19
July 2019 - 12:57 am IST

Download Our Mobile App

Flash News
Archives

Astrology

vishu-phalam-2019-part-3

2019 സമ്പൂർണ വിഷുഫലം: മൂലം നാൾ മുതൽ രേവതി വരെ (ഭാഗം 3)

Published:14 April 2019

# സുരേഷ് കുമാർ നമ്പൂതിരി- 94967 95629

മൂലം

ജന്മത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ മാനസിക അസ്വസ്ഥതയും ശാരീരിക വിഷമങ്ങളും തീര്‍ച്ചയായും ഉണ്ടാകും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. വീട് വിപുലീകരിക്കും. ഉന്നത വ്യക്തികളില്‍നിന്നു സഹായം ലഭിക്കും. രാഷ്ട്രീയരംഗത്ത് നില്‍ക്കുന്നവര്‍ക്ക് തീരെ അനുകൂല സമയമല്ല. ഓഫിസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീട് വലുതാക്കാനും വാഹനം വാങ്ങാനും കഴിയും. സാഹിത്യരചനകള്‍ക്ക് അംഗീകാരം ലഭിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം അസ്വസ്ഥമാക്കും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. തൊഴില്‍ അന്വേഷകര്‍ക്ക് വളരെ നല്ല സമയം. കടം വാങ്ങി ജീവിത സൗകര്യങ്ങള്‍ വർധിപ്പിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകുമെങ്കിലും സന്താനങ്ങളുടെ കാര്യത്തില്‍ മനസില്‍ എപ്പോഴും ഉത്കണ്ഠ ഉണ്ടായിരിക്കും. അവയ്ക്ക് പരിഹാരം ചെയ്തുകൊള്ളണം. കലാ,​കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂല സമയം. കുടുംബാംഗങ്ങളുടെ ഇടയില്‍ അകല്‍ച്ച ഉണ്ടാകാതെ സൂക്ഷിക്കണം. വാഹനങ്ങളില്‍നിന്നോ മറ്റോ വീഴ്ച ഉണ്ടാകാതെ സൂക്ഷിക്കണം. 

ദോഷപരിഹാരങ്ങള്‍: ശിവന് ക്ഷീരധാര, ഹനുമാന്‍ സ്വാമിക്ക് വെണ്ണ സമര്‍പ്പണം എന്നിവ.

പൂരാടം

മിത്രങ്ങൾ പോലും ശത്രുവാകുന്ന സമയമാണ്. മനസിന് എപ്പോഴും ആവശ്യവും അനാവശ്യവുമായ ഉത്കണ്ഠ ഉണ്ടായിക്കൊണ്ടിരിക്കും. സന്താനങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുക. കലാകാരന്മാർക്ക് അനുകൂല സമയമാണ്. മത്സര പരീക്ഷകളിൽ  വിജയിക്കും. ജോലിയിൽ നിന്നു വരുമാനം വർധിക്കുമെങ്കിലും പണം ഒന്നിനും തികയാത്ത അവസ്ഥയുണ്ടാകും. സർക്കാർ ജോലിയുള്ളവർക്ക് അനുകൂല സമയമാണ്. പൂർവിക സ്വത്ത് അനുഭവിക്കാനുള്ള യോഗം വന്നു ചേരും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വീട് മാറും. ഔഷധവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. വീഴ്ച കാരണം പരുക്ക് പറ്റാനുള്ള സാധ്യത കാണുന്നുണ്ട്. ധാർമിക കാര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കാനാകും. ചിലപ്പോൾ അപ്രതീക്ഷിതമായി പരിഹാസം നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ പാർട്ട്‌ണറുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. 

ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നീരാഞ്ജനം, ശിവന് ക്ഷീരധാര, കാക്കയ്ക്ക് ഭക്ഷണം കൊടുക്കൽ എന്നിവ.

ഉത്രാടം

വിദ്യാഭ്യാസ രംഗത്ത് വളരെ ഉയർച്ച കിട്ടുന്ന സമയമാണിത്. ആരോഗ്യം കൂടുതൽ അഭിവൃദ്ധിപ്പെടും. ബാങ്കിങ്ങുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശോഭിക്കും. മുടങ്ങിപ്പോയ വീടുപണി പൂർത്തിയാക്കും. നല്ല സാമ്പത്തിക പുരോഗതിയുണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് നേട്ടം ലഭിക്കും. ജോലിയിൽ സ്ഥിരത ലഭിക്കും. സഹോദരങ്ങളുടെ വിവാഹം നടക്കും. ഏറ്റെടുക്കുന്ന എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. എല്ലാ പ്രശ്നങ്ങളെയും ശുഭപ്രതീക്ഷയോടെ കാണും. കുട്ടികളുടെ ഉയർച്ചയിൽ അഭിമാനിക്കും. ചില പ്രധാനപ്പെട്ട ഉത്തരവുകൾ കൈവശമെത്തും. പുതിയ വ്യവസായം ആരംഭിക്കും. ഒരുപാട് യാത്ര ചെയ്യാൻ അവസരം കിട്ടും. വിദ്യാഭ്യാസരംഗത്തും പൊതുവേദികളിലും ശോഭിക്കും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും അനുകൂല സമയം. സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ഏഴരാണ്ട ശനി കാലമായതിനാൽ മനസിനും ശരീരത്തിനും അസ്വസ്ഥത അനുഭവപ്പെടും. വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള അവസരം ഉണ്ടാകും. 

ദോഷപരിഹാരങ്ങള്‍: ശാസ്താവിനെ ഭജിക്കുക, ശിവന് ക്ഷീരധാര നടത്തുക, ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുക എന്നിവ.

തിരുവോണം 

മാനസികവും ശാരീരികവുമായ ക്ലേശങ്ങൾ കൂടും. ഏഴരാണ്ട ശനി കാലമായതിനാൽ അവയ്ക്ക് പ്രത്യേകം പരിഹാരങ്ങൾ കണ്ടുകൊള്ളണം. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകേണ്ട സമയമാണ്. ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം വിജയിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. കലാപരമായ പ്രവർത്തനങ്ങളിൽ താത്പ്പര്യം കാണിക്കും. പുതിയ ബിസിനസ് ആരംഭിക്കാനുള്ള സാധ്യത കാണുന്നു. സിനിമ, സീരിയൽ തുടങ്ങിയ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ഉന്നതരായ വ്യക്തികളുടെ പ്രശംസ കിട്ടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. റിസർച്ച് വിദ്യാർഥികൾക്ക് തങ്ങളുടെ പ്രവൃത്തി മുഴുമിപ്പിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജനങ്ങൾക്കിടയിൽ ബഹുമാനവും പ്രശസ്തിയും വർധിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. കുടുംബത്തിനുള്ളിൽ സ്വസ്ഥത കുറയും. ബന്ധുക്കൾ തമ്മിൽ നിസാരകാര്യങ്ങളിൽ അകൽച്ച ഉണ്ടാകാനുള്ള സാധ്യത കാണുന്നു. 

ദോഷപരിഹാരങ്ങള്‍: വിഷ്ണുവിന് പാൽപായസ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക, കാക്കയ്ക്ക് ആഹാരം നൽകുക എന്നിവ.

അവിട്ടം

സന്താനങ്ങൾക്ക് സുഖവും അവർ മുഖേന സാമ്പത്തിക ലാഭവും അനുഭവിക്കും. കുടുംബത്തിൽ സുഖവും ഐശ്വര്യവും നിലനിൽക്കും. വ്യാവസായിക രംഗത്ത് പുരോഗതി ഉണ്ടാകും. ശത്രുക്കളുടെ നിഗൂഢശ്രമങ്ങൾ ഫലിക്കാതെ പോകും. തൊഴിലിൽ നിന്ന് കൂടുതൽ ആദായം കിട്ടും. സന്താനങ്ങൾക്ക് നല്ല അഭിവൃദ്ധി ഉണ്ടാകും. കൂട്ടുകച്ചവടത്തെക്കുറിച്ച് ചിന്തിക്കുകയും നടപ്പാക്കുകയും ചെയ്യും. വിദേശയാത്രയ്ക്ക് അവസരം കിട്ടും. സുഹൃത്തുക്കൾ വർധിക്കും. നിർത്തി വച്ചിരിക്കുന്ന കെട്ടിട നിർമാണം പുനരാരംഭിക്കും. കലാരംഗത്തും സാഹിത്യരംഗത്തും പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. സഹോദരന്മാരിൽ നിന്ന് ധനസഹായം ലഭിക്കും. ഊഹക്കച്ചവടത്തിൽ നിന്നു ലാഭം പ്രതീക്ഷിക്കാം. ബിസിനസിൽ അഭിവൃദ്ധിയും ഉയർച്ചയും ഉണ്ടാകും. സാമ്പത്തിക വിഷമതകൾ മാറും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വ്യവഹാരങ്ങളിൽ വിജയം കിട്ടും. വളരെ മുൻപ് നഷ്ടപ്പെട്ട ഭൂമി തിരിച്ചു വാങ്ങും. വീടു വിട്ട് താമസിക്കേണ്ട സന്ദർഭങ്ങൾ വന്നു ചേരും. അനാവശ്യകാര്യങ്ങളിൽ ഇടപ്പെട്ട് ധനം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. പുതിയ വാഹനം വാങ്ങും. സന്താനങ്ങൾക്ക് ഉന്നത വ്യക്തികളിൽ‌ നിന്ന് അംഗീകാരം കിട്ടും. 

ദോഷപരിഹാരങ്ങള്‍: വിഷ്ണുവിന് നെയ്യ് സമർപ്പണം, ദേവിക്ക് പുഷ്പാഞ്ജലി എന്നിവ.

ചതയം

ആദായം പ്രതീക്ഷിച്ചു ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ലാഭം കിട്ടും. സംഭാഷണങ്ങളിൽ മിതത്വം പുലർത്തുക. ഗൃഹത്തിൽ ഐക്യതയും സമാധാനവും നിലനിൽക്കും. ബിസിനസിൽ പണം മുടക്കും. കൂട്ടുബിസിനസിൽ വിജയിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം കിട്ടും. പൊതുപ്രവർത്തകർ നേതൃസ്ഥാനത്തേക്ക് ഉയരും. സാമ്പത്തികനില ഭദ്രമായിരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവർക്ക് നല്ല സമയമാണ്. ചില സുപ്രധാന രേഖകളിൽ ഒപ്പു വയ്ക്കും. പൂർവികമായ പിതൃസ്വത്ത് കൈശവം വന്നു ചേരും. ഭൂമി വാങ്ങണമെന്നുള്ളവർക്ക് ആഗ്രഹം സാധിക്കും. വീടു വിട്ട് താമസിക്കേണ്ടി വരും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്ന് ധനലാഭം കിട്ടും. സ്വർണവ്യാപാരികൾക്ക് അനുകൂല സമയമാണ്. സാമ്പത്തിക വിഷമതകൾ ക്രമേണ മാറും. വിൽപ്പന തടസപ്പെട്ടിരുന്ന ഭൂമി നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കും. സഹോദരന്മാരും ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ആരോഗ്യ നില തൃപ്തികരമായിരിക്കും. 

ദോഷപരിഹാരങ്ങള്‍: വിഷ്ണുവിന് പാൽപായസം, ഗണപതി ഹോമം, സുബ്രഹ്മണ്യക്ഷേത്ര ദർശനം എന്നിവ.

പൂരുരുട്ടാതി

ശത്രുക്കളുടെ പ്രവർത്തനങ്ങളെ അതിജീവിക്കും. കുടുംബത്തിൽ ശ്രേയസ് വർധിക്കും. വിദേശത്തുള്ളവർ നാട്ടിൽ തിരിച്ചുവരും. കൈമോശം വന്നു എന്ന് കരുതിയ വസ്തുക്കൾ തിരികെ കിട്ടും. വ്യാപാരരംഗത്ത് നല്ല പുരോഗതിയുണ്ടാകും. ജനപ്രതിനിധികൾക്ക് അനുകൂല സമയമാണ്. ജോലി സ്ഥലത്ത് തന്‍റേതായ കാരണങ്ങൾ കൊണ്ട് മനസിന് അസ്വസ്ഥതയുണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ വിജയം നേടാനുള്ള അനുകൂല സമയം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. സാമ്പത്തിക വിഷമതകൾ മാറി കിട്ടും. സ്ത്രീകൾ മുഖേന അപവാദം വരാതെ ശ്രദ്ധിക്കണം. മാതാവിന്‍റെ പൂർവിക സ്വത്തുക്കൾ അനുഭവിക്കാൻ ഇട വരും. ഡോക്റ്റർമാർക്കും ഔഷധവുമായി ബന്ധപ്പെട്ടവർക്കും അനുകൂല സമയം ആണ്. വിൽപ്പന ഉദ്ദേശിച്ച ഭൂമി നല്ല നിലയിൽ വിൽക്കും. കുടുംബത്തിൽ ഐക്യവും സമാധാനവും നിലനിൽക്കും. ബന്ധുക്കളും സഹോദരന്മാരുമായി നല്ല ബന്ധം പുലർത്തും. പുതിയ വാഹനം വാങ്ങും. ആഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങും.

ദോഷപരിഹാരങ്ങള്‍:  ഭഗവതിക്ക് പുഷ്പാഞ്ജലി, വിഷ്ണുവിന് പാൽപ്പായസം, സഹസ്രനാമജപം എന്നിവ.

ഉതൃട്ടാതി

കുടുംബത്തിൽ ഐക്യതയും സമാധാനവും കാണും. വ്യവഹാരാദി കാര്യങ്ങളിൽ അനുകൂല സാഹചര്യം ആണ്. ഉന്നത വ്യക്തികളുടെ പ്രശംസ പിടിച്ചു പറ്റും. നിർത്തി വച്ചിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും. ജോലിയിൽ പ്രൊമോഷന് എല്ലാ സാധ്യതയും കാണുന്നു. രാഷ്ട്രീയ പ്രവർത്തകർ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും. സമൂഹത്തിൽ മാന്യതയും അംഗീകാരവും ലഭിക്കും. വളരെ മുൻപ് നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരിച്ചു കിട്ടും. രോഗികൾക്ക് നല്ല ആശ്വാസം അനുഭവപ്പെടേണ്ട സമയമാണ്. സന്താനങ്ങളെ കൊണ്ട് കൂടുതൽ സന്തോഷം കിട്ടും. വ്യാപാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേട്ടം കിട്ടുകയും ചെയ്യും. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. കൂട്ടുബിസിനസിൽ നിന്ന് പ്രയോജനം കിട്ടും. പന്തയങ്ങളിലും ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിക്കാൻ അനുകൂലമായ സാഹചര്യം ആണ്. പല കാര്യത്തിലും വിട്ടുവീഴ്‌ചാ മനോഭാവം സ്വീകരിക്കുന്നതിനാൽ അപവാദങ്ങളിൽ നിന്ന് ഒഴിവാകും. ജോലിയിൽ ആത്മാർഥത പുലർത്തും. 

ദോഷപരിഹാരങ്ങള്‍: ഭഗവതിക്ക് പുഷ്പാഞ്ജലി, നെയ് വിളക്ക്, സുബ്രഹ്മണ്യ ക്ഷേത്ര ദർശനം എന്നിവ.

രേവതി

സാമ്പത്തികമായി നല്ല ഉയർച്ചയുണ്ടാകും. ധന വരവും പ്രതീക്ഷിക്കുന്നതിൽ കൂടുതലായിരിക്കും. വിദ്യാർഥികൾക്ക് പഠനത്തിന് അനുകൂല സാഹചര്യമാണ്. മത്സരപരീക്ഷയിൽ ഉന്നത വിജയം കിട്ടും. പുതിയ ജോലിയിൽ പ്രവേശിക്കും. വിദേശത്ത് ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് വളരെ അനുകൂല സമയമാണ്. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. എല്ലാ രംഗങ്ങളിലും എതിരാളിയെ പരാജയപ്പെടുത്തും. സന്താനങ്ങൾക്ക് ശ്രേയസ് ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നു കൂടുതൽ നേട്ടം ഉണ്ടാകും. പുതിയ ബിസിനസിനെ കുറിച്ച് ചിന്തിക്കും. കൂട്ടു ബിസിനസിൽ നിന്ന് നല്ല നേട്ടം കൈവരിക്കും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും അനുകൂല സമയം ആണ്. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും ലഭിക്കും. പെരുമാറ്റത്തിൽ കുറച്ച് മിതത്വം പാലിക്കേണ്ട സമയം ആണ്. ബന്ധുക്കൾ ശത്രുക്കൾ ആകാതെ ശ്രദ്ധിക്കണം. സുഹൃത്തുക്കൾ വർധിക്കും.

ദോഷപരിഹാരങ്ങള്‍:  ശ്രീകൃഷ്ണന് പാൽ പായസ നിവേദ്യം, സുബ്രഹ്മണ്യന് ഭസ്മാഭിഷേകം, സഹസ്രനാമ പാരായണം എന്നിവ.


വാർത്തകൾ

Sign up for Newslettertop