Published:18 May 2019
നോൺ കഴിക്കുന്നവരുടെ ഇഷ്ടവിഭവങ്ങളിൽ ആദ്യസ്ഥാനത്തുണ്ട് മട്ടൻ വിഭവങ്ങൾ. രുചിയിൽ മാത്രമല്ല മട്ടൻ കേമൻ. ആരോഗ്യദാനത്തിലും മട്ടൻ മുന്നിലുണ്ട്. മട്ടൻ കറിയും മറ്റുമൊക്കെ തയാറാക്കാൻ ബുദ്ധിമുട്ടാണെന്നു കരുതുന്നവർക്കായി ഒരു കൂട്ടം മട്ടൻ രുചികൾ തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണിവിടെ.
മട്ടണ്‍ കറി
ചേരുവകള്‍
ആട്ടിറച്ചി – 800 ഗ്രാം (ചെറുകഷണങ്ങള്‍ ആക്കിയത്), സവാള – ഒന്ന് വലുത് ( കനം കുറച്ചരിഞ്ഞത്)
വെളുത്തുള്ളി – രണ്ട് അല്ലി, പച്ചമുളക് – നാലെണ്ണം ( പൊടിയായരിഞ്ഞത്)
മല്ലിപൊടി – ഒരു ടീ സ്പൂണ്‍, മഞ്ഞള്‍ – അര ടീ സ്പൂണ്‍,
പുളിപിഴിഞ്ഞത് – അരക്കപ്പ്, ഗ്രാമ്പൂ – മൂന്നെണ്ണം
ഇഞ്ചി – രണ്ടര സെന്റിമീറ്റര്‍ നീളത്തില്‍ അരിഞ്ഞത്
ഉണക്കമുളക് – രണ്ടെണ്ണം, ഏലയ്ക്ക – രണ്ടെണ്ണം
ഉപ്പ് – പാകത്തിന്, എണ്ണ – ആവശ്യത്തിന്
വറുത്തരയ്ക്കാന്‍
ഒരു ടേബിള്‍ സ്പൂണ്‍ സവാള അരിഞ്ഞതിട്ട് വറുക്കുക. പൊടിയായരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് മുപ്പതു സെക്കന്‍ഡ് ഇളക്കുക. ഏലയ്ക്ക ചേര്‍ത്തിളക്കുക. ഇവ നന്നായരയ്ക്കുക.
തയാറാക്കുന്ന വിധം
എട്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി, ഇറച്ചി കഴുകി വൃത്തിയാക്കിയതു ചേര്‍ക്കുക. ബ്രൗണ്‍ നിറം ആകുന്നതു വരെ പാകം ചെയ്യുക. അരച്ച മസാലയും ഉപ്പും ചേര്‍ത്തു വയ്ക്കുക. ഒരു പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിച്ച് അതിലേക്കു പകര്‍ന്ന് ഇരുപതു മിനിറ്റ് വേവിക്കുക. ഇറച്ചിവെന്ത് മയം വന്നാല്‍ പുളി പിഴിഞ്ഞ് അതും ചേര്‍ത്തു ചെറുതീയില്‍ വച്ചശേഷം വാങ്ങുക.
മട്ടണ്‍ വെജിറ്റബിള്‍ കറി
ചേരുവകള്‍
ആട്ടിറച്ചി – അരക്കിലോ, സവാള – രണ്ടെണ്ണം, തക്കാളി – 115 ഗ്രാം, തൈര് – ഒരു കപ്പ്
കോളിഫ്ളവര്‍ – 225 ഗ്രാം, ഗ്രീന്‍പീസ് – 50 ഗ്രാം, മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
പാചകഎണ്ണ – ആവശ്യത്തിന്, മല്ലിപൊടി, മല്ലിയില – 10 ഗ്രാം
മുളകുപൊടി – രണ്ടു ടീസ്പൂണ്‍, ഉപ്പ് – പാകത്തിന്, ഇഞ്ചി – ഒരു കഷണം
തയാറാക്കുന്ന വിധം
ഇറച്ചി ചെറുതായി അരിയുക. കോളിഫ്ളവര്‍ ഓരോ പൂക്കളായി അടര്ത്തുക. സവാള നീളത്തില്‍ അരിയുക. ഇഞ്ചി പുറം ചുരണ്ടി ചതയ്ക്കുക. എണ്ണം ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയിട്ട് വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഇഞ്ചി എന്നിവ ചേര്‍ക്കുക. തക്കാളിയും തൈര് നന്നായി അടിച്ചതും ചേര്‍ത്തു വേവിക്കുക. തക്കാളി വെന്താല്‍, കോളിഫ്ളവര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി കോളിഫ്ളവറും ഇറച്ചിയും വേവാന്‍ അനുവദിക്കുക. ഗ്രീന്‍പീസ് ചേര്‍ത്തു ചാറാക്കുക. ചാര് കുറുകി വരണ്ടു തുടങ്ങുമ്പോള്‍, വാങ്ങി മല്ലിയിലയും തക്കാളിക്കഷണങ്ങളും ചേര്‍ത്ത് അലങ്കരിക്കുക.
മട്ടണ്‍ ജോഗന് റോഷ്
ചേരുവകള്‍
എല്ലോടുകൂടിയ ആട്ടിറച്ചി – അരക്കിലോ
കടുകെണ്ണ – നൂറ് എംഎല്
മുളകുപൊടി – രണ്ടു ടീ സ്പൂണ്‍
തൈര് – അരക്കപ്പ്
പെരുഞ്ചീരകപ്പൊടി – രണ്ടു ടീ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒന്നര ടീ സ്പൂണ്‍
പട്ട പൊരിച്ചത് – ഒരു ടീ സ്പൂണ്‍
കായപ്പൊടി – ഒരു നുള്ള്
ഗ്രാമ്പൂ – പത്തെണ്ണം, ഏലയ്ക്ക – രണ്ടെണ്ണം
മസാലയില – രണ്ട്, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
കടുകെണ്ണ ചൂടാക്കി ആട്ടിറച്ചിക്കഷണങ്ങള്‍ ഇട്ട് പത്തു മിനിറ്റ് വറുക്കുക. ബ്രൗണ്‍ നിറം ആകുമ്പോള്‍ മുളകുപൊടിയും തൈരും ചേര്‍ത്തു പത്തു മിനിറ്റ് കൂടി അടുപ്പത്തു വഴറ്റുക. മൂന്ന് കപ്പ് വെള്ളവും ചേര്‍ത്ത് അടച്ച് ഇരുപത്തഞ്ചു മിനിറ്റ് വേവിക്കുക. എല്ലാ ചേരുവകളും ചേര്‍ത്തു പത്തു മിനിറ്റ് ചെറുതീയില്‍ വച്ചു വാങ്ങുക.
മട്ടണ്‍ സ്റ്റൂ
ചേരുവകള്‍
ആട്ടിറച്ചി – കാല്‍ക്കിലോ,
ക്യാരറ്റ് – ഒരെണ്ണം
സവാള – ഒരെണ്ണം,
ചുവന്ന മത്തങ്ങ– 10 ഗ്രാം
ഉരുളക്കിഴങ്ങ് – ഒരെണ്ണം,
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി– ഒരു നുള്ള്,
തക്കാളി സോസ് – കാല്‍ക്കപ്പ്
ഉപ്പ് – പാകത്തിന്,
ഗരംമസാല – ഒരു ടീ സ്പൂണ്‍
പാല് – ഒരു കപ്പ്,
കോണ്‍ഫ്ളോര്‍ – രണ്ടു ടേബിള്‍സ്പൂണ്‍
ഓറഞ്ച് നീര് – ഒരു ഓറഞ്ചിന്റെ പകുതി പിഴിഞ്ഞത്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
വെളുത്തുള്ളി – ആറ് അല്ലി
പച്ചമുളക് – ഒരെണ്ണം
ഇഞ്ചി – ഒരു കഷണം
പുഴുങ്ങിയ മുട്ട, സവാളവളയങ്ങള് – അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
ആട്ടിറച്ചി കഴുകി നീളത്തില്‍ അരിയുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. നെയ്യൊഴിച്ച്, കായം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വറുത്ത് ബ്രൗണ്‍ നിറം ആക്കുക. അതിനുശേഷം ഇറച്ചിയും മൂന്ന് ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ക്കുക. അഞ്ച് മിനിറ്റ് വേവിക്കുക. ഉപ്പും ഗരംമസാലയും ചേര്‍ക്കുക. അടുപ്പത്ത് നിന്നു വാങ്ങുക.
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് ഇറച്ചിയുമായി ചേര്‍ക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് എല്ലാം മൃദുവാകും വരെ വേവിക്കുക. കോണ്‍ഫ്ളോര്‍ ഒരു പാനില്‍ ഇട്ട് നെയ്യും ചേര്‍ത്തു വയ്ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ പാല് ചേര്‍ത്ത് വാങ്ങുക. സ്റ്റൂവിനെ ഗ്ലാസ് ബൗളിലേക്ക് പകര്‍ന്ന് തക്കാളി സോസ് ചേര്‍ക്കുക. അതിനുശേഷം പാല്-കോണ്‍ഫ്ളോര്‍ മിശ്രിതം ഒഴിക്കുക.
Tags :