22
August 2019 - 10:11 am IST

Download Our Mobile App

Flash News
Archives

World

notre-dame

അഗ്നിയിൽ വെണ്ണീറാകുന്നതല്ല നോട്രഡാം കത്തീഡ്രലും ചരിത്രവും...

Published:16 April 2019

സ്നേഹത്തെ എങ്ങനെയാണ് ഇതിലും മനോഹരമായി ചിത്രീകരിക്കാൻ കഴിയുക‍? നോട്രഡാമിലെ കൂനൻ എന്ന നോവൽ വായിച്ചാൽ ആദ്യം മനസിൽ തോന്നുന്ന കാര്യമാണിത്.

വിപ്ലവങ്ങളെയും രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്രം പറയാനുണ്ട് കഴിഞ്ഞ ദിവസം അഗ്നിനാളങ്ങൾ വിഴുങ്ങിയ നോട്രഡാമിലെ കത്തീഡ്രലിന്. നൂറ്റാണ്ടുകളോളം ഫ്രാൻസിന്‍റെ പ്രതീകമായി നിലനിന്നിരുന്ന വിശ്വപ്രസിദ്ധ ദേവാലയമാണ് ഏതാണ്ട് പൂർണമായും കത്തിചാരമായിരിക്കുന്നത്. ലോകത്തിൽ വച്ചേറ്റവും വലുപ്പമേറിയ 850 വർഷത്തിലേറെ പഴക്കമുള്ള പാരീസിലെ നോട്രഡാം കത്തീഡ്രൽ അഗ്നിക്കിരയായെന്ന് ഇപ്പോഴും ലോകത്തിന് വിശ്വസിക്കാനാവുന്നില്ല എന്നതാണ് യാഥാർഥ്യം.

ലോകചരിത്രത്തിന്‍റെ പല ഏടുകളിലും ഈ കത്തീഡ്രലിന് നിർണായക സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. 1163 ൽ സ്ഥാപിതമായ ഈ ദേവാലയത്തിന്‍റെ നിർമാണം പല ഘട്ടങ്ങളിലായി നടന്ന് 1345 ലാണ് അവസാനിച്ചത്. 1804 ഡിസംബർ രണ്ടാം തീയതി നെപ്പോളിയന്‍റെ കിരീടധാരണം ഇവിടെവച്ചാണ് നടന്നത്.

ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരൻ ചിത്രീകരിച്ച കിരീടധാരണം, ലുവ്റേ മ്യൂസിയത്തിൽ പെയ്ന്‍റിംഗുകളുടെ കൂട്ടത്തിൽ കാണാം. അതുമാത്രമല്ല അനേകം സാഹിത്യ കൃതികളിലും ഈ കത്തീഡ്രൽ വിഷയമായിട്ടുണ്ട്. അതിൽ പ്രധാനമാണ് 1931 ൽ പ്രസിദ്ധീകരിച്ച വിക്‌ടർ ഹ്യൂഗോയുടെ നോട്രഡാമിലെ കൂനൻ എന്ന വിഖ്യാത കൃതി.

വിക്‌ടർ ഹ്യൂഗോയും നോട്രഡാം കത്തീഡ്രലും തമ്മിൽ...

സ്നേഹത്തെ എങ്ങനെയാണ് ഇതിലും മനോഹരമായി ചിത്രീകരിക്കാൻ കഴിയുക‍? നോട്രഡാമിലെ കൂനൻ എന്ന നോവൽ വായിച്ചാൽ ആദ്യം മനസിൽ തോന്നുന്ന കാര്യമാണിത്. നോവലിലെ കഥാപാത്രങ്ങളായ എസ്മറാൽഡ എന്ന ജിപ്സി നർത്തകിയും അവരെ പ്രണയിച്ച പള്ളിയിലെ മണിമുട്ടുകാരനും വിരൂപിയുമായ ക്വാസിമോഡോ എന്ന കൂനൻ കഥാപാത്രത്തിന്‍റെയുമൊക്കെ  ഒപ്പം തന്നെ നോട്രഡാമിലെ പഴയ രൂപത്തിലുള്ള പള്ളിയും നോവലിലെ പ്രധാനകഥാപാത്രമായി.

ഇത് ഒരു റൊമാന്‍റിക്-ഗോഥിക് നോവലാണ്. അവഗണിക്കപ്പെട്ടിരുന്ന ഗോഥിക് ആർകിടെക്ചറിനെ കുറിച്ച് ജനങ്ങളുടെയിടയിൽ ഒരവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മാത്രമേ ഗ്രന്ഥകാരനുണ്ടായിരുന്നുള്ളു. നോട്രഡാം കത്തീഡ്രലിന്‍റെ യഥാർഥ പേര് നോട്രഡാം ഡി പാരിസ് എന്നായിരുന്നു. ഇത് തന്നെയായിരുന്നു നോവലിന്‍റെ പേരും. ഫ്രഞ്ച് ഭാഷയിൽ നിന്ന് തർജിമ ചെയ്തപ്പോഴാണ് ഹഞ്ച് ബാക്ക് ഓഫ് നോട്രഡാം (നോട്രഡാമിലെ കൂനൻ) എന്ന പേരായത്.

നോവൽ പ്രശസ്തമായതോടൊപ്പം ഗോഥിക് ആർകിടെക്ചറും പാരീസിൽ പ്രസിദ്ധമായി. മാത്രമല്ല പാരീസ് നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളിലും ഈ മാറ്റം പ്രകടമായി. പിന്നീട് 1845 മുതൽ ഏറ്റവും ഒടുവിൽ 1990 വരെ നോട്രഡാം കത്തീഡ്രലിൽ നടന്ന പുനരുദ്ധാരണ പ്രവർത്തികളിലും പഴയ ഫ്രഞ്ച് -ഗോഥിക് രീതിയാണ് പിന്തുടർന്നത്. അങ്ങനെ നോട്രഡാമിന്‍റെ പ്രശസ്തിയ്ക്കും പ്രതാപത്തിനും വിക്‌ടർ ഹ്യൂഗോ കാരണമായി. 

സഞ്ചാരികളെ മോഹിപ്പിക്കുന്ന വിശ്വപ്രസിദ്ധ ദേവാലയം...

സെയിൻ നദിക്കരയിലാണ് നോട്രഡാം ഡി പാരീസ് അഥവ അവർ ലേഡി ഓഫ് പാരീസ് എന്ന കാതലിക് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. ചുവരുകളുടെ മേൽ ഭാഗത്തായി ചില്ലു ജനാലകൾ. ഒരു മുറിയിൽ പള്ളിയിൽ നേർച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുമുണ്ട്. പള്ളി മേടയിൽ കയറിയാൽ പാരീസ് നഗരം കാണാം.

15 ടൺ ഭാരമുള്ളതടക്കം പത്തിലേറെ മണികളുണ്ടിവിടെ. യേശുവിനെ ക്രൂശിച്ച മരക്കുരിശിന്‍റെ ഒരു ഭാഗവും ഒരു ആണിയും അണിഞ്ഞ മുൾക്കിരീടം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. പ്രധാന കവാടത്തിന് മുകളിലെ കലാരൂപവും കന്യക മാതാവിന്‍റെ 37 ലധികം വരുന്ന പ്രതിമകളും, പള്ളി സ്ഥാപിക്കാനായി നിയോഗിക്കപ്പെട്ട് ഒടുവിൽ രക്തസാക്ഷിയായി മരിച്ച വിശുദ്ധ ഡെന്നിസിന്‍റെ പ്രതിമകളുമെല്ലാം കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കുന്നു. പുന:നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾ

Sign up for Newslettertop