Flash News
Archives

Comment

daisy-anto-war

യുദ്ധം യുദ്ധം എന്ന് മുറവിളി കൂട്ടുന്നവർ ഇത് വായിക്കാതെ പോകരുത് ; ഇസ്രായേലിൽ നിന്നൊരു യുവതിയുടെ കുറിപ്പ്

Published:28 February 2019

ഇത്തിരി മണ്ണിനും അധികാരത്തിനും വേണ്ടി ജീവനെടുക്കുന്നവരെ നിങ്ങളപ്പോൾ വെറുക്കും.നിങ്ങളുടെ രാജ്യത്തിൻറെ ഭരണാധികാരിയെയും അയൽ രാജ്യത്തിൻറെ ഭരണാധികാരിയെയും നിങ്ങൾ ശപിക്കും

പുൽവാമ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ഇപ്പോൾ യുദ്ധത്തിന്‍റെ ചർച്ചകളാണ്. പാക്കിസ്‌താന് തക്കതായ മറുപടി നൽകണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നതെങ്കിലും  ഒരു യുദ്ധം ഉണ്ടായാൽ അത് ഏത് രീതിയിലാകും സാമ്പത്തിക സാമൂഹിക അവസ്ഥകളെ ബാധിക്കുകയെന്ന ആകാംക്ഷയും രാജ്യത്തിനുണ്ട്. പുൽവാമയ്ക്ക് സൈന്യം ശക്തമായ മറുപടി നൽകിയെങ്കിലും തൊട്ട് പിന്നാലെ ഇന്ത്യൻ പൈലറ്റിനെ പാകിസ്‌താൻ കസ്റ്റഡിയിലെടുത്തതോട് കൂടി അതിർത്തിയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യമാണ്. 

ഇതിനിടെയാണ് ഏഴു വർഷമായി ഇസ്രായേലിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഡെയ്‌സി ആന്‍റോ യുദ്ധത്തിന്‍റെ അവസ്ഥയെ പറ്റിയും ബങ്കറിനുള്ളിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയും വിവരിച്ചിരിക്കുന്നത്.ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി ഓരോ വീടിനും സ്ഫോടനത്തിൽ പോലും തകരാത്ത വിധത്തിലുള്ള ബങ്കറുകളിലും ഷെൽറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടുതൽ സുരക്ഷ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്.

 ഇന്ത്യ പോലുള്ള ഒരു രാജ്യം യുദ്ധത്തിലേക്കിറങ്ങുമ്പോൾ  ഒരു പഞ്ചായത്തിലെങ്കിലും ഇത്തരം ബങ്കറുകൾ ഉണ്ടോ ചോദിക്കുന്ന ഡെയ്‌സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സൈബർലോകത്ത് ചർച്ചയാകുകയാണ്. തൃശൂർ സ്വദേശിനി ഡെയ്സി വർഷങ്ങളായി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരൂപം 

നിങ്ങൾ ബങ്കറിൽ ഒരു ദിവസം കഴിഞ്ഞിട്ടുണ്ടോ ? അല്ലെങ്കിൽ ഒരു സെക്യൂരിറ്റി ഷെൽറ്ററിനുൾ വശം ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ?

ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളൊരിക്കലും യുദ്ധം വേണം എന്ന് മുറവിളി കൂട്ടുന്നവനായിരിക്കില്ല.

നിങ്ങളുടെ വീട്ടിലെ സ്റ്റോർ റൂമിന്റെ വലിപ്പം കഷ്ടി ഉണ്ടായേക്കാവുന്ന സെക്യൂരിറ്റി ഷെൽട്ടർ മറ്റൊരു ലോകമാണ്.അതിനുള്ളിൽ നിർബന്ധിതമായി കഴിയേണ്ടി വരുന്ന ഓരോ മിനിറ്റും ജീവിതത്തെ നിങ്ങൾ അതിയായി മോഹിക്കും. ഭൂമിനിരപ്പിനടിയിൽ ജനലുകളില്ലാത്ത, പകൽവെളിച്ചം എന്നത് കണ്ടിട്ട് പോലുമില്ലാത്ത ആ മനുഷ്യനിർമ്മിതഗുഹയിൽ അതിൽ കൊള്ളാവുന്ന പരമാവധി മനുഷ്യരുടെ ഇടയിൽ കാലിന്റെ പൊസിഷൻ ഇടക്കൊന്നു മാറ്റാൻ പോലുമാകാത്ത രീതിയിൽ മരവിച്ചിരിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ ഇപ്പോൾ യഥേഷ്ടം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഉണ്ടായെന്നു വരില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അശ്വതി അച്ചുവും അഖിൽ അഖിലും ഇടുന്ന ഫേസ്ബുക് പോസ്റ്റുകളും കേശവൻ മാമന്റെ വാട്സപ്പ് ടിപ്പുകളും അടുത്ത മിനിറ്റിൽ കാണാൻ പാകത്തിൽ ഇന്റെർനെറ്റും ഉണ്ടാവില്ല. ഭൂമിക്ക് മുകളിൽ വാതു വെച്ചോടിക്കൊണ്ടിരുന്ന സമയം ഒച്ചിനെപ്പോലെ വല്ലപ്പോഴും മാത്രം അനങ്ങുന്നത് അവിടെ നിങ്ങൾ അനുഭവിച്ചറിയും.

അതിലെ ഫ്രിഡ്ജിൽ മുൻപെപ്പോഴോ നിറച്ചു വെച്ച തണുത്തു മരവിച്ച ടിൻ ഫുഡ്സ് ഉണ്ടാവും.അതായിരിക്കും നിങ്ങളുടെ ഭക്ഷണം.അതിൽ നിന്നൊരു കഷ്ണം ബ്രെഡ് വായിൽ വെക്കുമ്പോൾ നിങ്ങൾ ആവി പറക്കുന്ന ചോറിനും ഇളം ചൂടുള്ള ജീരകവെള്ളത്തിനും ആഗ്രഹിക്കും.

ഒരുപാടു പേർ മാറി മാറി ഉപയോഗിക്കുന്ന അതിലെ കുഞ്ഞു ടോയ്‌ലെറ്റിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങൾ വേണ്ടും വിധം നിർവഹിക്കാൻ ആയെന്നു വരില്ല.റേഷനായി മാത്രം ഉപയോഗിക്കാൻ ലഭിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾക്കിപ്പോൾ ചിന്തിക്കാൻ പോലുമാവുന്നുണ്ടോ ?

മൂക്കിലൂടെയും വായിലൂടെയും നിറയെ വലിച്ചെടുക്കാൻ വേണ്ടത്ര ശുദ്ധവായുവിനു പോലും നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുമ്പോൾ തലക്ക് മുകളിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും തുടർന്ന് കൊണ്ടിരിക്കും.

ഇത്തിരി മണ്ണിനും അധികാരത്തിനും വേണ്ടി ജീവനെടുക്കുന്നവരെ നിങ്ങളപ്പോൾ വെറുക്കും.നിങ്ങളുടെ രാജ്യത്തിൻറെ ഭരണാധികാരിയെയും അയൽ രാജ്യത്തിൻറെ ഭരണാധികാരിയെയും നിങ്ങൾ ശപിക്കും.

അപ്പോൾ, അപ്പോൾ മാത്രം സമാധാനം നിറഞ്ഞ ഒരു ലോകത്തെ നിങ്ങൾ സ്വപ്നം കാണും. അതിർത്തിക്കപ്പുറത്തും ഇതേ ഭീതിയിൽ കഴിയുന്ന മനുഷ്യജീവനുകൾ ഉണ്ടെന്ന് ബോധോദയം ഉണ്ടാകും.
കൊല്ലണം കൊല്ലണം എന്ന ഇരമ്പലിനേക്കാൾ ജീവിക്കണം ജീവിക്കണം എന്നൊരു മന്ത്രം മാത്രം കാതുകളിൽ കേൾക്കും.

NB :- ഇപ്പറഞ്ഞ രീതിയിൽ ബങ്കറുകളോ സെക്യൂരിറ്റി റൂമുകളോ ഓരോ വീട്ടിലോ അല്ലെങ്കിൽ ഓരോ തെരുവിലുമോ അതുമല്ലെങ്കിൽ ഒരു പഞ്ചായത്തിൽ ഒരെണ്ണം എങ്കിലുമോ ഇല്ലാത്ത നമ്മൾ ഇന്ത്യക്കാർ യുദ്ധം വേണം എന്ന് അലറി വിളിക്കുന്നതിനേക്കാൾ അശ്ലീലം വേറെയുണ്ടോ ?


വാർത്തകൾ

Sign up for Newslettertop