ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:18 May 2019
ജന്മനാട് വീണ്ടും കാണണമെന്നുള്ള അമ്മയുടെ മോഹം.എന്തു വില കൊടുത്തും ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന മകന്റെ നിശ്ചയദാർഢ്യം.ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുവെയ്പ്പുമായി മുന്നോട്ട് നീങ്ങിയപ്പോൾ മാതൃദിനത്തിൽ ആ വിജയം ചരിത്രത്തിന് വഴിമാറി.
കഥ ആരംഭിക്കുന്നത് നാൽപത് വർഷങ്ങൾക്ക് മുമ്പാണ്.കർണാടകയിൽ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്നു ആലപ്പുഴ സ്വദേശി പൊന്നപ്പൻ.ഇതിനിടെ പരിചയപ്പെട്ട കലബുർഗി സ്വദേശിനി ലക്ഷ്മിയുമായി പ്രണയത്തിലായി.എതിർപ്പുകളെ അവഗണിച്ച് അവർ വിവാഹിതരായി.അവിടെ വെച്ചാണ് മൂത്ത മകൻ പരമേശ്വരനും മകൾ ഉഷയും ജനിക്കുന്നത്.നാളുകൾക്ക് ശേഷം അമ്മയെ കാണാനുള്ള ആഗ്രഹവുമായാണ് പൊന്നപ്പനും ലക്ഷ്മിയും മക്കളെയും കൂട്ടി കേരളത്തിലേക്ക് യാത്ര തിരിച്ചത്.എന്നാൽ കേരളത്തിലെത്തിയ കുടുംബത്തിന് പിന്നീട് തിരിച്ചുപോക്ക് സാധിച്ചില്ല.പൊന്നപ്പൻ കൂലിപ്പണിയുമായി നാട്ടിൽ തന്നെ കൂടി.ഇതിനിടെ ഇളയ മകൻ രാജേഷ് ജനിച്ചു.പതിയെ പതിയെ അവരുടെ ചിന്തകളിൽ നിന്നു പോലും കലബുർഗി അപ്രത്യക്ഷമായി.
പൊന്നപ്പന്റെ മരണശേഷമാണ് സ്വന്തം നാടുകാണാനുള്ള അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് മക്കൾ മനസിലാക്കുന്നത്.പക്ഷേ എവിടെ തുടങ്ങണമെന്നത് സംബന്ധിച്ച് യാതൊരു തുമ്പുമില്ലായിരുന്നു.അന്നത്തെ പത്തൊമ്പതുകാരി ലക്ഷ്മിയുടെ ഓർമകളിലെ കലബുർഗി,കരളഗി എന്നീ സ്ഥലപ്പേരുകൾ മാത്രമാണ് ആകെയുള്ള തുമ്പ്. ആ കച്ചിത്തുരുമ്പിൽ പിടിച്ച് ലക്ഷ്മിയെയും കൂട്ടി ഇളയമകൻ രാജേഷ് ,ഭാര്യ അപർണ,മകൾ അഞ്ചുവയസുകാരി ആർത്രേയ എന്നിവർ അന്വേഷണയാത്ര ആരംഭിച്ചു.
യാത്ര സംബന്ധിച്ച് രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് വഴിയാണ് കർണാടകയിലെ എഡിജിഎമ്മിനെ പരിചയപ്പെടുന്നത്.പ്രതികാര മനോഭാവമുള്ളവരാണ് കലബുർഗിക്കാരെന്ന മുൻധാരണ മൂലം അദ്ദേഹം ഏർപ്പെടുത്തിയ വിശ്വസ്തനായ ഡ്രൈവറുമായി കലബുർഗിയിലെ അന്വേഷണം ആരംഭിച്ചു.നാട്ടിലെത്തിയതോടെ പലരും ലക്ഷ്മിയെ തിരിച്ചറിഞ്ഞു.ആരെയും കണ്ടില്ലെങ്കിലും നാടെങ്കിലും കാണുക എന്നതായിരുന്നു ലക്ഷ്മിയുടെ ആഗ്രഹം.പക്ഷേ അവിടെ കണ്ടെത്തിയത് സഹോദരങ്ങൾ ഉൾപ്പടെയുള്ള രക്തബന്ധങ്ങളെ.പുതുതലമുറ പോലും ലക്ഷ്മിയെന്ന പേര് തിരിച്ചറിഞ്ഞു.ഒരിക്കൽ ഉപേക്ഷിച്ചു പോയതിന്റെ മുറിപ്പാടുകളൊന്നും ഓർമയിൽ സൂക്ഷിക്കാതെ പുതിയ ബന്ധുക്കളെ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു.ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അവർ വിശേഷങ്ങൾ പങ്കുവെച്ചു.
പരമ്പരാഗത കലബുർഗി ആചാരത്തിൽ അവർ രാജേഷിനെയും കുടുംബത്തെയും ബന്ധുക്കളായി സ്വീകരിച്ചു.പരമ്പരാഗത വേഷമണിയിച്ച ശേഷം ഒരു മുറത്തിൽ സമ്മാനമായ വസ്ത്രങ്ങൾ പച്ചരി വിതറി സമ്മാനിച്ചു. സ്ത്രീകൾക്കുള്ള സാരി പ്രത്യേക രീതിയിൽ അണിയിക്കും. പുരുഷന് പ്രതീകാത്മകമായി ഒരു ഷാൾ തൊപ്പി സിന്ദൂരം ഇവ അണിയിക്കും. ശേഷം സമ്മാനങ്ങൾ വാങ്ങി നേരെ വീട്ടിലുള്ള പൂജാമുറിയിൽ ചെന്ന് പ്രാർത്ഥിക്കണം. പൂജാ വിഗ്രഹങ്ങൾ അടുക്കളയിൽ പ്രത്യേകമായി തയാറാക്കിയ സ്ഥലത്താണ്. തിരികെ വന്നു സമ്മാനങ്ങൾ പുതിയ ബന്ധുക്കളും, അതിന് മുകളിലുള്ള പച്ചരി വീട്ടുകാരും എടുക്കേണ്ടതാണ്. അവിടെകൂടിയ പ്രായത്തിൽ കുറവുള്ള മുഴുവൻ പെൺകുട്ടികളും പുതിയ കുടുംബാംഗത്തിന്റെ കാലിൽ സാഷ്ടാംഗം വീണു നമസ്കരിക്കും.ഇതോടുകൂടി ഒരു കുടുംബം എന്ന ബന്ധം അരക്കിട്ടുറയ്ക്കുന്നു.
നാലുപതിറ്റാണ്ടു കാലത്തെ സ്വപ്നം പൂവണിഞ്ഞപ്പോൾ ലക്ഷ്മിയമ്മയ്ക്കും മനസ് നിറയെ സന്തോഷം.അടുത്ത വർഷവും കലബുർഗിയിൽ പോകുമെന്ന ലക്ഷ്മിയമ്മ പറയുന്നു.ബന്ധുക്കളെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.വൈകാതെ അവരെത്തും എന്ന പ്രതീക്ഷയിലാണ് കുടുംബം.