22
August 2019 - 10:11 am IST

Download Our Mobile App

Flash News
Archives

World

serial-blasts-at-srilanka-churches-during-easter-mass-latest-updates

ശ്രീലങ്കൻ സ്‌ഫോടന പരമ്പര: മരണം 210 കടന്നു, കൊല്ലപ്പെട്ടവരിൽ 4 ഇന്ത്യക്കാർ, 7 പേർ അറസ്റ്റിൽ

Published:21 April 2019

ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 215 ആയി ഉയർന്നു. അ‍ഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 35 പേർ വിദേശികളാണ്. ഒരു മലയാളി ഉൾപ്പെടെ നാലു ഇന്ത്യക്കാരും കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ മേഖലയിലെ പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണ് സ്ഫോടനമുണ്ടായത്.

കൊളംബൊ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തിയ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 215 ആയി. അ‍ഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 35 പേർ വിദേശികളാണ്. ഒരു മലയാളി ഉൾപ്പെടെ നാലു ഇന്ത്യക്കാരും കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ മേഖലയിലെ പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനമുണ്ടായ സ്ഥലങ്ങളിൽ 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയ്ക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി. എൽടിടിഇ കാലത്തെ ആഭ്യന്തര സംഘർഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 

കൊല്ലപ്പെട്ടവരിൽ ഒരു കാസർഗോഡ് സ്വദേശിനിയുമുണ്ട്.  മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീനയാണ് മരിച്ചത്. കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ റസീന കൊല്ലപ്പെട്ടത്. ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്ഫോടനങ്ങളിലാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലോകാശിനി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. 

രക്ഷാപ്രവർത്തനങ്ങൾക്കായി 200ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടുമില്ല. അക്രമികളെ പിടികൂടാൻ പൊലീസ് രാജ്യത്താകമാനം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, കൊളംബോയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ ഏഴു പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. റെയ്ഡിനിടെ മൂന്നു ഓഫീസർമാർ കൊല്ലപ്പെട്ടു. ഇതു ചാവേർ സ്ഫോടനമാണെന്നാണ് വിവരം.

കൊളംബോയിലെ കോച്ചിക്കോട് സെന്‍റ് ആന്‍റണീസ് പളളിയിലായിരുന്നു ആദ്യ സ്‌ഫോടനം. നെഗോംബോയിലെ കത്തുവാപിടിയിലുളള സെന്‍റ് സെബാസ്റ്റ്യൻസ് പളളിയിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. മൂന്നാമത്തെ സ്‌ഫോടനം ബാട്ടികലോയയിലെ പളളിയിലായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളായ ഷാങ്റില, ദി സിന്നമോൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. പളളികളിൽ ഈസ്റ്റർ പ്രാർഥന നടക്കവേ പ്രാദേശിക സമയം രാവിലെ 8.45 ഓടെയായിരുന്നു സ്‌ഫോടനം. 

ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയെ ഇന്ത്യ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രധാന മന്ത്രിയെയും പ്രസിഡന്‍റിനേയും ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാർക്കു വേണ്ടിയും അദ്ദേഹം അനുശോചനം അറിയിച്ചു. ലോകസമൂഹവും ആക്രമണത്തെ അപലപിച്ചു. ശ്രീലങ്കയ്ക്ക് എന്തു സഹായത്തിനും തയ്യാറായി ഞങ്ങൾ ഒപ്പമുണ്ടെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഈസ്റ്റർ ദിനത്തിൽ ക്രൂരമായ ആക്രമണം നടത്തിയവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ പറഞ്ഞു. ഈസ്റ്റർ ദിനത്തിലുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ശ്രീലങ്കയിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കൊളംബോയിലേക്കുളള വിമാന സർവീസ് എയർ ഇന്ത്യ താത്ക്കാലികമായി നിർത്തിവച്ചു. ഏപ്രിൽ 24 വരെയുളള ഷെഡ്യൂളുകളിൽ എയർ ഇന്ത്യ മാറ്റം വരുത്തി. ഈ തീയതി വരെയുളള എല്ലാ സർവീസുകളും റീഷെഡ്യൂൾ ചെയ്യുകയും ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top