Flash News
Archives

Kerala

latest-pre-poll-survey-favours-udf-and-lost-for-ldf-bjp-opens-account

അഭിപ്രായ സർവെ: കേരളം യുഡിഎഫിനൊപ്പം; എൽഡിഎഫിന് നഷ്‌ടം, ബിജെപി അക്കൗണ്ട് തുറക്കും

Published:14 April 2019

വോട്ടിലുണ്ടാകാവുന്ന ഏറ്റക്കുറച്ചിൽ പ്രകാരം യുഡിഎഫിന് 13 മുതൽ 14 വരെ സീറ്റുകളും എൽഡിഎഫിന് 4 മുതൽ 6 സീറ്റുകളും ബിജെപി ഒരു സീറ്റ് നേടുമെന്നും സർവെ പ്രവചിക്കുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും യുഡിഎഫ് ആധിപത്യം സൂചിപ്പിക്കുന്നു.

കൊച്ചി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ സംസ്ഥാനത്തെ രാഷ്ട്രീയ സാധ്യതകളെ കുറിച്ചുള്ള ഏറ്റവും പുതിയ പ്രവചനവുമായി അഭിപ്രായ സർവെ ഫലം. മലയാളത്തിലെ മുൻനിര വാർത്താ ചാനൽ നടത്തിയ സർവേയിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നു. ഇടതു മുന്നണിയുടെ വോട്ട് വിഹിതത്തിൽ വൻ ഇടിവുണ്ടാകാമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സർവെ ഫലം സൂചിപ്പിക്കുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ‍യനാട്ടിലെ സ്ഥാനാർഥിത്വം യുഡിഎഫിനു ഗുണകരമാകുമെന്നും ന്യൂനപക്ഷ വോട്ടുകൾ ചോരാതെ നോക്കുമെന്നും സർവെയിൽ പറയുന്നു. പാലക്കാട്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവടങ്ങളിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഏപ്രിൽ 8 വരെയുള്ള കാലയളവിലെ സർവെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.

വോട്ടിലുണ്ടാകാവുന്ന ഏറ്റക്കുറച്ചിൽ പ്രകാരം യുഡിഎഫിന് 13 മുതൽ 14 വരെ സീറ്റുകളും എൽഡിഎഫിന് 4 മുതൽ 6 സീറ്റുകളും ബിജെപി ഒരു സീറ്റ് നേടുമെന്നും സർവെ പ്രവചിക്കുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും യുഡിഎഫ് ആധിപത്യം സൂചിപ്പിക്കുന്നു. സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതിയാരോപണം നേരിടുന്ന കോഴിക്കോട് സിറ്റിങ് എം.പി എം.കെ രാഘവനെ ജനം കൈവിടില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, മധ്യ കേരളത്തിലെ 5 സീറ്റുകളിൽ 3 സീറ്റ് വരെ എൽഡിഎഫ് നേടിയേക്കാം. എന്നാൽ തെക്കൻ കേരളത്തിൽ എൽഡിഎഫിന് വലിയ തോതിൽ വോട്ട് വിഹിതത്തിൽ കുറവുണ്ടാകും. വടക്കൻ മേഖലയിൽ രണ്ട് സീറ്റ് വരെ എൽഡിഎഫ് നേടാമെങ്കിലും വോട്ട് വിഹിതത്തിൽ കുറവുണ്ടാകും. കാസർഗോഡ്, പാലക്കാട് സിറ്റിങ് സീറ്റുകൾ ഇടതു മുന്നണി നിലനിർത്തുമെങ്കിലും കണ്ണൂർ സീറ്റ് നഷ്ടമാകും. അഭിമാനപ്പോരാട്ടം നടക്കുന്ന വടകരയിൽ പി. ജയരാജൻ പരാജയപ്പെടുമെന്നും സർവെ പറയുന്നു. 

അതേസമയം, ബിജെപി മുന്നണിക്ക് നേട്ടം പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം. 40 ശതമാനം പേരാണ് കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. പത്തനംതിട്ടയിൽ ഇഞ്ചോടിഞ്ച് നടക്കുന്ന പോരാട്ടത്തിൽ ബിജെപിയുടെ കെ. സുരേന്ദ്രൻ നിലവിലെ അവസ്ഥയിൽ രണ്ടാമതെത്തും. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണിക്ക് 37 ശതമാനം വോട്ടും കെ. സുരേന്ദ്രന് 36 ശതമാനം വോട്ടും പ്രവചിക്കുമ്പോൾ എൽഡിഎഫിന്‍റെ വീണ ജോർജ് 20 ശതമാനം വോട്ടിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനം. സുരേഷ് ഗോപി തൃശൂരിൽ 26 ശതമാനം വോട്ടും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ 28 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.

യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്ന മണ്ഡലങ്ങൾ- കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം

എൽഡിഎഫ് നേടിയേക്കാവുന്ന മണ്ഡലങ്ങൾ- കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങൽ

ബിജെപിക്ക് വിജയം പ്രവചിക്കുന്നത്- തിരുവനന്തപുരം (പത്തനംതിട്ടയിൽ രണ്ടാം സ്ഥാനത്ത്).


വാർത്തകൾ

Sign up for Newsletter



top