Flash News
Archives

Astrology

പത്താമുദയം: പൂർണഫലസിദ്ധി നൽകുന്ന പുണ്യദിനം

Published:22 April 2019

# റിഷി പ്രഭാത്

കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. വിഷുവിനാണ് കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറുന്നത്. വിളവെടുക്കാനും  വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്.

ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഊർജദായകനായ സൂര്യൻ അത്യുച്ച രാശിയിൽ വരുന്ന ദിവസമാണ് പത്താമുദയം. മേടമാസത്തിലെ പത്താം ദിവസം. സൂര്യൻ ഏറ്റവും ബലവാനായി കാണപ്പെടുന്നത് ഈ ദിവസമാണെന്നാണ് ജ്യോതിഷം പറയുന്നത്. ജ്യോതിഷപ്രകാരം  മാസങ്ങളിലും രാശികളിലും പ്രഥമസ്ഥാനമുള്ള മാസമാണ് മേടം. മാസത്തിന്‍റെ അടയാളം മേഷം (ആട്). ഈ വർഷത്തെ പത്താമുദയം 2019 ഏപ്രിൽ 24 ബുധനാഴ്ചയാണ്.

ഏതു ശുഭകാര്യത്തിനും അനുയോജ്യമായ ഉത്തമദിനമായാണ് പത്താമുദയം ഗണിക്കപ്പെടുന്നത്. ഏറെ ഐശ്വര്യദായകമായ പുണ്യദിനം. വിഷു മുതൽ പത്താമുദയം വരെയുള്ള നാളുകൾ സവിശേഷമായി കണക്കാക്കുന്നു. വിഷു സംക്രാന്തി കഴിഞ്ഞുള്ള ഈ നാളുകളിൽ സൂര്യൻ അനുദിനം ബലവാനാകുന്നതാണു കാരണം. സമ്പദ് സമൃദ്ധി നിറഞ്ഞതും പ്രാർഥനകൾക്കു ഫലം ലഭിക്കുന്നതുമായ ദിനങ്ങൾ. ഈ നാളുകളിൽ, പ്രത്യേകിച്ചും പത്താമുദയത്തിന്,​  മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയും വ്രതം ആചരിക്കുകയും ദൈവിക കാര്യങ്ങളിലും പ്രാർഥനകളിലും മനസുവയ്ക്കുകയും ചെയ്യുന്നത് വിശേഷാനുഭവങ്ങൾ നൽകും.

കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. വിഷുവിനാണ് കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറുന്നത്. വിളവെടുക്കാനും  വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല സമയം നോക്കേണ്ടതില്ല എന്നാണു വിശ്വാസം. വിഷുവിനുശേഷം ഒന്നു രണ്ടു വേനൽമഴ ലഭിക്കുന്നതിനാൽ പാടവും പറമ്പും കുതിർന്നിരിക്കും.

ഈ ദിവസങ്ങളിൽ പണ്ടുള്ളവർ സൂര്യോദയത്തിനു മുമ്പേ എഴുന്നേറ്റ് ദീപം കാണുകയും കന്നുകാലികളെ ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. പുതിയ സംരംഭങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക്  ഈ ദിനം അത്യുത്തത്തമമായി കണക്കാക്കുന്നു. ഏതു കർമം ചെയ്യുന്നതിനു മുൻപും സൂര്യഭഗവാനെ സ്മരിച്ച ശേഷം തുടങ്ങിയാൽ പൂർണ വിജയം ലഭിക്കുമെന്നാണല്ലോ വിശ്വാസം. 

അന്നേ ദിവസം ഏതു ദേവിദേവന്മാരെ ഭജിച്ചാലും അതിന് പൂർണ ഫലസിദ്ധി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. വ്രതവും, പൂജകളും, ദൈവചിന്തയുമായി ഈ ദിനം ചെലവഴിക്കുന്നത് വിജയം നേടാൻ സഹായിക്കും. പത്താമുദയത്തിനു പകൽ മഴക്കാറില്ലാതെ തെളിഞ്ഞു കാണപ്പെടുകയാണെങ്കിൽ വീടിനും നാടിനും ഗുണകരമാണെന്നു കരുതുന്നു. 


വെള്ളിമുറം കാണിക്കൽ
പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. വടക്കൻ കേരളത്തിൽ ചിലയലിടങ്ങളിൽ ഇപ്പോഴും ഈ ചടങ്ങ് നടക്കുന്നുണ്ട്. സൂര്യോദയത്തിനു മുൻപു കളിച്ച് കുറിയഞ്ചും വരച്ച് കാരണവരും തറവാട്ടമ്മയും മുറ്റത്ത് നിലവിളക്കുവച്ച് നിറനാഴിയുമായി കാത്തുനിൽക്കും. ജീവകാരകനായ ആദിത്യൻ ഉദിച്ചുയരുന്ന മുഹൂർത്തത്തിൽ വാൽക്കിണ്ടിയിൽ നിന്നു വെള്ളം ജപിച്ച് മുകളിലേക്കെറിഞ്ഞു വന്ദിച്ച് ഇരുകൈകളിലും ഉണക്കലരി വാരിയെടുത്ത് അന്തരീക്ഷത്തിലേക്ക് എറിയുന്നു. സൂര്യനെ അരിയിട്ട് എതിരേൽക്കുന്നുവെന്നും വീട്ടിലെ പൂജാമുറിയിലേക്ക് ആനയിക്കുന്നുവെന്നുമാണ് സങ്കല്പം. അതിന്‍റെ ഐശ്വര്യം അടുത്തകൊല്ലം വരെ നിലനിൽക്കുമത്രെ. ഉദയത്തിനു ശേഷം അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.

1008 തവണ ഗായത്രി മന്ത്രം 
പാപ ശാന്തിക്കും തടസ  നിവാരണത്തിനുമായി അന്ന് ഇഷ്ടദേവനെ പ്രാർത്ഥിക്കുകയോ അല്ലെങ്കിൽ “ഓം നമോനാരായണായ” എന്ന മന്ത്രം ജപിക്കുകയോ ചെയ്യുക. അതുപോലെ തന്നെ രാവിലെ കുളിച്ച് ഈറനോടെ അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് പല ഗുണങ്ങളും നൽകുമെന്ന് വിശ്വാസമുണ്ട്.  പാപശാന്തിക്ക് 21 തവണ പ്രദക്ഷിണം, മാർഗതടസങ്ങൾ നീക്കാൻ 18 പ്രദക്ഷിണം, കാര്യസാധ്യത്തിനും കർമ വിജയത്തിനും 36 പ്രദക്ഷിണം എന്നിങ്ങനെ ചെയ്യണം. ഈ നാളുകളിൽ രാവിലെയും വൈകുന്നേരവും 1008 തവണ ഗായത്രി മന്ത്രം ചൊല്ലുന്നതും, പ്രണവ മന്ത്രം, അഷ്ടാക്ഷര മന്ത്രം, പഞ്ചാക്ഷര മന്ത്രം എന്നിവ ജപിക്കുന്നതും ഗുണകരമാണ്. 

ഗായത്രി മന്ത്രം പോലെ പ്രധാനമാണ് ആദിത്യഹൃദയമന്ത്രവും. സൂര്യദേവന് അതിവിശിഷ്ടമായതിനാൽ പത്താമുദയനാളിൽ ഭക്തിയോടെ സൂര്യഭഗവാനെ സ്മരിച്ചാൽ കഷ്ടപ്പാടുകളും രോഗദുരിതങ്ങളും അകന്നുപോകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രഹദോഷങ്ങളിൽ നിന്നും പീഡകളിൽനിന്നും അനന്തമായ ഊർജത്തിന്‍റെ ഉറവിടമായ സൂര്യൻ ഭക്തരെ രക്ഷിക്കുമെന്നാണ് വിശ്വാസം.

മനസിനെയും ബുദ്ധിയെയും മേഘങ്ങളായി മൂടുന്ന അജ്ഞതയും ആലസ്യവും വിഷാദവും ദൂരീകരിച്ച് ഹൃദയശുദ്ധി നൽകുന്ന മന്ത്രമാണ് ആദിത്യഹൃദയം. ഈ മന്ത്രം മാതാപിതാക്കൾ കുട്ടികളെ നിർബന്ധമായും പഠിപ്പിക്കേണ്ടതാണ്. എല്ലാ കർമങ്ങളുടെയും അധിപൻ സൂര്യനാകയാൽ ഈ മന്ത്രം ദിവസേന ഒരു തവണയെങ്കിലും ചൊല്ലുന്നത് വിവിധ കർമമണ്ഡലങ്ങളിൽ ശോഭിക്കാൻ കരുത്തു നൽകും. ഭയവും ആപത്തും അങ്ങനെയുള്ളവരെ ഗ്രസിക്കുകയില്ല. അസ്തമയത്തിനുശേഷം ഈ മന്ത്രം ജപിക്കുകയുമരുത്.


ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമാതം കാന്തിരൂപായ തേ നമഃ


വാർത്തകൾ

Sign up for Newsletter



top