ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:28 March 2019
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഒടുവിൽ തീയെറ്ററുകളിൽ എത്തി. പ്രേക്ഷകപ്രതീക്ഷകൾ വാനോളം ഉയർത്തി എത്തിയ ചിത്രം പ്രേക്ഷകപ്രതീക്ഷകൾക്കും അപ്പുറം ആണ്.മോഹൻലാൽ ഫാൻസിനും പൃഥ്വിരാജ് ഫാൻസിനും ആഘോഷിക്കാൻ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.
മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നിരവധി ലെയറുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വിവേക് ഒബ്റോയ് വില്ലനായി എത്തുന്നു . മാസും ക്ലാസും കൂടി ചേർന്ന മോഹൻലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന് കൂടുതൽ കരുത്ത് നൽകുന്നത്..
ബുദ്ധിജീവിയെന്നോ , കുടുംബപ്രേക്ഷകർ എന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ചിത്രം ഒരുക്കാൻ പൃഥ്വിരാജിലെ സംവിധായകന് സാധിച്ചു. മുരളി ഗോപിയുടെ തിരക്കഥയുടെ എല്ലാ വിധ പ്രത്യേകതകളും ഉൾക്കൊണ്ട് കൊണ്ട് തന്നെ പ്രേക്ഷകരെ രസിപ്പിക്കും വിധത്തിലാണ് ചിത്രത്തിന്റെ ചേരുംപടി ചേർത്തിരിക്കുന്നത്.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ ട്രോളുന്നതിന് ഒപ്പം ചിലരോടെങ്കിലും സാമ്യതകൾ ഉള്ള കഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പികെആർ എന്ന നന്മമരത്തിന്റെ മരണത്തോടെയാണ് സിനിമയുടെ ആരംഭം. പിന്നീട് ഇവരുടെ മക്കളെയും മരുമക്കളെയും സിനിമയിൽ പരിചയപ്പെടുത്തുന്നു.ഇവരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പികെആറിന്റെ മക്കളായി എത്തുന്ന മഞ്ജു വാര്യർ ടോവിനോ തോമസ് എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്ന ഗോവർദ്ധൻ എന്ന ജേർണലിസ്റ്റിന്റെ വേഷത്തിലാണ്.
പ്രതിനായകന്മാർ ശക്തരാകുമ്പോൾ നായകൻ കൂടുതൽ ശക്തനാകും. വിവേക് ഒബ്റോയി എന്ന ബോളിവുഡ് താരത്തെ വില്ലനായി എത്തിച്ചതിന്റെ ഗുണവും ചിത്രത്തിനുണ്ട്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
നിരവധി കഥാപാത്രങ്ങൾ സ്ക്രീനിൽ എത്തുന്നുണ്ടെങ്കിലും എല്ലാവർക്കും കൃത്യമായ സ്പേസാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രം മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വകയാണ് നൽകുന്നത്.