Flash News
Archives

Travel

dheshadana-paravakal

പൊടിയക്കാലയെന്ന സ്നേഹതീരവും, കല്ലുപാറ ട്രെക്കിങ്ങും...

Published:25 March 2019

പൊടിയക്കാല വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫിസിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം.

കാടിനെ അറിഞ്ഞ് ട്രെക്കിങ്ങ് നടത്തുന്നവരാണ് യാത്ര പ്രേമികൾ. കാടിന്‍റെ വന്യതയും ആരെയും വശീകരിക്കുന്ന സൗന്ദര്യവുമെല്ലാം ആസ്വദിച്ച് സാഹസികമായ ഒരു  യാത്ര ചെയ്യുക എന്നതാണ് ഓരോ ട്രെക്കിങ്ങിന്‍റെയും ലക്ഷ്യം തന്നെ. പൊടിയക്കാല എന്ന വന മേഖലയിലേക്ക് അഡ്വ ഷേർലി സ്നേഹ നടത്തിയ യാത്രയും അത്തരത്തിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്തുള്ള  പേപ്പാറ ഡാമിന്‍റെ അടുത്തായാണ്  പൊടിയക്കാല ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ലോകവന്യജീവി ദിനം ആഘോഷിക്കാനൊരിടം തേടിയെത്തിയത് പൊടിയക്കാല വന മേഖലയിൽ. അവിടെയെത്തിയ ദേശാടനപറവകൾ യാത്രാ ഗ്രൂപ്പിന്‍റെ തിരുവനന്തപുരം യൂണിറ്റിനെ കാത്തിരുന്നത് മനസു നിറയെ സ്നേഹവുമായി കുറെ കുരുന്നുകളും അമ്മമാരും...

03/03/2019 ാം തീയതി രാവിലെ എട്ട് മണിക്ക് മാനവിയം വീഥിയിൽ നിന്നും ബൈക്ക് റൈഡായാണ് ഞങ്ങൾ ഇരുപത്തി മൂന്നുപേർ യാത്ര തുടങ്ങിയത്. വിതുരയിലെത്തി പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ പൊടിയക്കാലയിലേക്ക് പോകാനുള്ള ജീപ്പ് എത്തി. പേപ്പാറ റൂട്ടിലൂടെ പൊടിയക്കാല ചെക്ക്പോസ്റ്റിലെത്തുമ്പോൾ ഞങ്ങളെ കാത്ത് കോട്ടൂർ വനമേഖലയിലെ ഒരു പാവം അമ്മാവൻ നിൽക്കുന്നുണ്ടായിരുന്നു.

ഗെയിഡായ അമ്മാവനെയും കൂട്ടി ജീപ്പ് മുന്നോട്ട്... തുടക്കത്തിൽ റോഡ് വ്യൂ കണ്ടാൽ മൂന്നാറിൽ എത്തിയതു പോലെ.... മനോഹരമായ മൺപാതകൾ...വനമേഖലയിൽ റോഡ് കോൺക്രീറ്റ് നടക്കുന്നതിനാൽ പകുതി വഴിക്ക്  ഇറങ്ങി, കാടിന്‍റെ ഭംഗി ആസ്വദിച്ചു നടന്നു...പേപ്പാറ ഡാമിന്‍റെ പുറകുവശത്തു എത്തി, അവിടെ വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളിൽ കയറിയിരുന്നു എല്ലാവരും പരിചയപ്പെട്ടു... ഗ്രൂപ്പ് ഫോട്ടൊ, വിഡിയോ... ആകെ ബഹളം..കാട്ടരുവിയിൽ നിന്നും വെള്ളം കുടിച്ചു, വീണ്ടും നടന്നു...

ഗോത്ര വർഗത്തിൽപ്പെട്ട ഒരു ചേട്ടൻ അമ്പും വില്ലുമായി നടന്നു വരുന്നു... ഞങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അത് കൈയിലാക്കി, അമ്പെയ്തു തുടങ്ങി. പലരുടേയും അമ്പ് സ്വന്തം മുഖത്തേക്കാണ് പതിച്ചത്.. വീണ്ടും നടന്നു  ചെന്നെത്തിയത് പൊടിയക്കാല സ്കൂളിൽ.. ഞായറാഴ്ച സ്കൂളോ, എന്ന ആകാംഷയിൽ നോക്കുമ്പോൾ ഒരു യുവാവ് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു...ടീം അംഗങ്ങളെല്ലാം കുട്ടികളായി മാറിയ നിമിഷം... പാട്ടും കളിചിരിയുമായി കുട്ടികൾക്കൊപ്പം മതിമറന്നു... സ്നേഹമുള്ള മിടുക്കരായ കുട്ടികൾ...

കപ്പയും ചമന്തിയും ഉണ്ടാക്കി കുട്ടികൾക്കൊപ്പം കഴിക്കാമെന്ന ആശയം തോന്നി... മോഹൻദാസും ട്യൂഷൻമാഷും കപ്പ വാങ്ങാൻ പോയി...സ്കൂളിൽ നിന്നാൽ  അങ്ങ് ദൂരെ കല്ലുപാറ കാണാം... ഗെയ്ഡ് ഞങ്ങളെയും കൂട്ടി കല്ലൂപാറയിലേക്ക് ട്രെക്കിങ് തുടങ്ങി...കൊടും കാട് തുടങ്ങുമ്പോൾ ഗൈഡ് പറഞ്ഞു "ഇതാണ് അവസാനത്തെ അരുവി, വെള്ളം വേണ്ടവർ ഇവിടന്ന് ശേഖരിച്ചോളൂ..."ഉണ്ടായിരുന്ന കുപ്പികളിൽ ശേഖരിച്ച വെള്ളം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ തീർന്നു... തുടക്കത്തിൽ തന്നെ ഒരു കിടങ്ങ് ചാടികടക്കണം...

കിടങ്ങിന് കുറുകെ ഇട്ടിരിക്കുന്ന മരം ഉണങ്ങി തുടങ്ങിയിരിക്കുന്നു...അതിലൂടെ ചവിട്ടി അപ്പുറം എത്തുക സാഹസികമാണ്....പലരും തുടക്കത്തിൽ തന്നെ വീണ് എഴുന്നേറ്റു...കൊടുംവനവും കുത്തനെയുള്ള കയറ്റവും. രണ്ടര കിലോമീറ്റർ ട്രെക്കിങ്ങേ ഉളളൂ എങ്കിലും വേനൽ ചൂടും ജലക്ഷാമവും കാരണം എല്ലാവരും തളർന്നു... സമയം ഒന്നരയായി...നന്നായി വിശക്കുന്നുമുണ്ട്..കുറെ കാട്ടു പുളി പറിച്ചു കഴിച്ചു...ഇടയ്ക്കുവച്ച് ട്രെക്കിങ് മതിയാക്കിയാലോ എന്നും ചിന്തിച്ചു... ആ ചിന്ത ഉപേക്ഷിച്ച് മുകളിലേക്കു നടന്നു..അവസാനം കല്ലുപാറയുടെ കീഴിലെത്തി, മുകളിലേക്കു നോക്കിയ എല്ലാവരും തളർന്നു ഇരുന്നു പോയി... പാറയിൽ കയറാൻ പ്രത്യേകിച്ച് വഴിയൊന്നുമില്ല... ഇടതുവശത്ത് ഒരു ഗുഹ.

മുകളിൽ ഏഴടിയോളം പൊക്കം വരുന്ന ഒരു പാറയിൽ കയറിക്കൂടുക സാഹസികമായിരുന്നു... മണ്ണും കല്ലും താഴേക്ക് പതിക്കുന്നു...പരസ്പര സഹായത്തോടെ ഒരു വിധം പാറയുടെ മുകളിലെത്തി. വീണ്ടും ഒരു വലിയ പാറ....ആ പാറയുടെ വശങ്ങളിൽ കരിയില മൂടിക്കിടക്കുന്നിടത്തൂടെ  വീണ്ടും സാഹസികത...നടന്നും ഇഴഞ്ഞും അവസാനം മുകളിലെത്തി... മുള്ളുകളും മരച്ചില്ലകളും നിറഞ്ഞ വഴി നിറയെ പാറക്കൂട്ടങ്ങൾ.... അവിടവും താണ്ടിയെത്തിയത് പരന്നു കിടക്കുന്ന ഒരു വലിയ പാറയിൽ ..... കല്ലുപാറയെന്ന സുന്ദരി.

മനോഹരമായ വ്യൂ.... എങ്ങോട്ട് നോക്കിയാലും കാടിന്‍റെ മുകൾ തട്ട് കാണാം....കാടിന്‍റെ ഭംഗി നോക്കി നിൽക്കുമ്പോൾ കാടിനെ തോൽപ്പിച്ച ഭാവമാണ്... അവിടന്നു പറന്നാൽ മരങ്ങൾക്കു മുകളിലൂടെ അങ്ങ് ദൂരെ കാണുന്ന അഗസ്ത്യാർകൂടത്തിന്‍റെ നിറുകയിലെത്താം... ബോണക്കാടും അഗസ്ത്യാർകൂടത്തിലേക്കുള്ള വഴികളും തെളിഞ്ഞു കാണാം. ശക്തമായി കാറ്റ് വീശുന്നുണ്ട്... കല്ലുകൾ കൂട്ടിവച്ച് അതിന് നടുവിൽ ഒരു നിലവിളക്കും വച്ചിരിക്കുന്നു.... മലദൈവങ്ങളെ പ്രാർഥിക്കാനായിരിക്കും. 

മൂന്നു മണിയായി...നന്നായി വിശക്കുന്നു.... കല്ലുപാറയോടും കാടിന്‍റെ വശ്യതയോടും യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചു നടന്നു... ആനച്ചാലും കിടങ്ങും കഴിഞ്ഞു നേരെ ഓടിയത്  ഗോത്രസമൂഹത്തിലെ ഒരു  കുടിലിലേക്ക്... വേണ്ടുവേളം വെള്ളം കുടിച്ചു.... സ്കൂളിലേക്കു നടന്നു...ട്രെക്കിങ്ങിന് കൊണ്ടു പോയില്ലായെന്ന് പരാതി പറഞ്ഞുവെങ്കിലും  തയാറാക്കി വച്ചിരുന്ന കപ്പയും ചൂട് കട്ടനും ചുട്ടരച്ച ചമ്മന്തിയും മോഹൻദാസ് ഞങ്ങൾക്ക് വിളമ്പി തന്നു... എല്ലാവരും ആസ്വദിച്ചു കഴിച്ചു.

കുട്ടികൾക്ക് മധുരം നൽകി യാത്ര പറയുമ്പോൾ ഓരോരുത്തരായി വന്നു കൈയ്യിൽ തൂങ്ങി, ഇനിയും വരുമോ? എന്നു ചോദിച്ചു...അവരുടെ മുഖത്തു നോക്കിയപ്പോൾ "ഞാനെ പോകുന്നുള്ളൂ, മനസ് നിങ്ങളുടെ കൂടെയുണ്ടെന്നു പറയാൻ തോന്നി"...

തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെയുള്ള  ഓഫ് റോഡ് ട്രെക്കിങ് കിടുവായിരുന്നു... ചിലരൊക്കെ ജീപ്പിന് മുകളിൽ കയറിയിരുന്നു ഓഫ് റോഡും കാടും ആസ്വദിച്ചു.... വിതുരയെത്തി ബൈക്കെടുത്തു വീണ്ടും റൈഡ് തുടങ്ങി...തിരുവനന്തപുരത്തേക്ക്....

NB: പൊടിയക്കാല വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫിസിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം...വ്യക്തമായ കാരണം ഉണ്ടെങ്കിൽ മാത്രമെ ഇവിടേക്ക് പ്രവേശനാനുമതി നൽകൂ... തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്തുള്ള  പേപ്പാറ ഡാമിന്‍റെ അടുത്തായാണ്  പൊടിയക്കാല ചെക്ക് പോസ്റ്റ്.....


വാർത്തകൾ

Sign up for Newslettertop