Flash News
Archives

Religious

pakalpooram

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറും ; 23ന് പകല്‍പ്പൂരം

Published:05 March 2019

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിന് ഈമാസം 15ന് കൊടിയേറും. 23ന് പ്രസിദ്ധമായ തിരുനക്കര പകല്‍പ്പൂരം നടക്കും. 24ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ  ഉത്സവത്തിന് ഈമാസം 15ന് കൊടിയേറും. 23ന് പ്രസിദ്ധമായ തിരുനക്കര പകല്‍പ്പൂരം നടക്കും. 24ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ആറാട്ട് ദിനത്തില്‍ ആറാട്ട് സദ്യയും നടക്കും.

15ന് വൈകിട്ട് 7ന് തന്ത്രി കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍. 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിൽ 8 ദിവസം ഉത്സവ ബലിദര്‍ശനം, ആനയൂട്ട്, എല്ലാ ദിവസവും കൂത്തമ്പലത്തില്‍ കൂത്ത്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. കൊടിയേറ്റ് ദിനത്തില്‍ രാത്രി 8ന് നടക്കുന്ന പൊതുസമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംഗീതജ്ഞൻ കെ ജി ജയനെ ആദരിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

22ാം തീയതി രാത്രി 11 മുതലാണ് വലിയ വിളക്ക്. പള്ളിവേട്ട ദിനമായ 23ന് വൈകുന്നേരം നാലിനാണ് പ്രസിദ്ധമായ തിരുനക്കര പകല്‍പ്പൂരം. തന്ത്രി കണ്ഠരര് മോഹനരര് പൂരത്തിന് സമാരംഭം കുറിച്ച് ദീപം തെളിയിക്കും. 22 ഗജവീരന്മാര്‍ ഇരു ചേരുവാരത്തിലായി അണിനിരക്കും. ചെറുശേരി കുട്ടന്‍ മാരാര്‍, ചൊവ്വല്ലൂര്‍ സുനില്‍, ചേന്ദമംഗലം രഘുമാരാര്‍, കലാമണ്ഡലം പുരുഷോത്തമന്‍, കലാമണ്ഡലം ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പാണ്ടിമേളം ഒരുക്കും.

ആറാട്ടുദിനമായ 24ന് രാവിലെ 9ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് പുറപ്പെടും. തിരുനക്കര ഉത്സവ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ആറാട്ടുസദ്യ ഒരുക്കും. 10000 പേര്‍ക്കാണ് സദ്യ ഒരുക്കുക. വരും വര്‍ഷങ്ങളിലും ഇത് തുടരും. 11മണിക്കാണ് ആറാട്ടു സദ്യ. രാത്രി 8ന് സമാപന സമ്മേളനം ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും.

പുലര്‍ച്ചെ 2ന് ആറാട്ട് എതിരേല്‍പും 5 മണിക്ക് കൊടിയിറക്കും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ബി ഗോപകുമാര്‍, വൈസ് പ്രസിഡന്‍റ് സി ആര്‍ രാജന്‍ ബാബു, സെക്രട്ടറി ടി സി വിജയചന്ദ്രന്‍, ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍ ടി സി രാമാനുജം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി എന്‍ ഗണേശന്‍ പോറ്റി, മറ്റ് ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top