‍, അവനെ ചവുട്ടിമാറ്റി ആ കുട്ടിയെ കാറില്‍ കയറ്റി, വൈറ്റിലയിലുള്ള വെല്‍കെയര്‍ ആശുപത്രിയിലെത്തിച്ചു.

എക്‌സ്‌റെ എടുത്തു, വീഴ്ചയില്‍ കാലിന് ചെറിയൊരു പൊട്ടല്‍, പേടിച്ച് ബോധം പോയതാണ് പെണ്‍കുട്ടിക്ക്. അവള്‍ക്കാവശ്യമായ ചികില്‍സ നല്‍കി, അവള്‍ക്ക് ബോധം വന്നപ്പോള്‍ അവളുടെ ഫോണില്‍ നിന്നും ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കളെത്തി, അവളെ അവരെയേല്‍പ്പിച്ച് ഞങ്ങള്‍ തിരികെ പോന്നു. അവളുടെ പേര് ഇവിടെ പറയുന്നില്ല, തോപ്പുംപടിക്കാരിയാണ്, അച്ഛന്‍ മരിച്ചുപോയി, ഒറ്റ മകള്‍. അമ്മയും അവളും മാത്രം. അവള്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നു, കൂടെ ജോലിചെയ്യുന്ന ആളുമായി വിവാഹ നിശ്ചയം കഴിഞ്ഞ കുട്ടി.

ഇങ്ങനെ തന്നെയാണ് ഓരോ പെണ്‍കുട്ടികളും, പ്രതീക്ഷകളും പ്രാരാബ്ധങ്ങളും ഒക്കെയുള്ളവര്‍. അവരെ ലൈംഗീകാസക്തിയോടെ മാത്രം കാണുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നത് വസ്തുതയാണ്. സാഹചര്യം ഒത്തു കിട്ടിയാല്‍ അവര്‍ സ്ത്രീകളെ ശാരീരികമായും, ലൈംഗീകമായും കടന്നാക്രമിക്കും. അത്രത്തോളം പരിതാപകരമായ മാനസ്സീകാവസ്ഥയിലുള്ളവരാണ് ഇത്തരക്കാര്‍.

മോര്‍ച്ചറിയില്‍ കിടക്കുന്ന സ്ത്രീകളുടെ മൃതശരീരത്തെ പോലും ഭോഗിച്ച വാര്‍ത്തകള്‍ നമ്മള്‍ പലതവണ വാര്‍ത്തകളില്‍ വായിച്ചിട്ടില്ലേ? മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ വരെ ലൈംഗീകമായി ആക്രമിക്കപ്പെടുകയോ, ബലാല്‍സംഗം ചെയ്യപ്പെടുകയോ ചെയ്ത എത്ര വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നു. അറുപതും എഴുപതുംവയസ്സ് കഴിഞ്ഞ വൃദ്ധമാരെ വരെ ബലാല്‍സംഗം ചെയ്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടത് ഇതേ കേരളത്തില്‍ നിന്നുതന്നെയല്ലേ? എന്നിട്ടും നമ്മള്‍ അഭിമാനത്തോടെ പറയുന്നു, പ്രബുദ്ധരാണ് മലയാളികളായ നമ്മളെന്ന്. പ്രബുദ്ധത വാക്കുകളിലല്ല, പ്രവര്‍ത്തികളിലാണ് വേണ്ടത്. മലയാളികളില്‍ ഒരു വിഭാഗത്തിന്‍റെ പ്രബുദ്ധതയെന്തെന്നറിയാനായി എന്‍റെ മുന്‍പോസ്റ്റുകളിലെ കമന്‍റുകളിലൂടെ ഒന്ന് കണ്ണോടിക്കുക, ഇവരും മലയാളികള്‍ തന്നെയാണ്, പ്രബുദ്ധരായ മലയാളികള്‍..

ഒരു സ്ത്രീയും ആക്രമിക്കപ്പെടരുത്..


വാർത്തകൾ

Sign up for Newslettertop