Published:18 May 2019
അവനവനാവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണല്ലോ മലയാളികള്‍. അതിനറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങള്‍. കാലാവസ്ഥയനുസരിച്ച് ഉഷ്ണകാല പച്ചക്കറികള്‍, ശീതകാല പച്ചക്കറികള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതു കൂടാതെ വഴുതനവര്ഗം, വെള്ളരിവര്‍ഗം, വെണ്ട, ചീരവര്ഗം, പയറുവര്‍ഗ പച്ചക്കറികള്‍, ദീര്‍ഘകാല പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഉള്ളിവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെയെല്ലാം പച്ചക്കറി വിളകളെ വർഗീകരിക്കാം.
തക്കാളി
തക്കാളി ഒരു ഉഷ്ണകാല വിളയാണ്. തെക്കേ അമെരിക്കയിലെ പെറുവാണ് തക്കാളിയുടെ ജന്മദേശം. താപനിലയില്‍ 35 ഡിഗ്രിയില്‍ കൂടിയാലും 15 ല്‍ കുറഞ്ഞാലും അത് വിളവിനെ ബാധിക്കും. സെപ്റ്റംബര്‍ ഡിസംബര്‍, ജനുവരി മാര്‍ച്ച് മാസങ്ങളാണ് തക്കാളി കൃഷിക്ക് അനുയോജ്യം.
വഴുതന
ഇന്ത്യയാണ് വഴുതനയുടെ ജന്മദേശം. നട്ട് 55-60 ദിവസം ആകുന്നതോടെ കായ്കള്‍ വിളവെടുപ്പിന് പാകമാകും. വിളവെടുത്ത് മണ്ണിന് മുകളില്‍ അടി നിറുത്തി ബാക്കിഭാഗം മുറിച്ചു കളഞ്ഞാല്‍ വീണ്ടും കിളിര്‍ത്ത് ഒരു വിളകൂടി ലഭിക്കും.
പച്ചമുളക്
തെക്കേ അമെരിക്കയാണ് മുളകിന്റെ ജന്മദേശം. പോര്ച്ചുഗലാണെന്ന് മറ്റൊരു അഭിപ്രായമുണ്ട്. മുളക് ഒരു ഉഷ്ണകാലവിളയാണ്. മുളകിന് എരിവ് നല്‍കുന്നത് അവയിലടങ്ങിയിട്ടുള്ള കാപ്സയിഡിന് എന്ന ക്ഷാരകാമ്ലമാണ്.
വെണ്ട
വെണ്ട ഒരു വേനല്‍ക്കാല പച്ചക്കറിവിളയാണ്. ജന്മദേശം ആഫ്രിക്ക. വെണ്ടച്ചെടിയുടെ കാണ്ഡത്തിലുള്ള നാര് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. വിത്ത് പാകി 45ാം ദിവസം മുതല്‍ വിളവെടുക്കാം. പൂവിരിഞ്ഞ 46 ദിവസങ്ങള്‍ക്കുള്ളില്‍ കായ് പറിച്ചെടുക്കണം.
പച്ചക്കറികളിലെ തണുപ്പന്മാര്
15-25 താപനിലയുള്ള പ്രദേശങ്ങളിലാണ് ശീതകാല പച്ചക്കറി വിളകള്‍ നന്നായി വിളയുന്നത്. കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി എന്നിവയാണ് പ്രധാന ശീതകാല പച്ചക്കറി വിളകള്‍. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പാര്‍ന്ന മഞ്ഞുകാലത്താണ് ഇവ കൃഷി ചെയ്യുന്നത്. ശീതകാല പച്ചക്കറികളെ കോര്വിഭാഗം, കിഴങ്ങുവര്‍ഗവിളകള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
കാബേജ്
മെഡിറ്ററേനിയന്‍ പ്രദേശത്ത് ജന്മകൊണ്ട ബ്രാസിക്ക കോസ്റ്റേറ്റ എന്ന കാട്ടുകടുകില് നിന്നാണ് കാബേജ് രൂപാന്തരപ്പെട്ടു വന്നത്. കൊടുംമഞ്ഞിനെ ചെറുത്തു നില്ക്കാന് കഴിവുള്ള ഈ ദ്വിവര്‍ഷി സസ്യത്തെ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ കൊണ്ടു വന്നത്. ഇളം ഇലകള്‍കൊണ്ടു പൊതിഞ്ഞ മദ്ധ്യഭാഗത്തുള്ള കൂമ്പാണ് നാം കോളിഫ്ളവര്‍ പച്ചക്കറിയായി ഉപയോഗിക്കുന്നത്.
കോളിഫ്ലവര്‍
1822ല്‍ ഇംഗ്ലണ്ടില്‍ നിന്നും കോര്‍ണിഷ് വിഭാഗത്തില്‍പ്പെട്ട കോളിഫ്ളവര്‍ ഇവിടെ എത്തിച്ച് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്തു. ഇവ പിന്നീട് ഇന്ത്യയ്ക്കനുയോജ്യമായ ഒരു വിഭാഗമായി രൂപം പ്രാപിച്ചു. ഇന്ന് കേരളത്തില്മിക്കയിടങ്ങളിലും ഇത് കൃഷിചെയ്തു വരുന്നു. ഇലകളുടെ മധ്യഭാഗത്തുള്ള രൂപം മാറിയ പൂന്തണ്ടാണ് നാം പച്ചക്കറിയായി ഉപയോഗിക്കുന്നത്.
ഉരുളക്കിഴങ്ങ്
ശീതകാല കിഴങ്ങു വർഗത്തില്‍പ്പെട്ട വിളയാണ് ഉരുളക്കിഴങ്ങ്. ഗോതമ്പും അരിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് ആഹാരമായി ഉപയോഗിക്കുന്ന വിളയാണ് ഉരുളക്കിഴങ്ങ്. ഭൂകാണ്ഡമാണ് ഉരുളക്കിഴങ്ങ്. തെക്കേ അമെരിക്കയിലെ ചിലിയാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം.
കാരറ്റ്
കാരറ്റ് ഒരു ദ്വിവര്ഷിസസ്യമാണ്. ആഹാരം സംഭരിച്ചു വീര്‍ത്ത ചെടിയുടെ തായ്വേരാണ് കാരറ്റ് കിഴങ്ങ്. ഓറഞ്ച് നിറമുള്ള കിഴങ്ങുകളില്‍ കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യശരീരത്തില്‍ വച്ച് വിറ്റാമിന്‍ എ ആയി രൂപാന്തരപ്പെടുന്നു. അഫ്ഗാനിസ്ഥാന് പ്രദേശമാണ് കാരറ്റിന്റെ ജന്മദേശം.
ബീറ്റ്റൂട്ട്
ബ്രിട്ടിഷ് കടല്‍ത്തീരങ്ങളാണ് ബീറ്റ്റൂട്ടിന്റെ ജന്മദേശം. ബെറ്റാനിന്‍ എന്നപേരില്‍ അറിയപ്പെടുന്ന നൈട്രജന്‍ അടങ്ങിയ ആതോസയാനിന് എന്ന വർണകമാണ് ബീറ്റ്റൂട്ടിന് കടും രക്തവര്‍ണം നല്‍കുന്നത്.
മരച്ചീനി
മരച്ചീനിയുടെ ജന്മദേശം തെക്കേ അമെരിക്കയാണ്. 14ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ഇത് ഇന്ത്യയിലെത്തിച്ചത്. തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാളാണ് ഇതിനു കേരളത്തില്‍ പ്രചാരം നല്‍കിയത്. 10 -12 മാസമാണ് വിളവെടുപ്പുകാലം. നേരിയതോതില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. തൊലികളഞ്ഞ് കഷണങ്ങളാക്കി പലതവണ കഴുകുമ്പോഴും അവശേഷിക്കുന്ന ഭാഗം തിളയ്ക്കുമ്പോഴും ഇല്ലാതാവും.
ചേന
ചൈനയാണ് ചേനയുടെ ജന്മദേശം. ചേനയുടെ കോശങ്ങളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ഓക്സലേറ്റ് പരലുകളാണ് ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ചേനയുടെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.
ചേമ്പ്
ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യയുമാണ് ചേമ്പിന്റെ ജന്മദേശം എന്നറിയപ്പെടുന്നത്. കിഴങ്ങും തണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്.
മധുരക്കിഴങ്ങ്
ഇതിന്റെ കിഴങ്ങിലടങ്ങിയിട്ടുള്ള അന്നജം വേഗം പഞ്ചസാരയായി മാറുന്നതുകൊണ്ടാണ് മധുരിക്കുന്നത്. മധുരക്കിഴങ്ങെന്ന പേരുവന്നതും അങ്ങനെയാണ്. വള്ളിമുറിച്ചു നട്ടാണ് ഇതുകൃഷിചെയ്യുന്നത്. പഞ്ചസാര ഉല്പാദിപ്പിക്കാനും മധുരക്കിഴങ്ങ് പ്രയോജനപ്പെടുത്തുന്നുണ്ട്.
കൂര്‍ക്ക
കിഴങ്ങു വിളകളിലെ കുഞ്ഞന്‍ എന്നിറിയപ്പെടുന്നു. ചീവക്കിഴങ്ങെന്നും പേരുണ്ട്. ഭൂകാണ്ഡമാണ് വിത്തായും ഭക്ഷ്യവസ്തുവായും ഉപയോഗിക്കുന്നത്.