Flash News
Archives

Comment

ടെസ്റ്റ് എന്ന ഭൂതത്തെ ഞാനിപ്പോ പേടിച്ചാൽ ഈ ജന്മം ലൈസൻസില്ലാതെ മരിക്കുകയേയുള്ളു; ഡ്രൈവിങ്ങ് പഠന അനുഭവങ്ങളുമായി രാരിമ

Published:08 March 2019

ഇരുകൈകളുമില്ലാത്ത വിക്രം അഗ്നിഹോത്രിയെന്ന 45 വയസ്സുകാരന് വലത് കാല്‍ കൊണ്ട് സ്റ്റിയറിംഗ് തിരിച്ച് ഇടത് കാൽ ആക്സിലറേറ്ററിൽ ഉറപ്പിച്ച് കാലുകള്‍ കൊണ്ട് കാര്‍ ഓടിക്കുവാനാകുമെങ്കിൽ നമുക്കും ഇതൊരു ഹിമാലയന്‍ ടാസ്‌ക് ഒന്നുമല്ലെന്നെ

ഡ്രൈവിങ്ങ് പഠനത്തിന്‍റെ രസകരമായ അനുഭവും  ഡ്രൈവിങ്ങ് പഠിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമാക്കി രാരിമ ശങ്കരൻകുട്ടി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധ പിടിച്ച് പറ്റുന്നു. ഡ്രൈവിങ്ങിനെ ഭയക്കുന്നവർക്കും ഇതൊരു ഹിമാലയൻ ടാസ്ക് ആണെന്ന് കരുതുന്നവർക്കുമായാണ് അവർ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഡ്രൈവിങ്ങ് പഠിക്കണം. G Mart ഇവിടുന്ന് ഒരു കിലോമീറ്ററല്ലേ ഉള്ളു. ഷോപ്പിംഗിനും മറ്റും എപ്പോഴും എന്നെ കിട്ടിയെന്ന് വരില്ല........."
മകൾ പഠിക്കുന്ന സ്കൂളിന്റെ സമീപത്ത് വീട് വെച്ച് തനിയെ താമസം തുടങ്ങിയ കാലത്ത് ഭർത്താവിന്റെ ആവശ്യ കേട്ട് പകച്ച് പോയി എന്റെ ബാല്യോം കൗമാരോം യൗവ്വനോം എല്ലാം...

ഞാനാണെ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടൂല്ല...താമരശ്ശേരി ചുരം കണ്ടിട്ടും കൂടിയില്ല. കയ്ചിട്ടിറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത മധുരമനോഹര സാഹചര്യം.പക്ഷെ ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ... കേൾക്കാതെ പറ്റില്ലല്ലൊ.

പിറ്റേന്ന് volks driving School ലെ സിറിയക് സാർ വീട്ടിലെത്തി.അതൊരു തീരുമാനം ആയി !

സ്റ്റിയറിങ്ങ് ബാലൻസ് എന്ന പേരിൽ ഒരാഴ്ച കടന്നു പോയി.പിന്നീട് ഓരോ ദിവസവും 'നേരം വെളുക്കല്ലെ ഡൈവിങ്ങിന് പോണോല്ലൊ ' എന്നായി പേടി സ്വപ്നം. സ്വയം ഉള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് എന്റെ പോക്ക് .. എതിരെ വാഹനം കണ്ടാല്‍ ശരീരമാകെ ഒരു വിറയലാണ്. അതു വരെ തടുത്തു നിർത്തിയ ധൈര്യം ചോര്‍ന്ന് പോകും, കൈകാലുകള്‍ വിറയ്ക്കും, തൊണ്ട വരളും. ബ്രേക്കും ക്ലച്ചും നിയന്ത്രണത്തില്‍ വരില്ല .ട്രാഫിക്കിലും സിഗ്നലുകളിലും വാഹനം ഓഫായി പോവുമ്പോൾ ചുറ്റുമുള്ളവർ എന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് ചുമ്മാ ഓർത്ത് ഉള്ള ആത്മവിശ്വാസം കൂടി നശിപ്പിക്കും. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിട്ടി എന്ന് പറഞ്ഞ പോലെ!

പണിയറിയാത്തവൻ ആയുധത്തെ പഴിക്കുമല്ലൊ അതുകൊണ്ട് 'പ്രൈവറ്റ് ബസൊക്കെ എന്നാ വരവാ, ഈ ഓട്ടോക്കാരെക്കൊണ്ട് ഒരു രക്ഷേമില്ല എന്നൊക്കെ പൊതുസ്ഥലത്തും ഞാൻ പള്ള് പറഞ്ഞു തുടങ്ങി.

നന്നാക്കാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത വണ്ടി നന്നാക്കാന്‍ ശ്രമിക്കുന്ന പോലെ സാർ ഡ്രൈവിങ്ങ് ട്രെയിനിങ്ങ് തുടർന്നു.വാഹനത്തിന്റെ ടയർ മാറ്റിയിടുവാനും ബോണറ്റ് തുറന്ന് എഞ്ചിന്‍ കൂളന്‍റ്, എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, വിന്‍ഡ് ഷീല്‍ഡ് ഫ്ലൂയിഡ് എന്നിവ പരിശോധിക്കുവാനും കാണിച്ചു തന്നു.ഡ്രൈവിംഗ് മര്യാദകളെ കുറിച്ച് വാചാലനായി . സീബ്രാ ലൈനില്‍ റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍ നടക്കാരെ പേടിപ്പിച്ചു സ്പീഡ് കൂട്ടരുതെന്നും ബ്ലോക്കിൽപ്പെടുമ്പോൾ ഹോണടിച്ചും വാഹനം ഇരപ്പിച്ചും പോകരുതെന്നും ഡ്രൈവ് ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍ക്ക് വിവരം ഇല്ല എന്ന് കരുതി വേണം നമ്മള്‍ ഓടിക്കേണ്ടത് എന്നും ഓർമ്മിപ്പിച്ചു.

ചിലപ്പോ പുട്ടിന് പീരയായി സാറിന്റെ വക ചില നമ്പരുകളുണ്ട് - -."രാരിമയെ സ്നേഹിക്കുന്ന പോലെ ശങ്കരൻ കുട്ടി കാറിനേയും സ്നേഹിക്കുന്നുണ്ട്. അപ്പോ കാറിനെപ്പറ്റിയും കരുതൽ വേണം.ഗിയര്‍ /ലിവറില്‍ കൈ വച്ചുകൊണ്ട് വണ്ടി ഓടിക്കരുത്.ബ്രേക്ക് ചവിട്ടിയുള്ള ഇറക്കം ക്ലച്ചിനോടുള്ള ദ്രോഹമാണ്.... '" അങ്ങനെയങ്ങനെ!

ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയാത്ത പഴയ സ്റ്റുഡന്റായ പയ്യനേയും എട്ട് എടുക്കുന്നതിനു പകരം 'രണ്ട് തവണ നാല് എടുത്താൽ മതിയോ സാറേ' എന്ന് ചോദിച്ച നിഷ്കളങ്കയായ യുവതിയേയും കുറിച്ച് പറഞ്ഞ് എന്റെ ടെൻഷന് കുറച്ച് അയവ് വരുത്തി. പിന്നെ ഞാൻ conscious ആകാതിരിക്കാൻ , ലോംഗ്ഡ്രൈവുകളിൽ കുരുമുളകുപൊടി
വണ്ടിയില്‍ കരുതുന്ന മധ്യവയസ്കയെകുറിച്ചുള്ള പത്രവാർത്ത വായിച്ചു കേൾപ്പിച്ചു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല എന്ന് പറയണമെന്ന് എനിക്ക് തോന്നി.

ഇതൊക്കെ ആയിട്ടും ഡ്രൈവിങ്​ ടെസ്റ്റിൽ എനിക്ക് എട്ടിന്‍റെ പണി കിട്ടുമെന്ന തോന്നൽ മാത്രം മാറിയില്ല. ടെസ്റ്റ് എന്ന ഭൂതത്തെ ഞാനിപ്പോ പേടിച്ചാൽ ഈ ജന്മം ലൈസൻസില്ലാതെ മരിക്കുകയേയുള്ളു എന്ന ശങ്കരാടി സൂക്തം മുൻനിർത്തി ധൈര്യം സംഭരിച്ചു. കുത്തിനിർത്തിയ കമ്പികൾ കൊണ്ട്​ പത്​മവ്യൂഹം കണക്കെ തീർത്ത H നുള്ളിലൂടെ കാർ ഓടിച്ച് ( പിന്തിരിഞ്ഞു ഓടുവാൻ കഴിയില്ലല്ലോ;) എങ്ങനെയോ ഞാനും സ്വന്തമാക്കി ഡ്രൈവിങ്ങ് ലൈസൻസ്.

വളയം വെച്ചുനീട്ടിയ സൗകര്യങ്ങളെ ക്കുറിച്ചൊ പിന്‍സീറ്റുപേക്ഷിച്ച്, സ്വാതന്ത്ര്യത്തിന്റെ പുതു ചരിത്രമെഴുതിയതിന്റെ ആഹ്ലാദം പങ്കുവെക്കാനോ അല്ല ഈ പോസ്റ്റ് ,, അതുക്കും മേലെ ഒന്ന് പറയട്ടെ!! നിങ്ങളുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന സ്വന്തം വാഹനം ഏത് നട്ടപ്പാതിരായ്ക്കും വേണ്ടിവന്നാൽ അനക്കി നീക്കുവാനും അത്യാവശ്യം ഒരിടം വരെ പോകുവാനും നമുക്ക് കഴിയും എന്ന ചിന്ത നൽകുന്ന ആത്മവിശ്വാസമുണ്ടല്ലോ, അത് അനുഭവിച്ച് തന്നെ അറിയണം സൂർത്തുക്കളെ

അര്‍ജന്റീനയിലെ വിന്‍സെന്റ് ലോപ്പസ് എന്ന സ്ഥലത്തെ കഥ അറിയാമൊ. അവിടെ പെണ്ണുങ്ങളുടെ സര്‍വ്വാധിപത്യമാണ്. ബസ് ഓടിക്കുന്നതിന് ഇതിനോടകം 30 വനിതാ ഡ്രൈവര്‍മാരെ നിയമിച്ചുകഴിഞ്ഞു. എന്തിന് നമ്മുടെ കൊച്ചി മെട്രോയില്‍ ഏഴു വനിതാ ഡ്രൈവർമാരുണ്ടത്രെ..

ഇരുകൈകളുമില്ലാത്ത വിക്രം അഗ്നിഹോത്രിയെന്ന 45 വയസ്സുകാരന് വലത് കാല്‍ കൊണ്ട് സ്റ്റിയറിംഗ് തിരിച്ച് ഇടത് കാൽ ആക്സിലറേറ്ററിൽ ഉറപ്പിച്ച് കാലുകള്‍ കൊണ്ട് കാര്‍ ഓടിക്കുവാനാകുമെങ്കിൽ നമുക്കും ഇതൊരു ഹിമാലയന്‍ ടാസ്‌ക് ഒന്നുമല്ലെന്നെ. അറിയാല്ലോ സാമൂഹ്യമാറ്റത്തിന്റെ പാതയിലാണ് നമ്മൾ.സ്വതവേ നടക്കുമ്പോൾ തന്നെ അപകടം വരുത്തും എന്ന മട്ടിൽ പരക്കം പായുന്ന എന്നെപ്പോലൊരാൾക്ക് സാധിച്ചുവെങ്കിൽ മനസ് ഇരുത്തിയാൽ നിങ്ങൾക്കും ആകും. ആ സ്വപ്നം കണ്ടു കണ്ടു മെല്ലെ മുന്നോട്ട്നീങ്ങുക ഇടക്ക് ഒക്കുമോ എന്ന് സംശയിച്ച് ഒരു dead end ലും തട്ടി വഴിയറിയാതെ നിന്നു പോകരുത്...

സത്യം പറയാലോ എന്റെ ഒരു പാട് കൂട്ടുകാർ പുഷ്പം പോലെ ഡ്രൈവ് ചെയ്യുമ്പോൾ തിരക്കേറിയ സ്ഥലങ്ങളിലുള്ള റിവേഴ്സ് എടുക്കലും ഷോപ്പിങ് മാളുകളിലും മറ്റ് ഇടുങ്ങിയ ഇടങ്ങളിലുമുള്ള പാർക്കിങ്ങും ഇപ്പോഴും എനിക്ക് അത്ര പഥ്യമല്ല. .ഡ്രൈവറുടെ ഇടതുഭാഗത്തും വാഹനത്തിന്റെ പിൻസീറ്റിലും ഇരിക്കുന്ന ആശ്വാസം ഒന്ന് വേറെ ആണു താനും. എങ്കിലും... ..എങ്കിലും ... വീട്ടിലെ ഒരുപാട് അംഗങ്ങളിൽ നമ്മൾ പെണ്ണുങ്ങൾ മാത്രം ചലിക്കുവാൻ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന കാലഹരണപ്പെട്ട മെഷീനായി മാറുന്നതെന്തിനാ ?? ചിന്തിക്കാം.
#Women'sday
#selfsufficiency
#selfsupport
#selfsustenance,
#selfstanding,

NB.അതിബുദ്ധി പണി ചോദിച്ചു വാങ്ങും☺ Level 10 ൽ discount sale .ശമ്പളം കിട്ടിയ ജാഡയിൽ കഴിഞ്ഞാഴ്ച ഞാനവിടെ ചെന്നപ്പോ 'madam നാളെ രാവിലെ വരാവോ ഇനി നാളെയെ പുത്തൻ സ്റ്റോക്ക് ഇടൂ 'എന്ന് സുന്ദരിയായ സെയിൽസ് ഗേൾ! കളി എന്നോടോ!!തൊട്ടപ്പുറത്ത് Silk road ൽ കയറി ഒരു സാരിയും 3 ടോപ്പിന്റെ തുണിയും എടുത്ത് നേരെ ധർമൂസ് ഫിഷ് ഹബിലോട്ട് വിട്ടു. വണ്ടി ഇടാൻ കഴഞ്ചും സ്ഥലമില്ലാത്തതിനാൽ എതിർവശത്ത് കുറച്ച് മാറ്റി പാർക്ക് ചെയ്തു. കടയിലെത്തി അവർ മീൻ വെട്ടിത്തരാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഒരു സംശയം വണ്ടി lock ചെയ്തോന്ന്. .ഇപ്പോ വരാമെന്ന് പറഞ്ഞ് വേഗം cross ചെയ്ത് ചെന്ന് ഡോറിൽ പിടിച്ചു നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പാക്കി .അല്പ സമയത്തിനു ശേഷം വെട്ടിയ ഒഴുവയുമായി തിരികെ വന്ന് ഡൈവർ സീറ്റിലോട്ട് ഇടതു കാലെടുത്ത് വെക്കുമ്പോഴാണ് ഞാനാ മാസ്മരിക ദൃശ്യം കണ്ടത്. കാറിന്റെ ഒരു വശത്തെ രണ്ടു ഗ്ലാസുകളും താഴ്ന്ന പടി തന്നെ!. തൊട്ടടുത്ത ബസ് സ്റ്റോപ്പിലാണേൽ അത്യാവശ്യം നല്ല ക്രൗഡുമുണ്ട്. അവർ മര്യാദക്കാരായതുകൊണ്ടാകാം സീറ്റിലിരുന്ന സ്ഥാപര ജംഗമ വസ്തുക്കൾ എന്നെ നോക്കി അപ്പോഴും ഒരു പുച്ഛച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.നമുക്ക് ഒരു ജീവിതമല്ലേ ഉള്ളു. ഇത്തരം ചമ്മലുകളേറ്റുവാങ്ങുവാനും കുറച്ച് നിമിഷങ്ങൾ നീക്കി വെച്ചേക്കാം... 


വാർത്തകൾ

Sign up for Newslettertop