ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:04 May 2019
പരിമിതികൾക്ക് മുന്നിൽ സങ്കടപ്പെട്ട് ഒറ്റയ്ക്കായി പോകുന്നവരേറെയാണ്.. താങ്ങും തണലുമേകാനാളില്ലാതെ വിഷാദരോഗത്തിന്റെ പടവുകളിലൂടെ സന്തോഷങ്ങളിൽ നിന്നു അകന്നു ജീവിക്കുന്നവർ. എന്നാൽ ജീവിതത്തിന്റെ പാതിവഴിയിൽ വിധി സമ്മാനിച്ച പരിമിതികൾക്ക് മുന്നിൽ തോറ്റുപോകില്ലെന്ന വാശിയോടെ ജീവിക്കുന്നൊരാളുണ്ട്. എഴുനേറ്റ് നടക്കാനാകില്ലെങ്കിലും തനിക്കും ചുറ്റും ആനന്ദത്തിന്റെ സുഗന്ധം നിറയ്ക്കുന്നൊരാൾ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി സുകുമാരൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ജീവിതം അവസാനിച്ചുവെന്നു കരുതിയ നിമിഷത്തിൽ നിന്ന് മെല്ലെ മെല്ലെ നടന്ന് സന്തോഷങ്ങളെ തിരികെപ്പിടിക്കുകയാണ്.
അതിജീവനത്തിന്റെ പാതയിലാണെങ്കിലും സുകുമാരന്റെ കരവിരുതിൽ നിന്നും ഉണ്ടാക്കുന്ന സാധനങ്ങൾ ആരെയും അമ്പരിപ്പിക്കും. കുടയും സോപ്പും ഡിറ്റർജന്റും കടലാസു ബാഗുകളുമൊക്കെ നിർമിച്ചാണ് 53കാരനായ സുകുമാരൻ രോഗത്തെ അതിജീവിക്കുന്നത്. വീൽച്ചെയറിലാണ് ജീവിതം. പക്ഷേ ഇതൊക്കെ നിർമിച്ചു കിട്ടുന്ന വരുമാനത്തിലാണ് ഞാനും എന്റെ ഭാര്യയും ജീവിക്കുന്നതെന്നു സുകുമാരൻ പറയുന്നു. വീട്ടിലിരുന്നാണ് ഇവയൊക്കെയും നിർമിക്കുന്നത്. എല്ലാത്തിനും പിന്തുണയുമായി കൂടെയുള്ളത് ഭാര്യ സത്നയാണ്. സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഏറെയുണ്ട്. പക്ഷേ അതൊക്കെയും തരണം ചെയ്തു മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണിപ്പോൾ.
വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ ഏഴു വർഷം മുൻപ് ഒരു നവംബർ മാസത്തിലാണ് അപകടമുണ്ടായതെന്നു സുകുമാരൻ പറയുന്നു. ഞങ്ങളുടെ വീടിന്റെ മുകളിൽ അറ്റകുറ്റപണികൾ നടത്തുകയായിരുന്നു. അതിനിടെ കാലുതെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനാണ് അപകടം പറ്റിയത്. മംഗലാപുരത്തെ ആശുപത്രിയിൽ നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തുവെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് ജീവിതം ദാ ഈ വിൽച്ചെയറിലായി. ഒരു വർഷക്കാലം വീട്ടിൽ കിടപ്പു തന്നെയായിരുന്നു. എഴുനേറ്റ് നടക്കാൻ പോലുമാകാതെയുള്ള ജീവിതത്തെക്കുറിച്ചോർത്ത് സങ്കടപ്പെട്ട നാളുകളായിരുന്നു. ചികിത്സാചെലവ് എനിക്ക് താങ്ങാകുന്നതിലും അപ്പുറമായിരുന്നു. ആ വീട് വിൽക്കേണ്ടിയും വന്നു. പിന്നീട് വാടകവീട്ടിലേക്ക് താമസം മാറി. പിന്നീട് വീൽച്ചെയറുകളിലേക്ക് ജീവിതം ചുരുങ്ങി.
എന്നാൽ വീൽച്ചെയറിലിരുന്ന് എന്തെങ്കിലും ജോലി ചെയ്യാനാകുമോയെന്നു ചിന്തിച്ച സുകുമാരന്റെ മുന്നിൽ സഹായഹസ്തവുമായി എത്തുന്നത് സ്റ്റുഡന്റ്സ് പാലിയേറ്റീവ് കെയറിലെ കുട്ടികളാണ്. അവരാണ് ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത്. ‘ഈ പരിമിതിയെ എനിക്ക് മറിക്കടക്കാനാകുമെന്ന് പഠിപ്പിച്ചത്. ആ കുട്ടികൾ നടത്തിയ പരിശീലനക്ലാസിൽ നിന്നാണ് കുട നിർമാണവും മെഴുകുതി നിർമാണവും സോപ്പ്, ഡിറ്റർജെന്റ് ഉണ്ടാക്കുന്നതുമൊക്കെ പഠിച്ചത്. പിന്നീട് വീട്ടിലിരുന്നു ഭാര്യയ്ക്കൊപ്പം ഇതൊക്കെ നിർമിച്ച് വിൽക്കാനാരംഭിച്ചുവെന്നു അദ്ദേഹം.
പക്ഷേ അതിജീവനത്തിന്റെ ഈ യാത്രയിലും സുകുമാരന്‍ ജീവിതപ്രാരാബ്ദങ്ങൾ ഏറെയാണ്. ഇന്നും സ്വന്തമായൊരു വീടില്ലെന്നതാണ് വലിയ സങ്കടം. എന്റെ ചികിത്സാചെലവുകൾക്കും മറ്റുമായി സ്വന്തമായുള്ള വീട് വിൽക്കേണ്ടി വന്നു. എന്നെ നോക്കാനും മറ്റുമായി പ്ലൈവുഡ് കമ്പനിയിലുണ്ടായിരുന്ന ജോലി ഭാര്യയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. 6 വര്‍ഷക്കാലമായി വാടക വീട്ടിലാണ് താമസിക്കുന്നത്. മാസം 4000 രൂപവരെയാണ് വാടകയായി കൊടുക്കുന്നത്. പിന്നെ ചികിത്സാചെലവും മറ്റും. ഇതൊന്നും കുട നിർമാണത്തിലൂടെയും മറ്റും കിട്ടുന്ന വരുമാനം കൊണ്ട് ഒന്നിനും തികയില്ല. ശാരീരീകമായി ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് അവരുടെ വീടുകളില്‍ പോയി ഇവ നിര്‍മിക്കുന്നതിനു വേണ്ട പരിശീലനം നല്‍കുന്നുമുണ്ട്. തീരെ പാവപ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് ഞാന്‍ സൗജന്യമായി പഠിപ്പിക്കാറാണ് പതിവ്. എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ സഹായിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സുകുമാരൻ.
ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ചാണ് കൂടുതലും കുടകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഒരു ത്രീ ഫോള്‍ഡ് കുട 320 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കുടക്ക് 70 രൂപ വരെയാണ് ലാഭം കിട്ടുന്നത്. സ്കൂളുകളിലേക്കോ ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കോ ഉള്ള ഓര്‍ഡറുകളില്‍ വില കുറച്ചും നൽകാറുണ്ട്. കളർ കുടകളും നിർമിച്ചു വിൽക്കുന്നുണ്ട്. ഫസ്റ്റ് ക്വാളിറ്റി തുണികള്‍ മാത്രമേ കുട നിര്‍മിക്കാന്‍ ഉപയോഗിക്കാറുള്ളൂ. പരമാവധി 45 മിനിട്ടുകളാണ് ഒരു കുട നിര്‍മിച്ചെടുക്കുന്നത്. ഭാര്യയോടൊപ്പം ചേര്‍ന്ന് ഒരു ദിവസം കൊണ്ട് 45 കുട വരെ ഉണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട് പ്രഭുലാല്‍ എന്ന കമ്പനി വഴി കണ്ണൂരിലേക്ക് എത്തിച്ച് അവിടെ നിന്നാണ് വേണ്ട് കുട നിർമാണത്തിന് ആവശ്യമായ സാധനങ്ങള്‍ എടുക്കുന്നത്.
മഴക്കാലം വരികയല്ലേ ആരെങ്കിലുമൊക്കെ കുട വാങ്ങുമെന്നാണ് പ്രതീക്ഷ. ഫെയ്സ്ബുക്കിലും മറ്റും സജീവമാണ്, അതിലൂടെയും കുടകൾ ആവശ്യമുള്ളവർ എന്നെ ബന്ധപ്പെടാറുണ്ട്. കഷ്ടപ്പാടുകളുണ്ടെങ്കിലും എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്നാണ് വലിയ ആഗ്രഹം. ആ സ്വപ്നം സഫലമാക്കാനുള്ള കഠിനാധ്വാനത്തിലാണ് സുകുമാരൻ. വിധിയ്ക്ക് മുന്നിൽ തോൽക്കില്ലെന്ന വാശിയോടെ സുകുമാരൻ പൊരുതുകയാണിപ്പോഴും. എല്ലാത്തിനും കൂട്ടായി സത്നയും കൂടെയുണ്ട്. സുകുമാരന്റെ കൈയിൽ നിന്ന് കുടയോ സോപ്പോ ഡിറ്റർജന്റോ വാങ്ങണമെന്നാഗ്രഹമുള്ളവർക്ക് അദ്ദേഹത്തെ വിളിക്കാം - 9745948453